നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |'വിരാട് കോഹ്ലി അസാമാന്യ പ്രതിഭ, ബാബര്‍ അസം അത്രത്തോളം ആയിട്ടില്ല': മുന്‍ പാക് നായകന്‍

    T20 World Cup |'വിരാട് കോഹ്ലി അസാമാന്യ പ്രതിഭ, ബാബര്‍ അസം അത്രത്തോളം ആയിട്ടില്ല': മുന്‍ പാക് നായകന്‍

    ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റായതിനാല്‍ ഇന്ത്യ ഇത്തവണ കോഹ്ലിക്ക് വേണ്ടി കളിക്കുമെന്നാണ് യൂനിസ് ഖാന്റെ അഭിപ്രായം.

    News18

    News18

    • Share this:
      ഐ സി സി ടി20 ലോകകപ്പ്(ICC T20 World Cup) സൂപ്പര്‍ 12 പോരാട്ടങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും ആകര്‍ഷകം ചിരവൈരികളായ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള പോരാട്ടം തന്നെയാണ്. നാളെയാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്ഥാനെ ഒരിക്കലും എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിര്‍ത്താന്‍ ഇന്ത്യയും അത് തിരുത്താന്‍ പാകിസ്ഥാനും ഇറങ്ങുമ്പോള്‍ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.

      ഈ ലോകകപ്പോടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്ലി(Virat Kohli) പറഞ്ഞിരുന്നു. ക്യാപ്റ്റനായി ഐ സി സി കിരീടങ്ങളൊന്നും നേടിയിട്ടില്ലാത്ത കോഹ്ലിക്ക് കിരീടനേട്ടം അഭിമാനപ്രശ്‌നം കൂടിയാണ്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ് ഖാനും (Younis Khan) ഇതുതന്നെയാണ് പറയുന്നത്. ഇന്ത്യ ഇത്തവണ കോഹ്ലിക്ക് വേണ്ടി കളിക്കുമെന്നാണ് യൂനിസ് ഖാന്റെ അഭിപ്രായം.

      'വിരാട് അസാമാന്യ പ്രതിഭയാണ്. ക്രിക്കറ്റര്‍ എന്ന നിലയിലും പുറത്തും യുവാക്കള്‍ക്ക് മാതൃകയാണ് അദ്ദേഹം. മത്സരഫലത്തെ സ്വാധീനിക്കാനുള്ള കഴിവ് അവനുണ്ട്. ഇത്തരത്തില്‍ ഒരു താരത്തെ ലഭിച്ചതില്‍ രാജ്യം അവനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും. ഇത്തവണയും കോഹ്ലി നിരാശപ്പെടുത്തില്ലെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനായുള്ള അവസാന ടൂര്‍ണമെന്റായതിനാല്‍ ഇന്ത്യ അവന് വേണ്ടി കളിക്കും. 2009ല്‍ പാകിസ്ഥാനെ കിരീടത്തിലേക്ക് നയിക്കാന്‍ എനിക്കായിരുന്നു. ശേഷം ഞാന്‍ ആ ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നു. അതുപോലെ കോഹ്ലിക്കും രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാനാവട്ടെ.'- യൂനിസ് പറഞ്ഞു.

      ബാബര്‍ അസം(Babar Azam)- വിരാട് കോഹ്ലി താരതമ്യത്തെക്കുറിച്ചും യൂനിസ് പ്രതികരിച്ചു. 'കോഹ്ലി- അസം താരതമ്യം നല്ലതല്ല. രണ്ട് പേരും കഴിവുള്ളവരാണ്. അസം കോഹ്ലിയേക്കാള്‍ ചെറുപ്പമാണ്. ഇതിനിടെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു. എന്നാലിപ്പോഴും വളര്‍ച്ചയുടെ പാതയിലാണ് അവന്‍. ഇനിയും മികച്ച പ്രകടനങ്ങള്‍ വരാനുണ്ട്. കോഹ്ലി 13 വര്‍ഷമായി ക്രിക്കറ്റില്‍ സജീവമാണ്. കോഹ്ലിയുടെ അരങ്ങേറ്റം കഴിഞ്ഞ് ഏഴ് വര്‍ഷം കഴിഞ്ഞാണ് അസം ക്രിക്കറ്റിലെത്തുന്നത്. അതുകൊണ്ട് താരതമ്യം ചെയ്യാനായിട്ടില്ല.'- യൂനിസ് വിശദമാക്കി.

      ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടത് മുതല്‍ ഇരുടീമുകളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണം ഇരുവരും ഐ സി സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങള്‍ ഇതുവരെയും ആരാധകര്‍ക്ക് ആവേശ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങള്‍ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.

      അവസാനമായി 2019 ഏകദിന ലോകകപ്പിലാണ് പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയത്. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവില്‍ മത്സരത്തില്‍ 89 റണ്‍സിന്റെ ഏകപക്ഷീയ വിജയം ഇന്ത്യ നേടിയിരുന്നു.
      Published by:Sarath Mohanan
      First published:
      )}