നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഫൈനലില്‍ ഗോള്‍ അടിച്ചത് പോലെയായിരുന്നു അവന്റെ ആഘോഷം', റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനവുമായി ഹംഗറി കോച്ച്

  'ഫൈനലില്‍ ഗോള്‍ അടിച്ചത് പോലെയായിരുന്നു അവന്റെ ആഘോഷം', റൊണാള്‍ഡോയ്‌ക്കെതിരെ വിമര്‍ശനവുമായി ഹംഗറി കോച്ച്

  'ഞങ്ങള്‍ക്കെതിരെ പെനാല്‍റ്റി നേടിക്കഴിഞ്ഞ് ഫൈനലില്‍ ഗോള്‍ നേടിയത് പോലെയാണ് ക്രിസ്റ്റ്യാനോ ആഘോഷിച്ചത്. ആളുകള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കും.'

  Ronaldo

  Ronaldo

  • Share this:
   പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരെ വിമര്‍ശനങ്ങളുമായി ഹംഗറി കോച്ച് മാര്‍കോ റോസി രംഗത്ത്. റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷത്തിന് എതിരെയാണ് ഹംഗറി ടീം കോച്ച് പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്കെതിരെ പെനാല്‍റ്റി ഗോള്‍ നേടിയതിന് ശേഷമുള്ള ക്രിസ്റ്റ്യാനോയുടെ ആഘോഷം ഫൈനലില്‍ ഗോള്‍ സ്‌കോര്‍ ചെയ്തത് പോലെയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇറ്റാലിയന്‍ മാധ്യമമായ ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍കോ റോസി റൊണാള്‍ഡോയെ വിമര്‍ശിച്ചത്.

   ഇത്തവണത്തെ യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം ഹംഗറിക്കെതിരെ ആയിരുന്നു. അവിടെ 84 മിനിറ്റ് വരെ ഗോള്‍ വഴങ്ങാതെ ഹംഗറി പിടിച്ചു നിന്നെങ്കിലും 87ആം മിനിറ്റില്‍ റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ അവര്‍ ആദ്യ ഗോള്‍ വഴങ്ങി. അതിനു പിന്നാലെ ക്രിസ്റ്റ്യാനോ രണ്ടാമത്തെ ഗോളും അവിടെ ഹംഗറിക്കെതിരെ നേടി. ഹംഗറിക്കെതിരായ പെനാല്‍റ്റി ഗോളോടെ യൂറോ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്‌കോററായി ക്രിസ്റ്റ്യാനോ മാറുകയും ചെയ്തിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ ഹംഗറിയെ തകര്‍ത്തത്. അതിനു ശേഷമാണ് ഹംഗറി കോച്ചിന്റെ പ്രതികരണം.

   'ക്രിസ്റ്റ്യാനോ ഒരു ചാമ്പ്യനാണ്. പക്ഷേ പലപ്പോഴും അദ്ദേഹം അലോസരപ്പെടുത്തുന്നു. ഞങ്ങള്‍ക്കെതിരെ പെനാല്‍റ്റി നേടിക്കഴിഞ്ഞ് ഫൈനലില്‍ ഗോള്‍ നേടിയത് പോലെയാണ് ക്രിസ്റ്റ്യാനോ ആഘോഷിച്ചത്. ആളുകള്‍ ഈ കാര്യങ്ങളെല്ലാം ശ്രദ്ധിക്കും.' മാര്‍കോ റോസി പറഞ്ഞു. തന്റെ സ്വന്തം ടീമിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. 'ഒരുപാട് നാളുകള്‍ ആളുകളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന പ്രകടനമാണ് ഇവിടെ ഹംഗറി കാഴ്ച വെച്ചത്. ഫലം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഞങ്ങള്‍ അടുത്ത റൗണ്ടിലേക്ക് കടക്കുന്നതിന്റെ അടുത്ത് വരെ എത്തിയിരുന്നു. ഏറ്റവും നല്ല കെട്ടുകഥകളില്‍ പോലും സന്തോഷകരമായ അന്ത്യം വിരളമാണ്.'- അദ്ദേഹം പറഞ്ഞു നിര്‍ത്തി.

   അതേസമയം അഞ്ചുഗോളുകള്‍ നേടിയ റൊണാള്‍ഡോയാണ് യൂറോകപ്പിലെ ടോപ്‌സ്‌കോറര്‍മാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ മറ്റൊരു നേട്ടം കൂടി സൂപ്പര്‍ താരം റൊണാള്‍ഡോ കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുടബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറാനിയന്‍ താരം അലി ദേയിയുടെ റെക്കോര്‍ഡിനൊപ്പമാണ് താരമിപ്പോള്‍. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് താരം 109 ഗോളുകളുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അലി ദേയിയുടെ ഒപ്പമെത്തിയത്.

   ഫ്രാന്‍സിനെതിരെ സമനില നേടി പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ പോര്‍ച്ചുഗലിന് ബെല്‍ജിയമാണ് അടുത്ത എതിരാളികള്‍. ഇന്നത്തെ മത്സരത്തിലെ രണ്ട് ഗോളുകളും കൂട്ടി ഈ യൂറോ കപ്പില്‍ റൊണാള്‍ഡോ അഞ്ചു ഗോളുകളാണ് ഇതുവരെ നേടിയത്. തകര്‍പ്പന്‍ ഫോമിലുള്ള താരം പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന് എതിരെ കൂടി ഗോള്‍ നേടിയാല്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഗോള്‍ റെക്കോര്‍ഡ് താരത്തിന് തന്റെ മാത്രം പേരിലാക്കാന്‍ കഴിയും. താരത്തിന്റെ നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ തന്നെ താരം ഈ റെക്കോര്‍ഡ് തിരുത്തിയേക്കാം. ഇതോടൊപ്പം യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോള്‍ നേടുന്ന യൂറോപ്യന്‍ താരം എന്ന റെക്കോര്‍ഡ് കൂടി റൊണാള്‍ഡോ സ്വന്തമാക്കി. 21 ഗോളുകളാണ് താരം ഇതുവരെ ഇരു ടൂര്‍ണമെന്റുകളില്‍ നിന്നും നേടിയത്.
   Published by:Sarath Mohanan
   First published:
   )}