നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടി20 ലോകകപ്പ് യു എ ഈയില്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും; സ്ഥിരീകരണവുമായി ഐ സി സി

  ടി20 ലോകകപ്പ് യു എ ഈയില്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും; സ്ഥിരീകരണവുമായി ഐ സി സി

  ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും.

  T20 World Cup

  T20 World Cup

  • Share this:
   കോവിഡ് -19 രോഗവ്യാപനം കാരണം ഇന്ത്യയില്‍ നിന്നും മാറ്റിയ ടി 20 ലോകകപ്പ് യു എ ഈയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. യു എ ഈയിലെ മൂന്ന് വേദികളിലും ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലുമായാണ് മത്സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഒരു അന്തിമ തീരുമാനമെടുക്കാന്‍ ബി സി സി ഐക്ക് ഐ സി സി നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

   ടി20 ലോകകപ്പ് ഞങ്ങള്‍ ഇവിടെ നിന്ന് യു എ ഈയിലേക്കു മാറ്റുകയാണെന്നും ടൂര്‍ണമെന്റിന്റെ തീയതി സംബന്ധിച്ചുള്ള തീരുമാനം ഐ സി സി കൈക്കൊള്ളുമെന്നും ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഐ സി സിയുടെ പ്രസ്താവന. 2021 ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സഈദ് സ്റ്റേഡിയം, ഷാര്‍ജ സ്റ്റേഡിയം, ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

   ലോകകപ്പ് ഇന്ത്യക്ക് പുറത്താണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി സി സി ഐക്ക് തന്നെയായിരിക്കും. യോഗ്യത നേടാന്‍ എട്ട് ടീമുകള്‍ മത്സരിക്കുന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ യു എ ഈയിലും ഒമാനിലുമായാണ് നടക്കുക. ടി20 ലോകകപ്പിലെ ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാണ് നടക്കുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ല്‍ യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാണ് ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍ മത്സരം നടക്കുക. ഉയര്‍ന്ന റൗണ്ട് മത്സരങ്ങള്‍ യു എ ഈയിലെ മൂന്ന് വേദികളില്‍ മാത്രമായാണ് നടക്കുകയെന്നാണ് സൂചനകള്‍.

   ദുബായില്‍ തന്നെ നടക്കുന്ന ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് ശേഷമാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് കോവിഡ് മൂലം നിര്‍ത്തി വെച്ച ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക. ഒക്ടോബര്‍ 15ന് നടക്കുന്ന ഐ പി എല്‍ ഫൈനലിന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഒക്ടോബര്‍ 17ന് ലോകകപ്പിന്റെ ഒന്നാം റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം പിന്നീട് ഇന്ത്യയിലേക്ക് മാറ്റിയത്.
   Published by:Sarath Mohanan
   First published:
   )}