HOME » NEWS » Sports » ICC ANNOUNCES PRIZE MONEY FOR THE WORLD TEST CHAMPIONSHIP WINNERS

WTC Final | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐ സി സി

ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും.

News18 Malayalam | news18-malayalam
Updated: June 15, 2021, 5:44 PM IST
WTC Final | ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐ സി സി
ICC World Test Championship
  • Share this:
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയികള്‍ക്കുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫൈനലില്‍ ജയിക്കുന്ന ടീമിന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസും 16 ലക്ഷം ഡോളറുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് എട്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയായി ലഭിക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റു ഒമ്പത് ടീമുകളില്‍ നിന്ന് മൂന്നാം സ്ഥാനത്തെത്തിയ ടീമിന് 450,000 ഡോളറും, നാലാം സ്ഥാനക്കാര്‍ക്ക് 350,000 ഡോളറും സമ്മാനമായി നല്‍കാന്‍ ഐ സി സി തീരുമാനിച്ചു.

അഞ്ചാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം ഡോളറും ബാക്കി ഒമ്പത് വരെയുള്ള സ്ഥാനക്കാര്‍ക്ക് ഓരോ ലക്ഷം ഡോളര്‍ വീതവും സമ്മാനമായി ലഭിക്കുന്നതാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക ഇരു ടീമുകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള മേസ് കൈവശം വെക്കാന്‍ ഇരു ടീമുകള്‍ക്കും അവകാശമുണ്ടായിരിക്കും. ടെസ്റ്റ് ഫോര്‍മാറ്റ് ആയതിനാല്‍ മല്‍സരം സമനിലയിലോ ടൈയോ ആവാനുള്ള സാധ്യത കൂടുതലാണ്. വിജയിയെ കണ്ടെത്തുന്നത് അനിവാര്യമെന്നിരിക്കെ അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ജേതാവിനെ എങ്ങനെയാവും തിരഞ്ഞെടുക്കുകയെന്നും ഐ സി സി ഈയിടെ വ്യക്തമാക്കിയിരുന്നു.

മല്‍സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കുവയ്ക്കുമെന്നാണ് ഐ സി സി അറിയിച്ചിരിക്കുന്നത്. അതുപോലെ മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ സി സി അറിയിക്കുന്നു. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ റിസര്‍വ്വ് ദിനം ഉപയോഗിക്കുവാനാണ് ഐ സി സി തീരുമാനം.

ക്രിക്കറ്റിലെ നീളം കൂടിയ ഫോര്‍മാറ്റ് ആയ ടെസ്റ്റ് ക്രിക്കറ്റിന് ഇതുവരെയും ഐ സി സിയുടെ ഒരു ടൂര്‍ണമെന്റ് ഉണ്ടായിരുന്നില്ല. നേരത്തെ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനിയാരുന്നു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മേസ് കൈമാറിയിരുന്നത്. പരിമിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ലോകകപ്പ് നടത്തുന്ന ഐ സി സി ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരം കൂട്ടുന്നതിനും കൂടുതല്‍ ടീമുകളെ ടെസ്റ്റിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടി തുടങ്ങിയതാണ് ഈ ചാമ്പ്യന്‍ഷിപ്പ്. ഇപ്പോഴിതാ അതിന്റെ കലാശപ്പോരാട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ജൂണ്‍ 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം നടക്കുന്നത്. നിലവിലെ ടെസ്റ്റ് റാങ്കിങ്ങില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ള ന്യൂസിലന്‍ഡും ഇന്ത്യയും ആണ് കലാശപ്പോരില്‍ ഏറ്റുമുട്ടുക. ഇരു ടീമുകളും അവസാന വട്ട തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോവുകയാണ്.
Published by: Sarath Mohanan
First published: June 15, 2021, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories