• HOME
 • »
 • NEWS
 • »
 • sports
 • »
 • ICC T20 World Cup| അറേബ്യൻ മണ്ണിൽ കുട്ടിക്രിക്കറ്റിലെ കിരീടവരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് കങ്കാരുക്കൾ

ICC T20 World Cup| അറേബ്യൻ മണ്ണിൽ കുട്ടിക്രിക്കറ്റിലെ കിരീടവരൾച്ചയ്ക്ക് അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് കങ്കാരുക്കൾ

 ഏകദിന ലോകകപ്പുകൾ അഞ്ചെണ്ണം നേടിയതിന്റെ പെരുമ ഓസ്‌ട്രേലിയയ്ക്കുണ്ടെങ്കിലും കുട്ടിക്രിക്കറ്റിലെ ലോകകപ്പിൽ പേരിനൊന്ന് പോലും നേടാൻ ഇതുവരെയായി കങ്കാരുപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല.

Image: Twitter

Image: Twitter

 • Share this:
  ഐസിസി ടി20 ലോകകപ്പിന്റെ (ICC T20 World Cup) കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഏകദിന ലോകകപ്പുകൾ അഞ്ചെണ്ണം നേടിയതിന്റെ പെരുമ ഓസ്‌ട്രേലിയയ്ക്കുണ്ടെങ്കിലും (Australia) കുട്ടിക്രിക്കറ്റിലെ ലോകകപ്പ് പേരിനൊന്ന് പോലും നേടാൻ ഇതുവരെയായി കങ്കാരുപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. കുട്ടിക്രിക്കറ്റിലെ ഈ കിരീട വരൾച്ചയ്ക്ക് അറേബ്യൻ മണ്ണിൽ അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാകും ഓസ്‌ട്രേലിയ ഇത്തവണത്തെ ലോകകപ്പിന് ഇറങ്ങുന്നത്.

  സൂപ്പർ താരങ്ങൾ ഉൾപ്പെട്ട നിരയെ നയിക്കുക ആരോൺ ഫിഞ്ച് (Aaron Finch) ആയിരിക്കും. പാറ്റ് കമ്മിൻസാണ് (Pat Cummins) വൈസ് ക്യാപ്റ്റൻ. ഇടക്കാലത്ത് ടീമിൽ ഇല്ലാതിരുന്ന സ്റ്റീവ് സ്മിത്ത് (Steve Smith), ഡേവിഡ് വാർണർ(David Warner), മാർക്കസ് സ്റ്റോയ്‌നിസ്(Marcus Stoinis), മിച്ചൽ സ്റ്റാർക്(Mitchell Starc), ഗ്ലെന്‍ മാക്‌സ്‌വെല്‍(Glenn Maxwel), കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരെല്ലാം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ലോകകപ്പിനുള്ള ടീമിലെ സർപ്രൈസ് താരം ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തെത്തുന്ന പുതുമുഖ താരമായ ജോഷ് ഇംഗ്ലിസാണ്. അലക്സ് ക്യാരിക്ക് പകരമാണ് ജോഷ് ഇംഗ്ലിസിനെ ഉൾപ്പെടുത്തിയത്.

  വിറ്റാലിറ്റി ബ്ലാസ്റ്റിലേയും റെഡ് ബോള്‍ ക്രിക്കറ്റിലേയും മികവ് കണക്കിലെടുത്താണ് ഇംഗ്ലിസിനെ ടീമിലേക്ക് എടുത്തതെന്ന് ചീഫ് സെലക്ടറായ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ജോർജ് ബെയ്‌ലി വ്യക്തമാക്കിയിരുന്നു. ഇംഗ്ലിസിന്‍റെ പേര് നാളുകളായി പരിഗണനയിലുണ്ടായിരുന്നതാണെന്നും ടീമിനെ കൂടുതല്‍ സന്തുലിതമാക്കാന്‍ താരത്തിന് കഴിയുമെന്നും മുഖ്യ സെലക്‌ടര്‍ ജോര്‍ജ് ബെയ്‌ലി കൂട്ടിച്ചേർത്തു, വിറ്റാലിറ്റി ബ്ലാസ്റ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ റൺസ് കണ്ടെത്തിയ താരമാണ് ഇംഗ്ലിസ്.

  ബൗളിങ്ങിൽ ആദം സാംപ, ആഷ്ടൺ ആഗർ എന്നീ രണ്ട് സ്പിന്നർമാർക്ക് പുറമെ മൂന്നാം സ്പിന്നറായി മിച്ചൽ സ്വെപ്സണെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതുവെ വേഗം കുറഞ്ഞ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ ഉള്ള യുഎഇയിൽ സ്പിന്നർമാരുടെ പ്രകടനം ടൂർണമെന്റിലെ ടീമിന്റെ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായിരിക്കും. ഇവർക്ക് പുറമെ ഡാന്‍ ക്രിസ്റ്റ്യൻ, ഡാനിയേല്‍ സാംസ്, നേഥന്‍ എല്ലിസ് എന്നിവർ ടീമിലെ റിസര്‍വ് താരങ്ങളുടെ സ്ഥാനത്തുണ്ട്. ബംഗ്ലാദേശില്‍ അടുത്തിടെ അരങ്ങേറ്റത്തില്‍ ഹാട്രിക് പ്രകടനവുമായി ലോകശ്രദ്ധ നേടിയ താരമാണ് എല്ലിസ്. റിസർവ് ബെഞ്ചിൽ ആണെങ്കിലും മൂന്ന് താരങ്ങളും ടീമിനൊപ്പം യുഎഇയിലേക്ക് യാത്ര ചെയ്യും.

  ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, ഒന്നാമത്തെ ഗ്രൂപ്പിലാണ് ഓസ്‌ട്രേലിയ ഉൾപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയക്ക് പുറമെ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഒന്നിലെ മറ്റു ടീമുകൾ. ഒക്‌ടോബര്‍ 23ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഓസീസിന്‍റെ ആദ്യ മത്സരം. രണ്ടാമത്തെ ഗ്രൂപ്പിൽ ഇന്ത്യ പാകിസ്താൻ, ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നീ ടീമുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

  ഐപിഎല്ലിൽ തീർത്തും നിറം മങ്ങിയ ഡേവിഡ് വാർണറുടെ തിരിച്ചുവരവാകും ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ലോകകപ്പുകളിൽ ഓസ്‌ട്രേലിയയ്ക്കായി മികച്ച പ്രകടനം നടത്തി ചരിത്രമുള്ള വാർണർക്ക് ഇത്തവണയും അതേ പ്രകടനം നടത്താൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേസമയം, ഐപിഎല്ലിൽ ആർസിബിക്കൊപ്പം മികച്ച പ്രകടനം നടത്തിയ മാക്സ്‌വെല്ലിന് ഓസ്‌ട്രേലിയൻ ജേഴ്സിയിൽ അത് തുടരാൻ കഴിയണേ എന്ന പ്രാർത്ഥനയിലാകും ആരാധകർ. താരത്തിന്റെ ഫോം ഓസ്‌ട്രേലിയയ്ക്ക് ടൂർണമെന്റിൽ മുന്നോട്ടുള്ള യാത്രയിൽ നിർണായകമായിരിക്കും. ബൗളിങ്ങിൽ പേസർമാരെല്ലാം അനുഭവസമ്പന്നർ ആണെങ്കിലും സ്പിൻ നിരയിലെ താരങ്ങൾക്ക് അനുഭവ സമ്പത്ത് കുറവുണ്ടെന്നത് ചെറിയ വെല്ലുവിളി ആയേക്കാം.

  ഓസ്‌ട്രേലിയൻ ടീം :

  ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റൻ), പാറ്റ് കമ്മിന്‍സ് (വൈസ് ക്യാപ്റ്റൻ ), സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്‌ഡ്, ആഷ്‌ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ്, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, മിച്ചല്‍ സ്വെപ്സണ്‍.
  Published by:Naveen
  First published: