• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

വിദഗ്‌ധർ എഴുതിത്തള്ളിയ റഷ്യ കുതിക്കുന്നു


Updated: June 21, 2018, 10:53 AM IST
വിദഗ്‌ധർ എഴുതിത്തള്ളിയ റഷ്യ കുതിക്കുന്നു

Updated: June 21, 2018, 10:53 AM IST

 • സ്വയംഗോളുമായി ഈജിപ്ത് പുറത്തേക്ക്

 • മുന്നു ഗോൾ- ചെറിഷേവ് റൊണാൾഡോയ്ക്കൊപ്പം
 • Loading...

ചരിത്രത്തിലെ ഏറ്റവും ദുർബല റഷ്യൻ ടീം. ആതിഥേയരായതു കൊണ്ടു മാത്രം ലോകകപ്പ് കളിക്കാൻ യോഗ്യത ലഭിച്ചു. കാത്തിരിക്കുന്നത് ദയനീയ പരാജയങ്ങൾ... ഇങ്ങനെ പോയി ലോകകപ്പിനു മുമ്പ് വിദഗ്ധരുടെ വിലയിരുത്തൽ.

അവരെ കുറ്റം പറയാനുമാവില്ല. അത്ര ദയനീയമായിരുന്നു മുന്നൊരുക്കം. കളിച്ച എട്ടു സന്നാഹമൽസരങ്ങളിൽ വിജയം കടാക്ഷിച്ചത് ഒരിക്കൽ മാത്രം. നാലു തോൽവിയും മൂന്നു സമനിലയുമായിരുന്നു ബാക്കിപത്രം! സ്വാഭാവികമായും നിരീക്ഷകർ നിഷ്കരുണം എഴുതിത്തള്ളി.

ടൂർണമെന്റ് തുടങ്ങിയതോടെ കളം മാറി, കളിയും. ആദ്യ രണ്ടു മൽസരവും ജയിച്ച് പ്രീക്വാർട്ടറിന്റെ പടിക്കൽ നിൽക്കുകയാണ് റഷ്യ. സ്വപ്നസമാനമാണ് ഇതുവരെയുള്ള പ്രകടനം.

ചൊവ്വാഴ്ച രാത്രി സെയിന്റ് പീറ്റേഴ്സ്ബർഗിൽ മുഹമ്മദ് സലയുടെ ചിറകിലേറി വന്ന ഫറവോമാരെ റഷ്യ പറപ്പിച്ചത് 3-1ന്. അര നൂറ്റാണ്ടിനു ശേഷമാണ് റഷ്യക്കാർ ആദ്യ രണ്ടു മൽസരവും ജയിക്കുന്നത്. റഷ്യയെന്ന പേരിൽ ആദ്യവും! 1966ൽ സോവിയറ്റ് യൂണിയൻ ആയിരുന്നപ്പോഴായിരുന്നു ഇതിനു മുമ്പത്തെ കുതിപ്പ്.

തുടർച്ചയായ രണ്ടാം തോൽവിയോടെ ഈജിപ്തിന്റെ വഴി അടഞ്ഞു കഴിഞ്ഞു.

ഉദ്ഘാടനമൽസരത്തിൽ സൗദി അറേബ്യയെ 5-1നു തകർത്തിടത്തു നിന്നാണ് റഷ്യ ചൊവ്വാഴ്ച തുടങ്ങിയത്. ഗോളടിക്കാൻ രണ്ടാം പകുതി വരെ കാക്കേണ്ടി വന്നു എന്നു മാത്രം. അതേസമയം ബോൾ പൊസെഷനിൽ (49 – 51) ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്ന ഈജിപ്ത് റഷ്യയുടെ 13ന് എതിരെ 11 വട്ടം ഗോൾ വലയ്ക്കു നേരെ ഷോട്ടും ഉതിർത്തു. പക്ഷേ ലക്ഷ്യം കാണുന്നതിൽ മാത്രം പരാജയപ്പെട്ടു.

നാൽപ്പത്തിയേഴാം മിനിറ്റിൽ ആതിഥേയർക്ക് ഗോൾ സമ്മാനിച്ചത് ഈജിപ്ത്! സോബ്നിന്റെ ഒരു മോശം ഷോട്ട്. വിഫലമാവുമെന്നു കാണികൾ ഉറപ്പിച്ചു. അപ്പോഴതാ വരുന്നു ഈജിപ്ത് നായകൻ അഹമ്മദ് ഫാതിയുടെ കാലുകൾ. നായകന്റെ കാലിൽ തട്ടി ഗതി മാറിയ പന്ത് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക്. സ്വയം ഗോളടിക്കാൻ ടീമുകൾ മൽകരിക്കുന്ന 2018 ലോകകപ്പിലെ അഞ്ചാം സ്വയംഗോൾ!

ലീഡ് നേടിയതോടെ ഗിയർ മാറ്റി റഷ്യൻ പട കുതിപ്പു തുടങ്ങി. 12 മിനിറ്റിനു ശേഷം ഫെർണാണ്ടസിന്റെ മനോഹരമായ നീക്കം. വലതുവശത്ത് മനോഹരമായി ഇടം കണ്ടെത്തി മധ്യത്തിലേക്ക് ഒരു കട്ട്. ഉഗ്രൻ സെറ്റപ്പ്. ചെറിഷേവ് നിറയൊഴിച്ചു. പാളിയില്ല. ടൂർണമെന്റിൽ ചെറിഷേവിന്റെ മൂന്നാം ഗോൾ. ഗോൾഡൻ ബൂട്ടിനായുള്ള മൽസരത്തിൽ റൊണാൾഡോയ്ക്കൊപ്പം.

റഷ്യയുടെ കേക്കിൽ ഐസിംഗുമായി റഷ്യൻ സ്ട്രൈക്കർ അർച്യൂം ദ്സ്യൂബയുമെത്തി. 62-ാം മിനിറ്റിൽ കുച്യേപോവ് നൽകിയ പന്തുമായി കുതിച്ച ദ്സ്യൂബ ഈജിപ്ത് പ്രതിരോധനിരയിലെ അലി ഗബാറിനെ വെട്ടിച്ച് ഷോട്ടുതിർത്തു. ഗോളി മുഹമ്മദ് എൽ ഷെനാവി നിഷ്പ്രഭനായി (3-0).

എഴുപത്തിമൂന്നാം മിനിറ്റിൽ ബോക്സിനുള്ളിൽ മുഹമ്മദ് സലയെ മറിച്ചിട്ട് റഷ്യൻ പ്രതിരോധനിര റിട്ടേൺ ഗിഫ്റ്റും സമ്മാനിച്ചു. പലപ്പോഴും ലക്ഷ്യമില്ലാതെ അലഞ്ഞ ഈജിപ്ഷ്യൻ സൂപ്പർ സ്റ്റാർ കിട്ടിയ പെനൽറ്റി പാഴാക്കിയില്ല. (1-3). അവിടെ തീർന്നു ഫറവോമാരുടെ ആശ്വാസം.

ഇനി ചർച്ച റഷ്യയിലേക്ക്? താളം കണ്ടെത്തിയ റഷ്യ എവിടെ വരെ പോകും. പ്രവചനങ്ങൾ തകർത്തെറിഞ്ഞ് നെറുകയിലേക്ക് കുതിക്കുമോ? ക്ളൈമാക്സ് എന്താവും. സസ്പെൻസ് തുടരുന്നു. കാത്തിരിക്കാം.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...