ടെസ്റ്റ് മത്സരങ്ങളുടെ പ്രചാരം കൂട്ടുക എന്ന ലക്ഷ്യത്തോടെ ക്രിക്കറ്റിലെ ആഗോള ഭരണ സമിതിയായ ഐ.സി.സി. ആരംഭിച്ച ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ പതിപ്പ് അതിൻ്റെ അവസാന പാദത്തിൽ എത്തിയിരിക്കുകയാണ്. അടുത്ത മാസം ജൂൺ 18നാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്.
ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഏറ്റുമുട്ടുക. ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് ശക്തരായ ടീമുകളാണ് ഫൈനലില്‍ വരുന്നത്. അതിനാൽത്തന്നെ ഇരുടീമുകളും കിരീടം നേടുവാൻ തുല്യസാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.
നിഷ്പക്ഷ വേദിയിലാണ് മത്സരമെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ കളിക്കുമ്പോൾ ഫൈനലിൽ ന്യൂസിലൻഡിനാകും മുൻതൂക്കമെന്നാണ് എല്ലാവരും പ്രവചിക്കുന്നത്. പക്ഷേ മറുവശത്ത് ഇന്ത്യയാണ് എതിരാളികൾ എന്നതിനാൽ കിവീസ് ടീമിന് കാര്യങ്ങൾ എളുപ്പമാകില്ല. ടെസ്റ്റ് കിരീടത്തിനു വേണ്ടി ശക്തമായ പോരാട്ടമാകും. ഇരുടീമുകളും മത്സരിക്കുമ്പോൾ ആവേശം അലതല്ലുമെന്ന് ഉറപ്പാണ്.
ടെസ്റ്റ് ഫോർമാറ്റ് ആയതിനാൽ മല്‍സരം സമനിലയിലോ ടൈയോ ആവാനുള്ള സാധ്യത കൂടുതലാണ്. വിജയിയെ കണ്ടെത്തുന്നത് അനിവാര്യമെന്നിരിക്കെ അങ്ങനെ ഒരു സാഹചര്യം വന്നാൽ ജേതാവിനെ എങ്ങനെയാവും തിരഞ്ഞെടുക്കുക എന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരിക്കുകയാണ് ഐ.സി.സി.
മല്‍സരം സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടം പങ്കുവയ്ക്കുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. അതുപോലെ മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം റിസര്‍വ്വ് ദിനത്തില്‍ കളി നടക്കും എന്നും ഐ.സി.സി. അറിയിക്കുന്നു.
ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക. മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാല്‍ റിസര്‍വ്വ് ദിനം ഉപയോഗിക്കുവാനാണ് ഐ.സി.സി. തീരുമാനം. എന്നാൽ ഇതിനെതിരെ വിമർശങ്ങളുമായി ആരാധകരും ക്രിക്കറ്റ് പ്രേമികളും സമൂഹമാധ്യമങ്ങളിൽ രംഗത്തുണ്ട്. മത്സരത്തില്‍ ഒരു ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ ആറാം ദിനമായി റിസര്‍വ്വ് ദിനത്തില്‍ കൂടി കളി തുടരണം എന്നാണ് ആരാധകരുടെ ആവശ്യം. ഈ ആവശ്യങ്ങൾക്കുള്ള ഉത്തരമാണ് ഐ.സി.സി. ഇപ്പോൾ നൽകിയിരിക്കുന്നത്.
ഇതുകൂടാതെ, ക്രിക്കറ്റിലെ വേറെ ചില കാര്യങ്ങളിലും ഐ.സി.സി. പുതിയ നിയമങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഡി.ആര്‍.എസ്. പരിശോധനയുടെ കാര്യത്തിലാണ് പുതിയ നിയമം. ഡി.ആര്‍.എസ്. അപ്പീലിന്റെ കാര്യമെടുത്താല്‍ ബാറ്റ്‌സ്മാന്‍ പുറത്തായ പന്തിൽ, ബാറ്റ് പന്തിൽ തട്ടിയത് യഥാർത്ഥമായാണോ എന്നുള്ളത് ഫീല്‍ഡിങ് ക്യാപ്റ്റനും ഔട്ടായ ബാറ്റ്സ്മാനും അംപയറുമായി ആലോചിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഐ.സി.സി. അറിയിച്ചു. ഫൈനലില്‍ ഏതു തരത്തിള്ള പിച്ചായിരിക്കണം ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞതായും ഐ.സി.സി. വ്യക്തമാക്കി.
ന്യൂസിലന്‍ഡ് ടീം ഇതിനകം തന്നെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടുമായി രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കുന്നതിനു വേണ്ടിയാണിത്. ഇന്ത്യയാവട്ടെ ജൂണ്‍ രണ്ടിനു മാത്രമേ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുകയുള്ളൂ. നിലവില്‍ ഇന്ത്യന്‍ ടീം മുംബൈയിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
Summary: ICC has laid out conditions for World Test Championship Final in June. Accordingly, both teams shall be declared winners if the match ends in a a draw or tie
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Icc, ICC Test Rankings, India vs New Zealand Test Series, India Vs Newzealand