നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | വൈനാള്‍ഡം ഡബിളില്‍ വിജയക്കുതിപ്പില്‍ ഹോളണ്ട്, ഉക്രൈനെ തകര്‍ത്ത് ഓസ്ട്രിയയും പ്രീ ക്വാര്‍ട്ടറിലേക്ക്

  Euro Cup | വൈനാള്‍ഡം ഡബിളില്‍ വിജയക്കുതിപ്പില്‍ ഹോളണ്ട്, ഉക്രൈനെ തകര്‍ത്ത് ഓസ്ട്രിയയും പ്രീ ക്വാര്‍ട്ടറിലേക്ക്

  ഗ്രൂപ്പ് സിയില്‍ ഒമ്പത് പോയിന്റുമായി ഹോളണ്ടും ആറ് പോയിന്റുമായി ഓസ്ട്രിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

  wijnaldum

  wijnaldum

  • Share this:
   യൂറോ കപ്പിലെ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരങ്ങളില്‍ ഹോളണ്ടിനും ഓസ്ട്രിയക്കും ജയം. നിര്‍ണായക മത്സരത്തില്‍ ഉക്രൈനെ തകര്‍ത്തുകൊണ്ട് ഓസ്ട്രിയ നോക്ക്ഔട്ട് സ്റ്റേജിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഓസ്ട്രിയയുടെ ജയം. ക്രിസ്റ്റോഫ് ബോംഗാര്‍ട്ട്‌നറാണ് ഓസ്ട്രിയയുടെ ഗോള്‍ സ്‌കോറര്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് മസിഡോണിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഹോളണ്ട് തകര്‍ത്തിരിക്കുന്നത്. നായകന്‍ വൈനാള്‍ഡം ഇരട്ടഗോളുകളുമായാണ് മത്സരത്തില്‍ തിളങ്ങിയത്. മെംഫിസ് ഡീപേയാണ് ഹോളണ്ടിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. ഗ്രൂപ്പ് സിയില്‍ ഒമ്പത് പോയിന്റുമായി ഹോളണ്ടും ആറ് പോയിന്റുമായി ഓസ്ട്രിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.

   ഗ്രൂപ്പ് സിയില്‍ നടന്ന മത്സരങ്ങളില്‍ ഹോളണ്ടിന് മത്സരം അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് ഹോളണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. അതേസമയം ഓസ്ട്രിയ- ഉക്രൈന്‍ മത്സരം ഇരു കൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു. ഗ്രൂപ്പില്‍ ഉക്രൈനും ഓസ്ട്രിയയും മൂന്ന് പോയിന്റുമായി നില്‍ക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരു ടീമുകളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്. ആവേശകരമായ ഈ മത്സരത്തിന്റെ 21ആം മിനിട്ടില്‍ തന്നെ ഓസ്ട്രിയ ഉക്രൈനെതിരെ ഗോള്‍ നേടി. ക്രിസ്റ്റോഫ് ബോംഗാര്‍ട്ട്‌നറാണ് ഓസ്ട്രിയക്കായി സ്‌കോര്‍ ചെയ്തത്. ഡേവിഡ് അലാബയുടെ കോര്‍ണറാണ് ഗോളിന് വഴിയൊരുക്കിയത്. അതിനുശേഷവും ആദ്യ പകുതിയില്‍ തന്നെ ലീഡ് വര്‍ധിപ്പിക്കാനായി ഓസ്ട്രിയ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭംഗിയായി ഫിനിഷ് ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

   മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഉക്രൈന്‍ താരങ്ങള്‍ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചു. 61ആം മിനിട്ടില്‍ യാര്‍മൊലെങ്കോ എടുത്ത ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ ഡാനിയേല്‍ ബച്മാന്‍ ഗംഭീര സേവിലൂടെ തട്ടിയകറ്റി. അവസാന നിമിഷങ്ങളിലും ഉക്രൈന്‍ താരങ്ങള്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും തന്നെ ഓസ്ട്രിയന്‍ പ്രതിരോധത്തെ മറികടക്കാന്‍ പോന്നവയയായിരുന്നില്ല.

   അതേസമയം നോര്‍ത്ത് മസിഡോണിയ- ഹോളണ്ട് മത്സരത്തില്‍ നോര്‍ത്ത് മസിഡോണിയ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. പത്താം മിനിട്ടില്‍ ട്രിക്കോവ്‌സ്‌ക്കിയിലൂടെ നോര്‍ത്ത് മസിഡോണിയ ആദ്യ ഗോള്‍ നേടിയെങ്കിലും അത് റെഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. എന്നാല്‍ 24ആം മിനിട്ടില്‍ മെംഫിസ് ഡീപേയിലൂടെ ഹോളണ്ട് ആദ്യ ലീഡ് നേടി. ഡോണ്‍യില്‍ മലെന്‍ ആയിരുന്നു ഗോളിന് അവസരമൊരുക്കിയത്. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിട്ട് പിന്നിട്ടപ്പോഴേക്കും ഓറഞ്ച് പട ലീഡുയര്‍ത്തി. ഇത്തവണ ഡച്ച് നായകന്‍ വൈനാള്‍ഡം ആയിരുന്നു ഹോളണ്ടിന്റെ ഗോള്‍ സ്‌കോറര്‍. ആദ്യ ഗോള്‍ നേടിയ മെംഫിസ് ഡീപേയുടെ അസിസ്റ്റിലാണ് ഈ ഗോള്‍ പിറന്നത്. ഏഴ് മിനിട്ടുകള്‍ക്കുള്ളില്‍ വൈനാള്‍ഡം മത്സരത്തിലെ തന്റെ രണ്ടാം ഗോളും നേടി. 73ആം മിനിട്ടില്‍ നോര്‍ത്ത് മസിഡോണിയ പിന്നെയും ഗോള്‍ വല കുലുക്കിയെങ്കിലും അതും ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
   Published by:Sarath Mohanan
   First published:
   )}