നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| ചൂടേറും വില്പന; ഇന്ത്യ - പാക് ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് മണിക്കൂറുകൾക്കുള്ളിൽ

  T20 World Cup| ചൂടേറും വില്പന; ഇന്ത്യ - പാക് ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയത് മണിക്കൂറുകൾക്കുള്ളിൽ

  ഈ മാസം 24ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുന്നത്.

  • Share this:
   ഈ മാസം യുഎഇയിൽ വെച്ച് നടക്കുന്ന ഐസിസി ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടം എന്ന് വിലയിരുത്തപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ക്ക് വൻ ഡിമാൻഡ്. മത്സരത്തിന്റെ ടിക്കറ്റുകൾ വില്‍പ്പനയ്‌ക്കെത്തി മണിക്കൂറുകൾക്കകമാണ് വിറ്റുപോയത്. ഈ മാസം 24ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുന്നത്.

   ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് മുതൽ ഇരുടീമുകളുടെയും ആരാധകർ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇരുവരും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങൾ ഇതുവരെയും ആരാധകർക്ക് ആവേശ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാൽ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഈ ആവേശത്തിന് ഇത്തവണയും ഒരു കോട്ടവും തട്ടിയിട്ടില്ല എന്നതാണ് മത്സരത്തിന്റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയതിൽ നിന്നും വ്യക്തമാകുന്നത്.

   ലോകകപ്പില്‍ 70 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്നു ഐസിസി നേരത്തേ അറിയിച്ചിരുന്നു. 25,000 കാണികളെ ഉള്‍ക്കൊള്ളാവുന്നതാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം. 70 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐസിസി വ്യക്തമാക്കിയതോടെ 18,500 കാണികള്‍ക്കു സ്‌റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ കഴിയും.

   Also read- ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനും ആവേശം പകരാൻ കാണികൾ; സ്റ്റേഡിയത്തിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

   ഇന്ത്യ- പാക് മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ജനറല്‍, ജനറല്‍ ഈസ്റ്റ്, പ്രീമിയം, പവലിയന്‍ ഈസ്റ്റ്, പ്ലാറ്റിനം എന്നിങ്ങനെ പല വിഭങ്ങളായി തിരിച്ചായിരുന്നു വില്‍പ്പനയ്ക്കുണ്ടായിരുന്നത്. ഐസിസിയുടെ വെബ്‌സൈറ്റ് വഴിയായിരുന്നു ടിക്കറ്റ് വില്‍പ്പന നടന്നത്. മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചെന്നു ഐസിസി പ്രഖ്യാപിച്ച്‌ സെക്കന്റുകള്‍ക്കം തന്നെ ക്രിക്കറ്റ് പ്രേമികള്‍ സൈറ്റിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച രാത്രി തന്നെ പ്രീമിയം, പ്ലാറ്റിനം ടിക്കറ്റുകളൊഴികെ മറ്റെല്ലാം വിറ്റു തീര്‍ന്നിരുന്നു. തിങ്കളാഴ്ച രാവിലെ ആയപ്പോഴേക്കും ഇവയും വിറ്റു പോവുകയായിരുന്നു. പ്രീമിയം ടിക്കറ്റിന്റെ വില 30,000 രൂപയില്‍ കൂടുതലും പ്ലാറ്റിനം ടിക്കറ്റിന്റേത് ഏകദേശം 52,500 രൂപയുമായിരുന്നു.

   എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.

   ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

   നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു
   Published by:Naveen
   First published:
   )}