ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. ടോസ് നഷ്ടമായ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യും. ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് അഫ്ഗാനെതിരായ മത്സരത്തിൽ ജയം നേടിയാൽ മാത്രമേ സെമി പ്രതീക്ഷ നിലനിർത്താൻ കഴിയൂ. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇഷാൻ കിഷന് പകരം പരിക്ക് ഭേദമായ സൂര്യകുമാർ യാദവും വരുൺ ചക്രവർത്തിക്ക് പകരം രവിചന്ദ്രൻ അശ്വിനുമാണ് പ്ലെയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. രോഹിത് ശർമ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
അബുദാബിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഏറ്റ തോൽവിയുടെ കയ്‌പേറിയ ഓർമ്മകൾ മായ്ചുകളഞ്ഞ് മധുരമേറുന്ന വിജയം നേടാനാകും ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യക്ക് ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വെറുതെ ജയിച്ചാൽ മാത്രം പോര, വമ്പൻ ജയം തന്നെ വേണം, എങ്കിൽ മാത്രമേ അവർക്ക് സെമി പ്രതീക്ഷ നിലനിർത്താൻ കഴിയുകയുള്ളൂ. പാകിസ്ഥാനെതിരെയും ന്യൂസിലൻഡിനെതിരെയും തകർന്നടിഞ്ഞതിന്റെ ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ശക്തമായി തിരിച്ചുവരാനാണ് ആരാധകരും കാത്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ നേരിടാൻ ഇന്ത്യ ഇറങ്ങുമ്പോൾ ഇന്ത്യക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് അവരുടെ സ്പിൻ വെല്ലുവിളിയാണ്. സ്പിൻ ബൗളിങ്ങിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ വിദഗ്ദ്ധന്മാരാണെങ്കിലും ആ വൈദഗ്ധ്യം ഈ ലോകകപ്പിൽ ഇതുവരെയായി കാണാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിൽ മുജീബുർ റഹ്മാൻ കളിക്കുന്നില്ല എന്നത് ഇന്ത്യക്ക് ചെറിയ ആശ്വാസം നൽകുമെങ്കിലും, റാഷിദ് ഖാന്റെ കുത്തിത്തിരിയുന്ന പന്തുകൾക്ക് ഇന്ത്യ എന്ത് മറുപടിയാകും കാത്തുവെച്ചിരിക്കുന്നത് എന്നാണ് നോക്കിയിരുന്ന് കാണേണ്ടത്.
ദുബായിലേത് പോലെ അബുദാബിയിലും ടോസ് നിർണായകമാണ്. ഇവിടെ നടന്ന കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്തവരാണ് ജയിച്ചത്. ഇത് കൊഹ്‌ലിക്കും സംഘത്തിനും ചെറിയ ആശങ്ക നൽകുന്നുണ്ടാകും. എന്നാൽ ലോകത്തിലെ മികച്ച ടീമുകളിൽ ഒന്നായ ഇന്ത്യ തോൽവികളിൽ നിന്ന് മുൻപും തിരിച്ചുവരവ് നടത്തിയിട്ടുള്ളതിനാൽ ആരാധകർ ഇന്ത്യയുടെ മികവിൽ പ്രതീക്ഷ വെക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ ബാറ്റിംഗ് നിരയുടെ തകർപ്പൻ തിരിച്ചുവരവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യ: കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി(ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ
അഫ്ഗാനിസ്ഥാൻ: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്സാദ്(വിക്കറ്റ് കീപ്പർ), റഹ്മാനുള്ള ഗുർബാസ്, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി(ക്യാപ്റ്റൻ), ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്റഫ്, റാഷിദ് ഖാൻ, കരീം ജനത്, നവീൻ-ഉൽ-ഹഖ്, ഹമീദ് ഹസ്സൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.