നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup | ഹാര്‍ദിക്കിനെ പുറത്താക്കുമോ? ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താന്‍ ഈ മാസം 15 വരെ സമയം

    T20 World Cup | ഹാര്‍ദിക്കിനെ പുറത്താക്കുമോ? ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താന്‍ ഈ മാസം 15 വരെ സമയം

    സൂപ്പര്‍ 12 സ്റ്റേജില്‍ യോഗ്യത നേടിയ ടീമുകള്‍ 15നുള്ളില്‍ പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന ഐസിസി വിശദീകരണം വന്നതോടെയാണ് തീരുമാനം.

    News18

    News18

    • Share this:
      ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ. സൂപ്പര്‍ 12 സ്റ്റേജില്‍ യോഗ്യത നേടിയ ടീമുകള്‍ 15നുള്ളില്‍ പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന ഐസിസി വിശദീകരണം വന്നതോടെയാണ് തീരുമാനം. ഇന്ത്യയടക്കം ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയ ടീമുകള്‍ക്കു 15 അംഗ ടീമിന്റെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കാന്‍ അഞ്ചു ദിവസം കൂടി സമയമനുവദിച്ചിട്ടുണ്ട്.

      ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റം വരുത്താന്‍ ഐസിസി അനുമതിനല്‍കിയിരുന്നു. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാര്‍ദിക് പണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ ഹാര്‍ദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവര്‍ വീതം എറിയുമെന്ന് പറഞ്ഞിരുന്നു.

      ഫിറ്റ്നസ് വീണ്ടെടുത്ത് ബൗളിങ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഹാര്‍ദിക്കിനെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പക്ഷെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തില്ല. ബാറ്റിങിലും താരം ഫ്‌ലോപ്പായി മാറി. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനു പകരം മറ്റൊരാള്‍ വരാന്‍ സാധ്യത കൂടുതലുമാണ്.

      ഹാര്‍ദിക്കിന് പകരം ബൗളിംഗ് ഓള്‍റൗണ്ടറായി ഷാര്‍ദുല്‍ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളില്‍ മുംബൈ ടീമില്‍ പോലും ഇടംനേടാതിരുന്ന രാഹുല്‍ ചഹറിന് പകരം ബാംഗ്ലൂര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഭുവനേശ്വര്‍ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമില്‍ തുടര്‍ന്നേക്കും.

      സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമില്‍ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോ മൂന്നോ താരങ്ങളെ അധികം ഉള്‍പ്പെടുത്താനുള്ള സാധ്യതയും സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.

      ലാൻസ് ക്ലൂസ്‌നർക്ക് പിന്നാലെ ടോം മൂഡിയും; ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തിനായി രംഗത്ത്

      ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറായ ടോം മൂഡി. മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്‌നർ ഇന്ത്യൻ പരിശീലകൻ ആകാനുള്ള ആഗ്രഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് മൂഡിയും തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.

      "ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് ഉറപ്പായ അവസരത്തിൽ ഓസ്‌ട്രേലിയയ്‌ക്കൊപ്പം ലോകകപ്പ് നേടിയിട്ടുള്ള താരവും ലോകത്തെ വിവിധ ക്രിക്കറ്റ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ളതുമായ ടോം മൂഡിക്ക് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്." - ഓസ്‌ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

      56 കാരനായ മൂഡി നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിന്റെയും ശ്രീലങ്കൻ ദേശീയ ടീമിന്റെയും ക്രിക്കറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. അതേസമയം, ഇതാദ്യമായല്ല ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ അദ്ദേഹം ബിസിസിഐക്ക് മുന്നിൽ സമർപ്പിച്ചിരുന്നെങ്കിലും മൂന്ന് തവണയും അദ്ദേഹത്തിന്റെ പേര് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിച്ചിരുന്നില്ല.

      Published by:Sarath Mohanan
      First published:
      )}