ലോഡ്‌സ്: കാത്തിരിപ്പിനു വിരാമം. ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ ഇന്നറിയാം. ഉച്ചക്ക് 3 മണിക്ക് ലോർഡ്സിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ ന്യുസീലൻഡാണ്. ആദ്യ കിരീടം ലക്ഷ്യമിട്ട് ഇരു ടീമും ഇറങ്ങുമ്പോൾ പച്ചപ്പുൽമൈതാനത്ത് കാത്തിരിക്കുന്നത് ആവേശപ്പോരാട്ടമാണ്.
ഇന്ത്യയെ തോല്‍പ്പിച്ച കിവികളും. ഓസീസിനെ തകര്‍ത്ത ഇംഗ്ലീഷുകാരും ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. ആരുജയിച്ചാലും ലോകകിരീടത്തിന് പുതിയ അവകാശി. ഇംഗ്ലണ്ട് ലോകകപ്പില്‍ കലാശം കളിക്കുന്നത് നാലാം തവണയാണ്. 1979 ലും 1987 ലും 1992 ലും തോല്‍ക്കാനായിരുന്നു വിധി. ഇത്തവണ നാട്ടുകാര്‍ക്കുമുന്നില്‍ ചരിത്രം തിരുത്തണം മോര്‍ഗനും കൂട്ടര്‍ക്കും.
കളി തുടങ്ങും മുന്‍പേ ലോകകിരീടം നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട ടീമാണ് ഇംഗ്ലണ്ട്. തുടക്കത്തില്‍ ജയിച്ച് ശീലിച്ച് പിന്നെ തോറ്റ് ഒരുഘട്ടത്തില്‍ സെമിയിലെത്താന്‍ പാടുപെട്ടതാണ്. പക്ഷെ നിര്‍ണായക കളികളില്‍ ജയിച്ചു സെമിയില്‍ കരുത്തരായ ഓസീസിനെ അനായാസം കീഴടക്കിയാണ് വരവ്. സമ്മര്‍ദങ്ങളേതുമില്ലാതെ 107 പന്തുകള്‍ ബാക്കി നില്‍ക്കെ ആധികാരികവിജയമാണ് ഇംഗ്ലീഷ് പട സെമി സ്വന്തമാക്കിയത്.
Also Read: ഇംഗ്ലണ്ടോ ന്യൂസീലന്‍ഡോ ?; ആരായാലും ലോകകപ്പിന് ഇനി പുതിയ അവകാശികള്‍
ബെയര്‍സ്റ്റോയും ജേസന്‍ റോയും ജോ റൂട്ടും മതി എത്ര വലിയ സ്‌കോറുമടിക്കാന്‍. എത്ര വലിയ സ്‌കോറും മറികടക്കാന്‍. ക്യാപ്റ്റന്റെ സമ്മര്‍ദങ്ങളേതുമില്ലാതെ കളിക്കാന്‍ മോര്‍ഗനുമുണ്ട്. ബാറ്റിംഗിനും ബൗളിംഗിനും ആഴം കൂട്ടാന്‍ ബെന്‍ സ്റ്റോക്‌സും ക്രിസ് വോക്‌സുമുണ്ട്. ആര്‍ച്ചര്‍-വുഡ്-പ്ലംഗറ്റ് ഫാസ്റ്റ് ബൗളിംഗ് കോംപിനേഷനും മികവേറെയാണ്. സെമിയില്‍ തിളങ്ങിയ ആദില്‍ റഷീദിനെയും കിവികള്‍ കരുതിക്കളിക്കണം.
ന്യൂസിലന്‍ഡിനിത് രണ്ടാംഫൈനലാണ്. കഴിഞ്ഞതവണ ഓസീസിനോട് പൊരുതാതെ തോറ്റെന്ന നിരാശ മായ്ക്കാന്‍ ജയിക്കണം അവര്‍ക്ക്. ഓപ്പണര്‍മാര്‍ അമ്പേ പരാജയമെന്ന് കലാശത്തിലെങ്കിലും തിരുത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിനത് വലിയ മുന്‍തൂക്കമാകും. കെയ്ന്‍ വില്യംസണെന്ന നെടുംതൂണ് ബുദ്ധികൊണ്ടും കളിമികവുകൊണ്ടും ഇംഗ്ലീഷിന് തടസമുണ്ടാക്കും. റോസ് ടെയ്ലര്‍ മികവുതുടര്‍ന്നാല്‍ മധ്യനിരക്ക് ശക്തി കൂടും.
ടോം ലാതത്തിന്റെ ഫോമില്ലായ്മ പ്രശ്‌നമാണ്. ബാറ്റുകൊണ്ട് വലിയ ഉത്തരവാദിത്വമുണ്ടെന്ന് നീഷാമിനും ഗ്രാന്റ്‌ഹോമിനും ഓര്‍മവേണം. ബൗളിംഗില്‍ ട്രെന്റ് ബോള്‍ട്ട് സ്വിംഗിനെ പഠിച്ചിറങ്ങേണ്ടിവരും ഇംഗ്ലണ്ടിന്. ഫെര്‍ഗ്യൂസന്റെ അതിവേഗതയും മാറ്റ് ഹെന്‍ട്രിയുടെയും സാന്റ്‌നറുടേയും ഫോം തുടര്‍ച്ചയും കൂടിയായാല്‍ കിവികള്‍ക്ക് നല്ല പോരാട്ടം കാഴ്ചവെക്കാം. എന്തൊക്കെപ്പറഞ്ഞുപോയാലും. കളി ഫൈനലാണ്. കരുത്തും കളിമികവും മാത്രംപോര. സമ്മര്‍ദ്ദമില്ലാതെ കളിക്കുക കൂടി വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket