എല്ലാ ഐപിഎല്‍ ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന മെഗാ ലേലത്തിന് (Auction) ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഫെബ്രുവരി 12, 13 തീയതികളില്‍ ബെംഗളൂരുവിലാണ് ലേലം നടക്കുന്നത്. ലേലത്തിനായുള്ള 590 താരങ്ങളുടെ അന്തിമപട്ടിക ബിസിസിഐ ഈയിടെ പുറത്തുവിട്ടിരുന്നു.
ഇത്തവണ മെഗാ ലേലത്തില്‍ പങ്കെടുക്കുന്ന കളിക്കാരില്‍ പ്രധാനിയായ ഒരാളാണ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ (Yuzvendra Chahal). 'ഡിആര്‍എസ് വിത്ത് ആഷ്' എന്ന തന്റെ യൂട്യൂബ് ഷോയില്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനുമായുള്ള സംഭാഷണത്തിനിടെ, ആര്‍സിബിയില്‍ തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചഹല്‍. എന്നിരുന്നാലും, മറ്റേതെങ്കിലും ടീമിന് വേണ്ടി കളിക്കുന്നതില്‍ തനിക്ക് പ്രശ്നം ഇല്ലെന്നും, തന്റെ 100 ശതമാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യൂട്യൂബ് ഷോയ്ക്കിടയില്‍ ബിഡ്ഡിംഗ് ഇവന്റില്‍ വാങ്ങാന്‍ നോക്കുന്ന പണത്തെക്കുറിച്ച് അശ്വിന് ചോദിച്ചപ്പോള്‍ തമാശ നിറഞ്ഞ മറുപടിയാണ് ചഹല്‍ നല്‍കിയത്. എനിക്ക് 15 കോടിയോ 17 കോടിയോ വേണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, നിങ്ങള്‍ക്കറിയാമോ, എനിക്ക് 8 കോടി മതി'- ലെഗ് സ്പിന്നര്‍ പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലത്തിന് മുമ്പേ അദ്ദേഹത്തെ നിലനിര്‍ത്താത്തത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. 2014 സീസണ് മുതല്‍ ടീമിന്റെ ബൗളിംഗ് യൂണിറ്റിന്റെ ഒരു പ്രധാന ഭാഗമായിരുന്നു അദ്ദേഹം. ചഹല്‍ ഒരു തെളിയിക്കപ്പെട്ട ടി20 താരമായതിനാല്‍, പല ഫ്രാഞ്ചൈസികളും അദ്ദേഹത്തിന് വേണ്ടി കോടികള്‍ ഇറക്കാന്‍ സാധ്യതയുണ്ട്.
IPL 2022 |ഐപിഎല്‍ സംപ്രേഷണാവകാശം പിടിക്കാന്‍ റിലയന്‍സ് മുതല്‍ ആമസോണ്‍ വരെ; ബിസിസിഐ ലക്ഷ്യമിടുന്നത് 45000 കോടി രൂപ
ഐപിഎല്‍ (IPL) സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ. സോണി സ്പോര്‍ട്സ്, ഡിസ്നി സ്റ്റാര്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ വമ്പന്മാരാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്.
നാല് വര്‍ഷത്തേക്കാണ് ഐപിഎല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. 2023 മുതല്‍ 2027 വരെയാണ് കാലാവധി. മാര്‍ച്ച് അവസാനത്തോട് കൂടി ഇതിനായി ഓണ്‍ലൈന്‍ വഴി ലേലം നടക്കും. ടെന്‍ഡറിനുള്ള ക്ഷണപത്രം ഫെബ്രുവരി 10ഓടെ ഇറക്കുമെന്നാണ് സൂചന.
2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബിസിസിഐക്ക് ലഭിക്കുമെന്നാണ് വിവരം. ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്ചേഴ്സും 10 വര്‍ഷത്തേക്ക് സംപ്രേഷണ കരാര്‍ എടുത്തത് 8,200 കോടി രൂപയ്ക്കായിരുന്നു.
2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 35,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്സിലൂടെ പ്രതീക്ഷിക്കുന്നത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയുടെ പ്രവചനത്തേയും തുക കടത്തി വെട്ടുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Auction, Ipl, Yuzvendra Chahal