നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup, AFG vs NZ | അഫ്ഗാൻ കടമ്പ തട്ടിവീഴുമോ ന്യൂസിലൻഡ്; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന മൂന്ന് ഘടകങ്ങൾ

  T20 World Cup, AFG vs NZ | അഫ്ഗാൻ കടമ്പ തട്ടിവീഴുമോ ന്യൂസിലൻഡ്; ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന മൂന്ന് ഘടകങ്ങൾ

  കടലാസിൽ കരുത്ത് ന്യൂസിലൻഡിന് തന്നെയാണെങ്കിലും മികച്ച താരങ്ങൾ അഫ്ഗാൻ നിരയിലും ഉള്ളതിനാൽ അഫ്ഗാന് ന്യൂസിലൻഡിനെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  • Share this:
   ടി20 ലോകകപ്പിൽ (ICC T20 World Cup) ഇന്ന് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് (Afghanistan vs New Zealand) നിർണായക പോരാട്ടം. ഈ മത്സരം കഴിയുന്നതോടെ ഈ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റ് ആരാകും എന്നതിനെ കുറിച്ച് ധാരണയാകും. അബുദാബിയിൽ ഉച്ചയ്ക്ക് 3.30 നാണ് മത്സരം ആരംഭിക്കുക. അബുദാബിയിൽ കളത്തിലിറങ്ങുന്ന ഇരു ടീമുകളെക്കാൾ കൂടുതൽ ചങ്കിടിപ്പോടെ മത്സരഫലത്തിനായി കാത്തിരിക്കുന്നത് ഇന്ത്യൻ താരങ്ങളാകും.

   മത്സരത്തിൽ ന്യൂസിലൻഡ് ജയിക്കുകയാണെങ്കിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ പറഞ്ഞത് പോലെയാകും കാര്യങ്ങൾ. ന്യൂസിലൻഡ് സെമിയിലേക്ക് കടക്കും, ഇന്ത്യൻ താരങ്ങൾക്ക് ബാഗും പായ്ക്ക് ചെയ്ത് വീട്ടിലേക്ക് മടങ്ങാം. എന്നാൽ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ ജയം നേടുകയാണെങ്കിൽ ഇന്ത്യക്ക് അവസരമുണ്ടാകും. അവസാന മത്സരത്തിൽ നമീബിയയ്ക്കെതിരെ വമ്പൻ ജയം നേടാനായാൽ കോഹ്‌ലിപ്പടയ്ക്ക് സെമിയിലേക്ക് കടന്നുകൂടാം.

   ഇന്നത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ അഫ്ഗാനിസ്ഥാൻ തോൽപ്പിക്കുന്നത് കാണാനിരിക്കുകയാണ് ഇന്ത്യൻ ആരാധകരും. അഫ്ഗാൻ ജയിക്കാനായി പ്രാർത്ഥിക്കുന്ന നാല് കോടി അഫ്ഗാൻ ജനങ്ങളുടെ കൂടെ ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ പ്രാർത്ഥന കൂടി അതുകൊണ്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്. കടലാസിൽ കരുത്ത് ന്യൂസിലൻഡിന് തന്നെയാണെങ്കിലും മികച്ച താരങ്ങൾ അഫ്ഗാൻ നിരയിലും ഉള്ളതിനാൽ അഫ്ഗാന് ന്യൂസിലൻഡിനെ അട്ടിമറിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാന് മുൻ‌തൂക്കം നൽകുന്ന ഘടകങ്ങൾ തിരയുകയാണ് ആരാധകർ.

   അഫ്ഗാന്റെ സ്പിൻ കരുത്ത്

   ടി20 ക്രിക്കറ്റിൽ വലിയ ശക്തികൾ അല്ലെങ്കിലും ഈ ഫോർമാറ്റിലെ മികച്ച സ്പിന്നർമാരിൽ മൂന്ന് പേർ അഫ്ഗാൻ നിരയിലുണ്ട്. സ്പിന്നിനെ നേരിടുന്നതിൽ ന്യൂസിലൻഡ് ബാറ്റർമാർക്കുള്ള പോരായ്‌മ അഫ്ഗാന്റെ സ്പിൻ ത്രയമായ റാഷിദ് ഖാൻ - മുജീബുർ റഹ്‌മാൻ - മുഹമ്മദ് നബി എന്നിവർക്ക് മുതലാക്കാൻ കഴിഞ്ഞാൽ അഫ്ഗാന് ജയം നേടാം. ഇതിൽ മുജീബ് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചിട്ടില്ലെങ്കിലും താരത്തിന്റെ പരിക്ക് ഭേദമായിട്ടുണ്ട് എന്ന വാർത്ത ആരാധകർക്ക് സന്തോഷം നൽകുന്നുണ്ട്.

   മധ്യനിരയുടെ ഫോമില്ലായ്‌മ

   ടൂർണമെന്റിലുടനീളം മികവ് പുലർത്തിയാണ് ന്യൂസിലൻഡിന്റെ മുന്നേറ്റമെങ്കിലും മൂന്ന് വ്യത്യസ്ത ഗ്രൗണ്ടുകളിൽ അഞ്ച് ദിവസത്തിനുള്ളിൽ കളിക്കേണ്ടി വരുന്നത് ന്യൂസിലൻഡിന് വെല്ലുവിളിയാകും. കരുത്തുറ്റ സ്പിൻ നിരായുള്ളതിനാൽ മധ്യ ഓവറുകളിൽ ന്യൂസിലൻഡിന് വെല്ലുവിളി ഉയർത്താൻ അഫ്ഗാൻ സ്പിന്നർമാർക്ക് കഴിഞ്ഞേക്കും.

   അട്ടിമറികള്‍ക്ക് കരുത്ത്

   ഏതൊരു ടീമിനേയും വിറപ്പിക്കാന്‍ കഴിവുള്ള സംഘമാണ് അഫ്ഗാന്‍. വമ്പന്മാരെ വീഴ്ത്തി അഫ്ഗാന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. 2016 ടി20 ലോകകപ്പില്‍ ചാമ്പ്യന്മാരായ വിൻഡീസിനെ തോല്‍പ്പിച്ച ഒരേയൊരു ടീം അഫ്ഗാനിസ്ഥാനായിരുന്നു. ഈ ലോകകപ്പിൽ പാകിസ്ഥാനെ വിറപ്പിച്ച പ്രകടനം പുറത്തെടുത്ത ടീമാണ് അഫ്ഗാനിസ്ഥാൻ. അവസാന നിമിഷം പാക് താരം ആസിഫ് അലിയുടെ വെടിക്കെട്ട് പ്രകടനം ഇല്ലായിരുന്നുവെങ്കിൽ അഫ്ഗാനിസ്ഥാൻ മത്സരം സ്വന്തമാക്കിയേനെ. അതുകൊണ്ട് അഫ്ഗാൻ ടീമിന്റെ ഈ മികവിലാണ് ആരാധകരുടെ പ്രതീക്ഷ.
   Published by:Naveen
   First published:
   )}