ഇന്റർഫേസ് /വാർത്ത /Sports / Test Championship| ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പുതിയ പോയിന്‍റ് സിസ്റ്റവും മത്സരക്രമവും പുറത്തുവിട്ട് ഐസിസി

Test Championship| ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പുതിയ പോയിന്‍റ് സിസ്റ്റവും മത്സരക്രമവും പുറത്തുവിട്ട് ഐസിസി

ICC World Test Championship

ICC World Test Championship

ടെസ്റ്റിൽ ജയിച്ചാൽ 12 പോയിന്റും, ടൈ ആയാൽ ആറ് പോയിന്റും, സമനിലയായാൽ നാല് പോയിന്റും ലഭിക്കും. ആകെ ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പോയിന്‍റ് പട്ടികയിലെ സ്ഥാനം.

  • Share this:

ടെസ്റ്റ് ക്രിക്കറ്റിന് പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ ഐസിസി തുടക്കമിട്ട ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിന്റെ ഘടന പുറത്തുവിട്ട് ഐസിസി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യത്തെ പതിപ്പ് വൻ വിജയമായതോടെയാണ് ഈ ടൂർണമെന്റ് തുടരാൻ ഐസിസി തീരുമാനമെടുത്തത്. ഇത് പ്രകാരം ഓരോ രണ്ട് വർഷം കൂടുമ്പോൾ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് നടത്തുമെന്ന് ഐസിസി അറിയിച്ചിരുന്നു.

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്‍റ് സിസ്റ്റവും മത്സരക്രമവുമാണ് ഐസിസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആദ്യത്തെ പതിപ്പിൽ പോയിന്‍റ് നിർണയിക്കുന്നതിൽ വിമർശനങ്ങൾ ഉയർന്നിരുന്നതിനാൽ, രണ്ടാം പതിപ്പിലേക്ക് പുതുക്കിയ പോയിന്‍റ് സിസ്റ്റമാണ് ഐസിസി അവതരിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിൽ ജയിച്ചാൽ 12 പോയിന്റും, ടൈ ആയാൽ ആറ് പോയിന്റും, സമനിലയായാൽ നാല് പോയിന്റും ലഭിക്കും. ആകെ ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പോയിന്‍റ് പട്ടികയിലെ സ്ഥാനം.

ഇത് പ്രകാരം ഓരോ പരമ്പരകളിൽ ലഭിക്കാവുന്ന പരമാവധി പോയിന്റുകളുടെ വിവരവും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുടെ പരമ്പരക്ക് 24 പോയിന്റും, മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 36 പോയിന്റും നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് 48 പോയിന്റും അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്ക് 60 പോയിന്റുമാണ് ടീമുകൾക്ക് കിട്ടുക.

ഐസിസി പുറത്തുവിട്ട മത്സരക്രമം പ്രകാരം ഓഗസ്റ്റ് നാലിന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടുന്ന ടെസ്റ്റ് പരമ്പരയോടെയാണ് ടൂർണമെന്റിന് തുടക്കമാവുക. ടൂർണമെന്റിൽ മത്സരിക്കുന്ന ഒമ്പത് ടീമുകൾ ആറ് പരമ്പരകൾ വീതം കളിക്കും. സ്വന്തം നാട്ടിലും വിദേശത്തുമായി നടക്കുന്ന മൂന്ന് വീതം പരമ്പരകൾ. 2023 മാർച്ച് മാസത്തിനുള്ളിലായിരിക്കും ഈ പരമ്പരകൾ എല്ലാം നടക്കുക. മത്സരക്രമത്തിൽ ടൂർണമെന്റിന്റെ ഫൈനലിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.

ഫൈനൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആയിരിക്കണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പരിശീലകനായ രവി ശാസ്ത്രിയും ഉൾപ്പെടെ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഐസിസി തങ്ങളുടെ അഭിപ്രായത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യത്തെ പതിപ്പിലെ ഫൈനൽ ഒറ്റ മത്സര പരമ്പര ആയിരുന്നു. ഇന്ത്യയും ന്യുസിലൻഡും ഏറ്റുമുട്ടിയ ഈ ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ന്യുസിലൻഡ് ആയിരുന്നു കിരീടം ചൂടിയത്.

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ എവേ മത്സരങ്ങളും നടക്കും. ഇതിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടുമായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

First published:

Tags: Icc, India, India Vs England Test series, New Zealand, World Test Championship