ലോഡ്സ്: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ന്യൂസീലന്‍ഡിനിത്. കെയ്ന്‍ വില്യംസണെന്ന ക്യാപ്റ്റന്റെ മികവില്‍ കിവീസും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമി ഫൈനലില്‍ ഇന്ത്യയെ തോല്പിച്ചതോടെ വലിയ ആത്മവിശ്വാസത്തിലാണ് ന്യൂസീലന്‍ഡ്.
130 കോടിയിലധികം ജനങ്ങളുടെ ആശംസകളുടെയും ആരവങ്ങളുടെയും പിന്‍ബലത്തോടെയെത്തിയ ഇന്ത്യയെ ആണ് കിവികള്‍ സെമിയില്‍ കെട്ടുകെട്ടിച്ചത്. ഫേവറിറ്റുകളല്ല, അതുകൊണ്ടുതന്നെ സമ്മര്‍ദവും കുറവ്. കെയ്ന്‍ വില്യംസണെന്ന നായകനെ ഇഷ്ടപ്പെടാതാരിക്കാന് എതിര് ബൗളര്മാര്ക്കല്ലാതെ ആര്‍ക്കാണ് കഴിയുക. പക്ഷെ ബാറ്റിംഗില്‍ വില്യംസണ് കൂട്ടായി ടെയ്ലര് മാത്രമേ ഉള്ളൂ എന്നത് കിവീസ് ആരാധകര്‍ക്ക് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നില്ല.
Also Read: ICC World cup 2019: 'നേടുമോ മോര്ഗന്'; ചരിത്രം കുറിക്കാന്‍ ഇംഗ്ലീഷ്പ്പട ഇറങ്ങുന്നു
കഴിഞ്ഞ ലോകകപ്പിലെ ടോപ് സ്കോററായിരുന്നു ഓപ്പണര്‍ ഗുപ്റ്റിലെന്ന് പറഞ്ഞാല്‍ അധികമാരും വിശ്വസിക്കാത്ത അവസ്ഥയാണ്. മണ്‍റോയെ മാറ്റി നിക്കോള്‍സിനെ കൂട്ട് നല്‍കിയിട്ടും വലിയ വ്യത്യാസമില്ല. ഗ്രാന്‍ഡ്ഹോം, നീഷാം, സാന്റ്നര്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവിലാണ് പിന്നെ പ്രതീക്ഷ. ഇന്ത്യക്കെതിരെ സാന്റ്നറുടെ സ്പിന്‍ നിര്‍ണായകമായിരുന്നു. മാറ്റ് ഹെന്റി കൂടി ഫോമിലായതോടെ കുറേക്കൂടി അപകടകാരികള്‍ ആയിരിക്കുന്നു ട്രെന്റ് ബോള്‍ട്ടും ലോക്കി ഫര്ഗ്യുസണും.
ലോര്‍ഡ്സിലെ പിച്ചില്‍ പ്രതീക്ഷിക്കുന്ന പിന്തുണ കിട്ടിയാല്‍ പേര് കേട്ട ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തച്ചുതകര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് കിവീസ് സംഘം. ഇന്ത്യയെ തോല്പിച്ച അതേ ടീം തന്നെയാകും ഇന്നുമിറങ്ങുക. ആദ്യ ലോകകപ്പ് മുതല്‍ സെമിയിലെത്തുന്നുണ്ടെങ്കിലും ഇതുവരെ കിരീടം വെല്ലിംഗ്ടണിലേക്കെത്തിയിട്ടില്ല. കഴിഞ്ഞ തവണത്തെ നിരാശ ഇക്കുറി ആവര്‍ത്താതിരിക്കാന്‍ എന്തൊക്കെ ചെയ്യാമോ, അതെല്ലാം പ്രതീക്ഷിക്കാം കിവീസില്‍ നിന്ന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australia Cricket team, England Cricket team, ICC Cricket World Cup 2019, ICC World Cup 2019, New zealand cricket