• HOME
 • »
 • NEWS
 • »
 • sports
 • »
 • 'ടീമിന് മികച്ചത് എന്ന് തോന്നിയതാണ് ഞാൻ ചെയ്തത്' - ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ടീം സെലക്ഷനെ ന്യായീകരിച്ച് പെപ് ഗ്വാർഡിയോള

'ടീമിന് മികച്ചത് എന്ന് തോന്നിയതാണ് ഞാൻ ചെയ്തത്' - ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ടീം സെലക്ഷനെ ന്യായീകരിച്ച് പെപ് ഗ്വാർഡിയോള

പോർട്ടോയിൽ വെച്ചു നടന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസി, മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയത്.

പെപ് ഗ്വാർഡിയോള

പെപ് ഗ്വാർഡിയോള

 • Last Updated :
 • Share this:
  ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് തോൽപ്പിച്ച് ചെൽസി ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി. ഫൈനലിൽ സിറ്റിക്കെതിരെ സമ്പൂർണ മേധാവിത്വം പുലർത്തിയാണ് ചെൽസി വിജയം നേടിയത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാർ എന്ന പകിട്ടോടെ മത്സരത്തിലേക്ക് വന്ന സിറ്റിക്ക് പക്ഷേ ഇന്നലെ അവർക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. അവരുടെ കുന്തമുനായായ ബെൽജിയൻ താരം കെവിൻ ഡിബ്രൂയിനെ പരുക്കേറ്റ് പുറത്തായതും അവർക്ക് തിരിച്ചടിയായി.

  ഫൈനലിൽ ചെൽസിക്കെതിരെ അണിനിരന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ടീം സെലക്ഷൻ ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിർണായകമായ മത്സരമായിരുന്നിട്ട് പോലും ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ ഇല്ലാതെയായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇന്നലെ കളിക്കാൻ ഇറങ്ങിയത്. ഫുട്ബോൾ എന്ന കളിയിൽ അതിപ്രധാനമായ ഈ പൊസിഷനിൽ കളിക്കുന്ന ഒരു താരത്തെ ഇറക്കാതിരുന്നത് സിറ്റിയുടെ പ്രതിരോധത്തെ പ്രകടമായി തന്നെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ സിറ്റി പരിശീലകനായ ഗ്വാർഡിയോള ഇതിൻ്റെ പേരിൽ വലിയ വിമർശനത്തിനാണ് വിധേയമായത്.

  പ്രതിരോധത്തേക്കാൾ മുന്നേറ്റത്തിന് കൂടുതൽ പ്രധാന്യം നൽകിക്കൊണ്ടായിരുന്നു ഫൈനൽ മത്സരത്തിൽ പെപ് ടീമിനെ തിരഞ്ഞെടുത്തത്. കെവിൻ ഡി ബ്രൂയിനെ, റഹീം സ്റ്റെർലിംഗ്, ബെർണാഡോ സിൽവ, റിയാദ് മഹ്റെസ്, ഫിൽ ഫോഡൻ, ഇൽകേ ഗുണ്ടോഗൻ എന്നിങ്ങനെ മുന്നേറ്റ നിരയിൽ കളിക്കുന്ന താരങ്ങൾ എല്ലാം ഒപ്പം അണിനിരന്നു. ആക്രമണത്തിന് മുൻ തൂക്കം കൊടുത്തു കൊണ്ടുള്ള ഈ ടീം തിരഞ്ഞെടുപ്പ് ടീമിന്റെ പ്രതിരോധത്തെ ബാധിച്ചെന്ന് മാത്രമല്ല ഇത്രയധികം ആക്രമണ സ്വഭാവമുള്ള കളികാരുണ്ടായിട്ടും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെടുകയും ചെയ്തു. കാരണം മറുവശത്ത് ചെൽസി പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇത് സിറ്റിക്ക് മികച്ച ആക്രമണങ്ങൾ മെനയുന്നതിൽ തടസ്സമായി.

  Also Read- യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്; മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത് എതിരില്ലാത്ത ഒരു ഗോളിന്

  എന്നാൽ ഫൈനൽ മത്സരത്തിലെ തോൽവിക്ക് ശേഷം തന്റെ ടീം സെലക്ഷനെ ന്യായീകരിച്ച് ഗ്വാർഡിയോള‌‌ രംഗത്തെത്തി. ടീമിന് മത്സരം ജയിക്കാൻ ആവശ്യം എന്തെന്ന് തോന്നിയോ അതിനനുസരിച്ചാണ് താൻ ടീം സെലക്ഷൻ നടത്തിയത്.
  "മത്സരം ജയിക്കാനുള്ള ഏറ്റവും മികച്ച സെലക്ഷനാണ് ഞാൻ നടത്തിയത്. കളിക്കാർക്ക് അത് അറിയാം. ഇന്നത്തെ മത്സരത്തിൽ ഗുണ്ടോഗൻ മികച്ച രീതിയിൽ തന്നെ കളിച്ചു. അദ്ദേഹം അസാധാരണമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഇതൊരു കടുപ്പമേറിയ കളിയായിരുന്നു. കളിക്കിടെ ഞങ്ങൾക്ക് ഒരുപാട് മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു.'' വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ ഗ്വാർഡിയോള വ്യക്തമാക്കി.

  അതേ സമയം പോർട്ടോയിൽ വെച്ചു നടന്ന ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസി, മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയത്. 42ആം മിനുറ്റിൽ കൈ ഹാവർട്സായിരുന്നു ചെൽസിയുടെ വിജയ ഗോൾ സ്കോർ ചെയ്തത്‌. ചെൽസിയുടെ ജെഴ്സിയിൽ താരത്തിൻ്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത് എന്നത് മറ്റൊരു പ്രത്യേകതയായി. ഇരു ടീമുകളും ഒന്നിനൊന്ന് മികച്ച രീതിയിൽ പോരാടി എങ്കിലും മത്സരത്തിൽ കൂടുതൽ മികച്ച് നിന്നത് ചെൽസി ആയിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് മത്സരവും തുടർന്ന് കപ്പും നേടാനായി. ഇന്നലത്തെ മത്സരത്തിലും സിറ്റിയെ ചെൽസി തോൽപ്പിച്ചതോടെ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ അവർ സിറ്റിക്കെതിരെ വിജയം നേടി. തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നമാണ് സിറ്റിക്ക് ഫൈനലിലെ തോൽവിയോടെ നഷ്ടമായത്. ചാമ്പ്യൻസ് ലീഗിൽ തോറ്റതോടെ അവർക്ക് സീസണിൽ ട്രെബിൾ നേട്ടവും നഷ്ടമായി. അതുകൂടാതെ, ഈ സീസണ് ശേഷം സിറ്റിയിൽ നിന്നും വിടപറയുന്ന അവരുടെ സ്ട്രൈക്കറായ അഗ്വേറോക്ക് ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെ ഒരു യാത്രയയപ്പ് നൽകാമെന്ന മോഹവും പൊലിഞ്ഞു.

  Summary- City Manager Pep Gwardiola defends his team selection following the defeat in the Champions league final
  Published by:Anuraj GR
  First published: