• HOME
 • »
 • NEWS
 • »
 • sports
 • »
 • Indonesia | ഇന്തോനേഷ്യൻ ഫുട്ബോൾ മൈതാനം എങ്ങനെ ചോരക്കളമായി; ദുരന്തത്തിന് പിന്നിൽ

Indonesia | ഇന്തോനേഷ്യൻ ഫുട്ബോൾ മൈതാനം എങ്ങനെ ചോരക്കളമായി; ദുരന്തത്തിന് പിന്നിൽ

കളിക്കാർക്കും ഫുട്ബോൾ ഉദ്യോഗസ്ഥർക്കും നേരെ ആരാധകർ അക്രമം അഴിച്ച് വിട്ടു. സ്റ്റേഡിയത്തിന് പുറത്തേക്കും അക്രമം വ്യാപിച്ചു.

 • Last Updated :
 • Share this:
  ഇന്തോനേഷ്യയെയാകെ ദുരന്തഭൂമിയാക്കിയിരിക്കുകയാണ് ഒരു പ്രാദേശിക ഫുട്ബോൾ മത്സരം. അക്രമവും ടിയർ ഗ്യാസ് പ്രയോഗവും തിക്കും തിരക്കുമെല്ലാം കാരണം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ലോകത്തെവിടെയും ഇനിയിത് ആവർത്തിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? യഥാർഥത്തിൽ ഫുട്ബോൾ മൈതാനത്ത് എന്താണ് സംഭവിച്ചത്? നമുക്ക് പരിശോധിക്കാം.

  എങ്ങനെയാണ് ഈ ദുരന്തം സംഭവിച്ചത്?

  കിഴക്കൻ ജാവ പ്രവിശ്യയായ മലാംഗ് സിറ്റിയിൽ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ പെർസെബയ സുരബായ എന്ന ടീം 3-2 ന് അരേമ മലംഗിനെ പരാജയപ്പെടുത്തിയതോടെയാണ് എല്ലാത്തിനും തുടക്കമായത്. സ്‌റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഏകദേശം 42000 കാണികളിൽ ബഹുഭൂരിപക്ഷവും അരേമയുടെ ആരാധകരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തർക്കം ഒഴിവാക്കാനായി സുരബായ ആരാധകർക്ക് അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു.

  സ്വന്തം ഗ്രൌണ്ടിൽ നടന്ന മത്സരത്തിലെ തോൽവി അരേമ ആരാധകരെ നിരാശരാക്കി. അവർ കുപ്പിയേറും മറ്റ് അക്രമ പ്രവർത്തനങ്ങളും തുടങ്ങി. കളിക്കാർക്കും ഫുട്ബോൾ ഉദ്യോഗസ്ഥർക്കും നേരെ ആരാധകർ അക്രമം അഴിച്ച് വിട്ടു. സ്റ്റേഡിയത്തിന് പുറത്തേക്കും അക്രമം വ്യാപിച്ചു. പോലീസിൻെറ അഞ്ച് വാഹനങ്ങൾ തീവെച്ച് നശിപ്പിക്കപ്പെട്ടു. സ്റ്റേഡിയത്തിൽ ഫിഫ നിരോധിച്ച കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് അക്രമത്തെ നേരിട്ടത്. കണ്ണീർവാതക പ്രയോഗത്തിൽ നിന്ന് പുറത്ത് കടക്കാൻ ആളുകൾ എക്സിറ്റ് ഗേറ്റിനരികിലേക്ക് നീങ്ങി. അവിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 34 പേരാണ് മരിച്ചത്.

  Also read : ദീപ്തി ശർമ ഇംഗ്ലണ്ട് താരത്തെ പുറത്താക്കിയതിൽ പിഴവുണ്ടോ? റൺ ഔട്ട് വിവാദം

  എത്ര പേരാണ് മരിച്ചത്?

  സ്റ്റേഡിയത്തിൽ നടന്ന ദൌർഭാഗ്യകരമായ സംഭവത്തിൽ 125 പേരെങ്കിലും മരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ഇതിൽ രണ്ട് പോലീസുകാരും കുട്ടികളുമെല്ലാം ഉൾപ്പെടുന്നുണ്ട്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമായതനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പോലീസിൻെറ നിഗമനം.

  എന്ത് കൊണ്ട് ഫുട്ബോൾ മൈതാനത്ത് അക്രമം?

  ഇന്തോനേഷ്യയിലെ ഏറ്റവും ജനപ്രിയമായ കായിക വിനോദമാണ് ഫുട്ബോൾ. ഇതിൽ ആഭ്യന്തര ലീഗ് മത്സരങ്ങളാണ് ഏറ്റവും കൂടുതൽ പേ‍ർ കാണുന്നത്. പെർസിജ ജക്കാർത്തയും പെർസിബ് ബന്ദൂങ്ങും തമ്മിലുള്ള ത‍ർക്കം കുപ്രസിദ്ധമാണ്. ഇരു ക്ലബ്ബുകളുടെയും ആരാധകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

  ഇന്തോനേഷ്യൻ ഫുട്ബോൾ ലോകത്തെ മോശം പ്രവണതകൾക്കെതിരെ ഫിഫ പല തവണ ഇടപെടേണ്ടി വന്നിട്ടുണ്ട്. 2019 ൽ മലേഷ്യക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്തോനേഷ്യൻ ആരാധകർ അക്രമം നടത്തിയിരുന്നു. മലേഷ്യയുടെ കായിക മന്ത്രിയെ സ്റ്റേഡിയത്തിൽ നിന്ന് മാറ്റേണ്ടതായും വന്നിരുന്നു. ക്വാലാലംപൂരിൽ നടന്ന മത്സരത്തിൽ ഇന്തോനേഷ്യൻ ആരാധകർ തീവെപ്പും കുപ്പിയേറുമൊക്കെ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഇന്തോനേഷ്യൻ ഫുട്ബോളിനെ കുപ്രസിദ്ധിയിലേക്ക് നയിച്ചിട്ടുള്ള കാര്യങ്ങളാണ്.

  ഫുട്ബോൾ മൈതാനത്തുണ്ടായ ദുരന്തത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അഗാധമായ ദുഖം രേഖപ്പെടുത്തുകയും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പ്രീമിയർ സോക്കർ ലീഗ് താൽക്കാലികമായി നിർത്തിവയ്ക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. കർശന നിയന്ത്രണങ്ങളോടെ മാത്രമേ ഇനി മത്സരങ്ങൾ നടത്തുകയുള്ളൂ. ഇന്തോനേഷ്യൻ ഫുട്ബോൾ ലോകത്തെ അവസാനത്തെ ദുരന്തമായിരിക്കും ഇതെന്നും പ്രസിഡൻറ് പറഞ്ഞു. അതിക്രമങ്ങൾ അവസാനിപ്പിക്കാൻ സമഗ്രമായ മാറ്റത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
  Published by:Amal Surendran
  First published: