• HOME
  • »
  • NEWS
  • »
  • sports
  • »
  • ആദ്യ ലോകകപ്പ് നേടാൻ അര്‍ജന്റീനയെ സഹായിച്ച പാക് ഹോക്കി താരം അബ്ദുള്‍ വഹീദ് ഖാൻ ജനിച്ചത് ഭോപ്പാലിൽ

ആദ്യ ലോകകപ്പ് നേടാൻ അര്‍ജന്റീനയെ സഹായിച്ച പാക് ഹോക്കി താരം അബ്ദുള്‍ വഹീദ് ഖാൻ ജനിച്ചത് ഭോപ്പാലിൽ

പാകിസ്ഥാൻ ഹോക്കി മാനേജറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അന്ന് അർജന്റീന കപ്പിൽ മുത്തമിട്ടതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന കഥ.

  • Share this:

    ദോഹ: ഖത്തർ ലോകകപ്പ് നേടി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് അർജന്റീന. ഇതിനെ തുടർന്ന് അർജന്റീനയുടെ ഇതുവരെയുള്ള ലോകകപ്പ് വിജയങ്ങളുടെ കഥകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇതിൽ 1978ൽ അർജന്റീന കപ്പ് നേടിയ കഥയാണ് ശ്രദ്ധേയമാകുന്നത്. ഒരു പാകിസ്ഥാൻ ഹോക്കി മാനേജറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അന്ന് അർജന്റീന കപ്പിൽ മുത്തമിട്ടതെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന കഥ.

    ഡാനിയേൽ പാസറെല്ലയാണ് അന്ന് അർജന്റീനയെ നയിച്ചത്. നെതർലാന്റ്‌സിനെ പരാജയപ്പെടുത്തിയാണ് അന്ന് അർജന്റീന കപ്പ് നേടിയത്. അന്ന് ടീമിന്റെ ഫുട്‌ബോൾ മാനേജറായിരുന്ന സീസർ മെനോട്ടിയെ വളരെയധികം സ്വാധീനിച്ച ഒരു പാകിസ്ഥാൻ ഹോക്കി മാനേജർ ആയിരുന്നു അബ്ദുൾ വഹീദ് ഖാൻ. അതേവർഷം നടന്ന ഹോക്കി വേൾഡ് കപ്പിൽ വിജയം നേടിയ ടീമിനെ നയിച്ചതും വഹീദ് ഖാന്റെ തലച്ചോറായിരുന്നു. മുൻ ഹോക്കിതാരം കൂടിയായിരുന്നു വഹീദ് ഖാൻ.

    1978ൽ നടന്ന ഹോക്കി വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ചത് അർജന്റീന തന്നെയായിരുന്നു. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ച ടീമായിരുന്നു പാകിസ്ഥാൻ. 35 ഗോളുകൾ നേടിയ ടീം അതുവരെയുണ്ടായിരുന്ന സകല റെക്കോർഡും തകർത്താണ് വിജയം കരസ്ഥമാക്കിയത്. ടീമിനെ നയിച്ചത് ആകട്ടെ അബ്ദുൾ വഹീദ് ഖാൻ എന്ന മുൻ ഹോക്കി താരവും.

    Also read-ലോകകപ്പ് ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഫ്രഞ്ച് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം

    ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അന്നത്തെ അർജന്റീനിയൻ ഫുട്‌ബോൾ മാനേജറായിരുന്ന സീസർ മെനോട്ടി പാകിസ്ഥാന്റെ മത്സരം കാണുന്നത് പതിവാക്കി. അവരുടെ മത്സരത്തിന്റെ രീതികൾ, ടെക്‌നിക്കുകൾ, പരിശീലനം എന്നിവയെപ്പറ്റിയെല്ലാം വളരെ വ്യക്തമായി മെനോട്ടി പഠിക്കുകയും ചെയ്തു.

    കൂടാതെ ഡബിൾ അറ്റാക്കിംഗ് എന്ന സ്ട്രാറ്റജിയാണ് അന്ന് പാകിസ്ഥാൻ ഹോക്കി ടീം ഉപയോഗിച്ചിരുന്നത്. അതേപ്പറ്റിയും മെനോട്ടി വഹീദ് ഖാനുമായി ചർച്ച ചെയ്തിരുന്നു. ഇതിന്റെയെല്ലാം ഫലമാണ് 1978ലെ അർജന്റീനിയൻ വിജയം. തീർന്നില്ല. വിജയത്തിന് ശേഷം മെനോട്ടി അബ്ദുൾ വഹീദ് ഖാന് നന്ദിയറിയിച്ചുകൊണ്ട് ഒരു സന്ദേശമയയ്ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ ഹോക്കി ടീമിന്റെ വിജയതന്ത്രം തനിക്കും തന്റെ ടീമിനും വിജയം കൈവരിക്കാൻ സഹായിച്ചുവെന്നായിരുന്നു മെനോട്ടി വഹീദ് ഖാന് അയച്ച സന്ദേശം.

    Also read-ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസെമ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

    വഹീദ് ഖാൻ ജനിച്ചത് ഭോപ്പാൽ ജില്ലയിലെ റായ്പൂർ ഗ്രാമത്തിലാണ്. 1949ലാണ് അദ്ദേഹവും കുടുംബവും പാകിസ്ഥാനിലേക്ക് കുടിയേറിയത്. ഒരു ടീമിന്റെ വിജയം മറ്റൊന്നിന് തീർച്ചയായും പ്രചോദനമാകുമെന്നതിന്റെ ഉദാഹരണമാണ് ഈ കഥയെന്ന് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

    അതേസമയം 2022 ഖത്തർ വേൾഡ് കപ്പിൽ അർജന്റീന ലോകചാമ്പ്യന്മാരായിരിക്കുകയാണ്. ലയണൽ മെസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അർജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഇനി ഒരു ലോകകപ്പ് കളിക്കാൻ മെസി എന്ന മജീഷ്യൻ അർജന്റീനയ്ക്കായി എത്തില്ല. ഫൈനലിൽ അർജന്റീന ഫ്രാൻസിനെ പരാജയപ്പെടുത്തുമ്പോൾ മുന്നിൽ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞത് മെസി ആണ്.

    Published by:Sarika KP
    First published: