വിരാട് കോഹ്‌ലിയും ഗൗതം ഗംഭീറും ഐപിഎൽ മൽസരത്തിനുശേഷം കൊമ്പുകോർത്തതാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലെയും കളിക്കാർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഐപിഎൽ 2023 സീസണിൽ ഇരു ടീമുകളും രണ്ടാം തവണ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് കോഹ്ലിയും ഗംഭീറും നേർക്കുനേർ വന്നത്. ലഖ്‌നൗ ടീമിന്‍റെ ഉപദേഷ്ടാവാണ് ഗംഭീർ.
അത്യന്തം വശിയേറിയ പോരാട്ടമായിരുന്നു ലഖ്‌നൗ-ബംഗ്ലൂർ മത്സരം. ലഖ്‌നൗവിന്റെ ഇന്നിംഗ്‌സിന്റെ 17-ാം ഓവറിൽ എൽഎസ്ജി പേസർ നവീൻ-ഉൾ-ഹഖുമായി കോഹ്‌ലി വാക്കുതർക്കമുണ്ടായി, അതിനിടെ അമിത് മിശ്രയുമായും കോഹ്ലി ഉടക്കി. ഐപിഎൽ 2023 ലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോർ മത്സരമായിരുന്നു ഇത്. കളിയിൽ ആർസിബി 18 റൺസിന് വിജയിച്ചശേഷമാണ്, വിരാട് കോഹ്ലിലും ഗൗതം ഗംഭീറും മുഖാമുഖം വന്നത്.
ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നറായിരുന്ന ഹർഭജൻ സിങ്. നേരത്തെ ഐപിഎൽ മത്സരത്തിനിടെ മലയാളി താരം ശ്രീശാന്തിനെ തല്ലിയത് അത്യന്തം നാണംകെട്ട പ്രവർത്തിയാണെന്നാണ് ഹർഭജൻ പറയുന്നത്. അത് തരംതാണ പ്രവർത്തിയായിരുന്നു. ഇപ്പോഴും അതിൽ ലജ്ജയുണ്ടെന്ന് ഹർഭജൻ പറഞ്ഞു.
2008-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്‌സും (അന്നത്തെ കിംഗ്‌സ് ഇലവൻ പഞ്ചാബ്) തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഹർഭജൻ എസ്. ശ്രീശാന്തിനെ തല്ലിയത്. ഇത്തരം മര്യാദകെട്ട പ്രവർത്തികൾക്ക് ക്രിക്കറ്റിൽ സ്ഥാനമില്ലെന്നും ഹർഭജൻ പറയുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളായ കോലിയും ഗംഭീറും പിണക്കം ഉപേക്ഷിക്കണമെന്നും ഹർഭജൻ പറഞ്ഞു.
“ഇത് ഇവിടെ അവസാനിക്കില്ല. ആളുകൾ അതിനെക്കുറിച്ച് സംസാരിക്കും, ആരാണ് എന്താണ് ചെയ്തത് എന്ന് തിരിച്ചറിയണം. ഇതുപോലെയൊരു അനുഭവം സ്വന്തമായി അനുഭവിച്ചിട്ടുണ്ട്. 2008-ൽ ഞാനും ശ്രീശാന്തും തമ്മിൽ സമാനമായ ഒരു സംഭവമായിരുന്നു അത്. 15 വർഷങ്ങൾക്ക് ശേഷവും, അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് ഇപ്പോഴും ലജ്ജ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാൻ ചെയ്തത് തെറ്റാണ്,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangalore Royal Challengers, Ipl, IPL 2023, Virat kohli