ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റെക്കോർഡ് തിരുത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. പാക് ആരാധകര്‍ തങ്ങളുടെ കോഹ്ലിയെന്ന് വിശേഷിപ്പിക്കുന്ന ബാബര്‍ പക്ഷെ താൻ പാക് കോഹ്ലിയല്ല മറിച്ച് താൻ ക്രിക്കറ്റിലെ ഒരേയൊരു ബാബർ എന്ന് തെളിയിച്ചിരിക്കുകയാണ്. ടി20യില്‍ അതിവേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റനെന്ന കോഹ്ലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ബാബർ സ്വന്തം പേരിലേക്ക് എഴുതി ചേർത്തത്.
അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ 12 മത്സരത്തിലെ പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ അവിസ്മരണീയ നേട്ടം. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 30 റൺസ് നേടിയപ്പോഴാണ് ബാബർ ഈ നേട്ടത്തിൽ എത്തിയത്. പാക് ക്യാപ്റ്റൻ എന്ന നിലയിൽ 26 ഇന്നിങ്സുകളിൽ നിന്നും ബാബർ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 30 ഇന്നിങ്സുകളിൽ നിന്നുമായിരുന്നു ഈ നേട്ടത്തിൽ എത്തിയത്.
അഫ്ഗാനെതിരായ മല്‍സരത്തില്‍ കരീം ജന്നത്തെറിഞ്ഞ 10ാ൦ ഓവറിൽ 30 റൺസ് പൂർത്തിയാക്കിയപ്പോഴാണ് ബാബർ ഈ നേട്ടത്തിൽ എത്തിയത്. തുടർന്ന് അർധസെഞ്ചുറി പൂർത്തിയാക്കിയ പാകിസ്ഥാൻ ക്യാപ്റ്റൻ 47 പന്തിൽ നിന്നും 51 റൺസ് നേടിയാണ് പുറത്തായത്.
ടി20 ക്രിക്കറ്റില്‍ 1000 റണ്‍സിലെത്തിയ ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ക്യാപ്റ്റനാണ് 27കാരനായ ബാബര്‍. കോഹ്ലിയുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തിക്കുറിക്കുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെയും കോഹ്ലി കുറിച്ച ചില റെക്കോര്‍ഡുകള്‍ പാക് ക്യാപ്റ്റന്‍ തിരുത്തി കുറിച്ചിരുന്നു. അന്താരാഷ്ട്ര ടി20യില്‍ അതിവേഗം 2000 റണ്‍സ് പൂർത്തിയാക്കിയ ബാറ്റർ എന്ന കോഹ്ലിയുടെ റെക്കോർഡ് ബാബര്‍ നേരത്തേ പഴങ്കഥയാക്കിയിരുന്നു. 52 ഇന്നിങ്സുകളിലായിരുന്നു അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. കൂടാതെ ലോക ടി20 റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള ബാബര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ യൂനിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡും തിരുത്തിയിരുന്നു. ടി20 ഫോര്‍മാറ്റില്‍ അതിവേഗം 7000 റണ്‍സിലെത്തിയ താരമെന്ന ഗെയിലിന്റെ പേരിലുള്ള റെക്കോർഡും താരം തിരുത്തിയിരുന്ന. 7000 റൺസ് പൂർത്തിയാക്കാൻ ഗെയ്ൽ 192 ഇന്നിങ്സുകൾ എടുത്തപ്പോൾ 187 ഇന്നിങ്സുകളിൽ നിന്നുമാണ് ബാബർ ഈ നേട്ടത്തിൽ എത്തിയത്.
Also read- T20 World Cup| തകർത്തടിച്ച് ആസിഫ്; അഫ്ഗാന്റെ അട്ടിമറി സ്വപ്നങ്ങൾ പൊളിച്ചെഴുതി പാകിസ്ഥാൻ
ടി20 ലോകകപ്പിൽ സൂപ്പർ 12ൽ ഇന്നലെ നടന്ന അയൽക്കാരുടെ പോരാട്ടത്തിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് കീഴടക്കിയത്. അഫ്ഗാൻ കുറിച്ച 148 റൺസ് വിജയലക്ഷ്യം അവസാന ഓവറുകളിൽ തകർത്തടിച്ച ആസിഫ് അലിയുടെ വെടിക്കെട്ട് പ്രകടനത്തിൽ ആറ് പന്തുകൾ ബാക്കി നിർത്തിയാണ് പാകിസ്ഥാൻ മറികടന്നത്.
തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാക്കിസ്ഥാന് സെമി ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. കുഞ്ഞൻ ടീമുകളായ നമീബിയയെയും സ്കോട്ലന്‍ഡിനെയുമാണ് ഇനി ഗ്രൂപ്പില്‍ പാക്കിസ്ഥാന് നേരിടാനുള്ളത്. ഈ മത്സരങ്ങളിൽ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പാകിസ്ഥാൻ സെമിയിലേക്ക് കടക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യക്കെതിരെ 10 വിക്കറ്റിനും ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിനും പാകിസ്ഥാൻ ജയം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.