നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup Final | സ്കൂൾ ടീമിൽ ഒരുമിച്ച്; ലോകകപ്പ് വേദിയിൽ എതിരാളികൾ; സ്റ്റോയിനിസിന്റെയും മിച്ചലിന്റെയും കഥയിങ്ങനെ

    T20 World Cup Final | സ്കൂൾ ടീമിൽ ഒരുമിച്ച്; ലോകകപ്പ് വേദിയിൽ എതിരാളികൾ; സ്റ്റോയിനിസിന്റെയും മിച്ചലിന്റെയും കഥയിങ്ങനെ

    വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് കിരീടത്തിനായി ഒരുമിച്ച് പോരാടിയവർ ഇന്ന് അന്താരാഷ്ട്ര തലത്തിൽ കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻ പട്ടം സ്വന്തം ടീമിന് നേടിക്കൊടുക്കാൻ തയാറെടുക്കുന്നു.

    (Image: ESPN Cricinfo, Twitter)

    (Image: ESPN Cricinfo, Twitter)

    • Share this:
      ടി20 ലോകകപ്പ് ഫൈനലിൽ (ICC T20 World Cup Final) ഓസ്‌ട്രേലിയയും ന്യൂസിലൻഡും (Australia vs new Zealand) നേർക്കുനേർ എത്തുമ്പോൾ അത് ഒരു രസകരമായ പോരാട്ടത്തിന് കൂടിയാണ് വേദിയാകുന്നത്. സ്കൂൾ ക്രിക്കറ്റ് ടീമിൽ ഒപ്പം കളിച്ച രണ്ട് താരങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം (Dubai International Stadium) സാക്ഷ്യം വഹിക്കുക. ഓസ്‌ട്രേലിയയുടെ മാർക്കസ് സ്റ്റോയ്‌നിസും (Marcus Stoinis) ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലുമാണ് (Daryl Mitchell) ഇന്നത്തെ ഫൈനലിൽ മുഖാമുഖം എത്തുന്നത്. വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ പഠിക്കുന്ന കാലത്ത് കിരീടത്തിനായി ഒരുമിച്ച് പോരാടിയവർ ഇന്ന് അന്താരാഷ്ട്ര തലത്തിൽ കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻ പട്ടം സ്വന്തം ടീമിന് നേടിക്കൊടുക്കാൻ തയാറെടുക്കുന്നു.

      ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ക്രിക്കറ്റില്‍ സ്‌കാര്‍ബറോയുടെ താരങ്ങളായിരിക്കെയാണ് സ്റ്റോയ്‌നിസും മിച്ചലും ഒപ്പം കളിച്ചത്. ടൂർണമെന്റിൽ തങ്ങളുടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഇരുവരും വലിയ പങ്കാണ് വഹിച്ചത്. സെമിയിൽ 189 റൺസുമായി സ്റ്റോയ്‌നിസ് തിളങ്ങിയപ്പോൾ ഫൈനലിൽ നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചലായിരുന്നു താരം. 26 റൺസ് വഴങ്ങിയായിരുന്നു താരം അന്ന് നാല് വിക്കറ്റ് വീഴ്ത്തിയത്. അന്ന് സ്‌കാർബറോ ടീമിന്റെ പരിശീലകനായിരുന്ന ജസ്റ്റിൻ ലാംഗർ (Justin Langer) ഇന്ന് ഓസ്‌ട്രേലിയയുടെ പരിശീലകൻ ആണെന്നുള്ളത് മറ്റൊരു കൗതുകകരമായ കാര്യം.

      സ്കൂൾ പഠനം കഴിഞ്ഞപ്പോൾ സ്റ്റോയ്‌നിസ് മെൽബണിലേക്കും മിച്ചൽ ന്യൂസിലൻഡിലേക്കും മടങ്ങി. സ്കൂൾ തലത്തിലെ മികവ് ആഭ്യന്തര ക്രിക്കറ്റിലും ആവർത്തിച്ചതോടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിൽ ഓസ്‌ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ഫൈനലിലേക്കുള്ള യാത്രയിൽ നിർണായക പ്രകടനം നടത്തിയാണ് ഇരുവരും തിളങ്ങി നിൽക്കുന്നത്. സെമിയിൽ ജയം അസാധ്യമെന്ന് കരുതിയ ഘട്ടത്തിൽ നിന്നും ഇരുവരുടെയും തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ് ഇരു ടീമുകളും ഫൈനൽ ബെർത്ത് നേടിയത്. പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ തകർച്ച നേരിട്ട ഘട്ടത്തിൽ മാത്യൂ വെയ്ഡിനൊപ്പം നിന്ന് തകർത്തടിച്ച സ്റ്റോയ്‌നിസ് ഓസീസ് വിജയം നേടുമ്പോൾ പുറത്താകാതെ ക്രീസിൽ ഉണ്ടായിരുന്നു. 40 റൺസാണ് താരം നേടിയത്. അതേമസയം, ഇംഗ്ലണ്ടിനെതിരെ ഓപ്പണറായിറങ്ങി 72 റൺസ് നേടിയ മിച്ചലായിരുന്നു കിവീസിന്റെ വിജയശിൽപി.

      Also read- T20 World Cup Final | കിവീസ് - ഓസീസ് ഫൈനൽ; വിധി നിർണയിക്കുക ഈ നാല് പ്രധാന പോരാട്ടങ്ങൾ

      ടൂർണമെന്റിൽ മധ്യനിര താരങ്ങൾ അധികം പരീക്ഷിക്കപ്പെട്ടില്ല എന്നതിനാൽ കേവലം മൂന്ന് തവണ മാത്രമാണ് സ്റ്റോയ്‌നിസ് ബാറ്റിങ്ങിന് ഇറങ്ങിയത്. അതേസമയം, ടൂർണമെന്റിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ മിച്ചൽ ഇതുവരെ 197 റൺസ് നേടിയിട്ടുണ്ട്. സ്കൂൾ ടീമിലെ കൂട്ടുകാർ ലോകകപ്പിന്റെ കലാശപ്പോരിനിറങ്ങുമ്പോൾ ആരാകും താരമെന്നത് കാത്തിരുന്ന് കാണാം.

      ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്‌നി ഹോട്സ്റ്റാറിലും മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
      Published by:Naveen
      First published:
      )}