ലോര്‍ഡ്സ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഐതിഹാസിക ജയമാണ് വിരാട് കോഹ്ലിയും സംഘവും നേടിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ക്കണ്ടതിന് ശേഷമാണ് ഇന്ത്യന്‍ സംഘം ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് വെന്നിക്കൊടി പാറിച്ചത്. ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ഇംഗ്ലണ്ടിനെ 151 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ടീമിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍. പ്രധാനമായും നായകന് ജോ റൂട്ടിനെയാണ് ചാപ്പല്‍ വിമര്‍ശിച്ചത്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തന്നെയാണ് അവരുടെ വിജയ സാധ്യത കുറച്ചതെന്നും നായകനായി റൂട്ട് പോരെന്ന് വീണ്ടും തെളിഞ്ഞെന്നും ചാപ്പല്‍ പറഞ്ഞു.
'റൂട്ടിന്റെ പ്രധാന പ്രശ്നം അയാള്‍ക്ക് സാഹചര്യത്തെ കുറിച്ച് ഒരു വികാരവുമില്ല എന്നതാണ്. ഇംഗ്ലണ്ട് തങ്ങളെ തന്നെ ഒരു അവസ്ഥയില്‍ എത്തിച്ചു. കാരണം മികച്ച ടീമുകള്‍ക്കെതിരെ റൂട്ട് ശരിയായ ആളല്ല. ആഷസ് പരമ്പരയ്ക്ക് മുമ്പായി ക്യാപ്റ്റനെ മാറ്റുകയെന്നത് നല്ല ആശയമാണ്. പക്ഷേ അദ്ദേഹത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതിലൂടെ നിങ്ങള്‍ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്'- ചാപ്പല്‍ പറഞ്ഞു.
മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും ഇംഗ്ലണ്ട് നായകന് ജോ റൂട്ട് പ്രഖ്യാപിച്ചിരുന്നു. 'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല. പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്ന് ഓര്‍ക്കണം'- ജോ റൂട്ട് പറഞ്ഞു.
വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തില്‍ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണതെന്നും ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയതെന്നും റൂട്ട് സൂചിപ്പിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം എന്നും ജോ റൂട്ട് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര കളിച്ച് നല്ല പരിചയമുള്ള ടീമാണ് ഇംഗ്ലണ്ടെന്നും ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകുമെന്നും ഇംഗ്ലണ്ട് നായകന് വ്യക്തമാക്കി.
ലോര്‍ഡ്സില്‍ ഇന്ത്യന്‍ ടീമിന് ഐതിഹാസിക ജയം സമ്മാനിച്ചപ്പോള്‍ അതില്‍ എടുത്ത് പറയേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും സംഭാവനയാണ്. അഞ്ചാം ദിനത്തില്‍ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യന്‍ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളര്‍മാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
മുഹമ്മദ് ഷമി (52*), അര്‍ധസെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് ജസ്പ്രീത് ബുംറയും (34*) തിളങ്ങി. ഇത്രയും നാള് ഇന്ത്യന്‍ ടീമിന്റെ വാലറ്റത്തെ പഴിച്ചിരുന്ന ആരാധകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് ഇരുവരും ചേര്‍ന്ന് നല്‍കിയത്. ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ഹര്‍ഷാരവങ്ങളോടെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.