വിക്കറ്റ് കീപ്പിംഗ് എന്നത് എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതല്ല. പ്രത്യേകമായ കഴിവും പരിശീലനവും അതിന് ആവശ്യമാണ്. മത്സരത്തിനിടെ ചിലപ്പോഴെങ്കിലും വിക്കറ്റ് കീപ്പര്‍ക്ക് പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. കീപ്പിംഗില്‍ ഒട്ടും പരിചയമില്ലാത്തവരും ഈ സാഹചര്യത്തില്‍ ചിലപ്പോള്‍ കീപ്പിംഗ് ഏറ്റെടുക്കേണ്ടി വരുന്നു.
2015 ല്‍ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന മത്സരത്തിനിടെ ഇന്ത്യന്‍ ടീമിനും മറ്റൊരു കീപ്പറെ കണ്ടത്തേണ്ടി വന്നിരുന്നു. ക്യാപ്റ്റന്‍ കൂടിയായിരുന്ന മഹേന്ദ്ര സിംഗ് ധോണിക്ക് ശുചിമുറിയില്‍ പോകേണ്ടി വന്നതിനാല്‍ ഒരു ഓവറിന് വേണ്ടിയാണ് മറ്റൊരു താല്‍ക്കാലിക കീപ്പറെ കണ്ടെത്തേണ്ടി വന്നത്. വിരാട് കോഹ്ലിയാണ് അന്ന് കീപ്പറിന്റെ ചുമതല ഏറ്റെടുത്തത്. പകരക്കാരനായി മറ്റൊരു കീപ്പറെ ഇറക്കാന്‍ ഫീല്‍ഡ് അമ്പയറിന്റെ അനുവാദം ലഭിക്കാത്ത അവസരത്തില്‍ ടീമിലെ മറ്റൊരാളെ തന്നെ കീപ്പിംഗ് ഏല്പ്പിക്കേണ്ടതിനാലാണ് കോഹ്ലിക്ക് ഇങ്ങനെയൊരു ഉത്തരവാദിത്വം വന്ന് ചേര്‍ന്നത്. പേസ് ബോളര്‍ ഉമേഷ് യാദവിന്റെ ഓവറിലാണ് ധോണിക്ക് പകരം അന്ന് കോഹ്ലി കീപ്പിംഗ് ഏറ്റെടുത്തത്.
അടുത്തിടെ സഹതാരം മായങ്ക് അഗര്‍വാളുമായി സംസാരിക്കുന്നതിനിടെ അന്നത്തെ കീപ്പിംഗ് അനുഭവത്തെ കുറിച്ച് കോഹ്ലി വിവരിച്ചു. ''വിക്കറ്റ് കീപ്പര്‍ മാരെ സബന്ധിച്ചിടത്തോളം മത്സരം എത്ര ബുദ്ധുമുട്ടേറിയതാണ് എന്ന കാര്യം ഞാന്‍ അന്ന് മനസിലാക്കി. കീപ്പറെന്ന നിലയില്‍ ധോണിക്ക് ഓരോ ബോളിലും അതിയായ ശ്രദ്ധ നല്‍കേണ്ടതും ശേഷം ഫീല്‍ഡിംഗ് ശരിയായി ക്രമീകരിക്കേണ്ടതുമുണ്ടായിരുന്നു'' കോഹ്ലി പറഞ്ഞു.
കീപ്പറായുള്ള ഓവര്‍ രസകരമായിരുന്നു എന്ന് പറഞ്ഞ കോഹ്ലി തന്നെ അലട്ടിയിരുന്ന ഭയത്തെക്കുറിച്ചും തുറന്ന് പറഞ്ഞു.'' ഉമേഷ് യാദവിന്റെ ബോള്‍ തന്റെ മുഖത്ത് കൊള്ളുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഉമേഷ് യാദവ് ഫാസറ്റ് ബോളര്‍ ആയതിനാല്‍ തന്നെ അതിനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാല്‍ കീപ്പിംഗ് ചെയ്യുന്ന സമയത്ത് ഹെല്‍മറ്റ് ധരിക്കില്ലെന്ന് ഞാന്‍ ഉമേഷിനോട് പഞ്ഞു. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നാണക്കേടാകുമെന്ന് എനിക്ക് തോന്നി'' കോഹ്ലി വിശദീകരിച്ചു.
ഇന്ത്യയുടെ എക്കലാത്തെയും മികച്ച വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമാണ് മഹേന്ദ്ര സിംഗ് ധോണി. 2007 മുതല്‍ 2017 വരെ പരിമിത ഓവര്‍ ക്രിക്കറ്റിന്റെയും 2008 മുതല്‍ 2014 വരെ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. ഏകദിന ലോകകപ്പും, ടി20 ലോകകപ്പും ഇന്ത്യക്കായി നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് ധോണി. വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ധാരാളം റെക്കോര്‍ഡുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലുള്ള ധോണിയുടെ കൗശലത്തെ പല പ്രമുഖ താരങ്ങളും പുകഴ്ത്താറുണ്ട്.
ധോണിയുടെ കീഴില്‍ ഉയര്‍ന്നു വന്ന താരമാണ് വിരാട് കോഹ്ലി. ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായ കോഹ്ലി ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റനുമാണ്. 2017 ലാണ് ധോണിയില്‍ നിന്നും കോഹ്ലി നായക സ്ഥാനം ഏറ്റെടുക്കുന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തുന്ന താരത്തിന് പക്ഷെ ഒരു ഐസിസി കിരീടം ഇതുവരെ നേടാനായിട്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.