നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup Final | കലാശപ്പോരിൽ ടോസ് നേടി ഓസ്‌ട്രേലിയ; ബൗളിംഗ് തിരഞ്ഞെടുത്തു

    T20 World Cup Final | കലാശപ്പോരിൽ ടോസ് നേടി ഓസ്‌ട്രേലിയ; ബൗളിംഗ് തിരഞ്ഞെടുത്തു

    സെമി ഫൈനൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് പരിക്കേറ്റ ഡെവോൺ കോൺവേയ്ക്ക് പകരം ടിം സീഫെർട്ട് ന്യൂസിലൻഡ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

    • Share this:
      ടി20 ലോകകപ്പിന്റെ ഫൈനലിൽ (T20 World Cup final) ഓസ്‌ട്രേലിയയും ന്യൂസിലൻഡും  (Australia vs New Zealand) തമ്മിലുള്ള പോരിന് ശേഷം ആരാകും കുട്ടിക്രിക്കറ്റിലെ ലോക ചാമ്പ്യൻ ആവുക എന്നറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബൗളിംഗ് തിരഞ്ഞെടുത്തു. ടോസ് നേടുന്നവർക്ക് മുൻതൂക്കം ലഭിക്കുന്ന യുഎഇയിലെ പിച്ചുകളിൽ നിർണായക പോരാട്ടത്തിൽ ടോസ് ഭാഗ്യം കൂടെ നിന്നത് ഓസ്‌ട്രേലിയൻ ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടാകും. എന്നിരുന്നാലും പോരാട്ടവീര്യം കൈമുതലാക്കിയ ന്യൂസിലൻഡിനെ നേരിടുമ്പോൾ കരുതി തന്നെയാകും ഫിഞ്ചും സംഘവും ഇറങ്ങുന്നത്.

      സെമി ഫൈനൽ കളിച്ച ടീമിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നതെങ്കിൽ മറുവശത്ത് പരിക്കേറ്റ ഡെവോൺ കോൺവേയ്ക്ക് പകരം ടിം സീഫെർട്ട് ന്യൂസിലൻഡ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

      ടി20 ലോകകപ്പിന്റെ  കലാശപ്പോരിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ ഇറങ്ങുമ്പോൾ അത് ഏഴ് പതിറ്റാണ്ട് കാലമായി നീണ്ടുനിൽക്കുന്ന ട്രാൻസ് - ടാസ്മാനിയൻ പോരിന്റെ പുതുക്കൽ കൂടിയാകും. ഇരു ടീമുകളിൽ ആര് ജയിച്ചാലും ഇന്ന് ചരിത്രമാണ്. കുട്ടിക്രിക്കറ്റിലെ പുതു ലോക ചാമ്പ്യൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

      ആദ്യ കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിന് ഇറങ്ങുന്ന ഓസീസിനും കിവീസിനും സമാനതകള്‍ ഏറെ. ഒന്നാം ഗ്രൂപ്പിൽ നിന്ന് ഓസ്‌ട്രേലിയയും രണ്ടാം ഗ്രൂപ്പിൽ നിന്ന് ന്യൂസിലന്‍ഡും സെമിയിലെത്തിയത് രണ്ടാം സ്ഥാനക്കാരായിട്ടാണ്. പാകിസ്ഥാനോട് തോറ്റുതുടങ്ങിയ കിവീസിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അതേസമയം, ഒന്നാം ഗ്രൂപ്പ് എന്ന മരണ ഗ്രൂപ്പിൽ ഉൾപ്പെട്ട ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ചപ്പോൾ കാലിടറിയത് ഇംഗ്ലണ്ടിന് മുന്നിൽ മാത്രം.

      സെമിയിലേക്ക് കടന്ന ഇരുടീമുകളും ജയം അസാധ്യമെന്ന് തോന്നിയ ഘട്ടത്തിൽ നിന്നും വമ്പൻ തിരിച്ചുവരവ് നടത്തിയാണ് ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. സെമിയിൽ ന്യൂസിലൻഡ് ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയ പാകിസ്ഥാനെയും തോൽപ്പിച്ചത് അവരുടെ കരുത്തും പോരാട്ടവീര്യവും വെളിവാക്കുന്ന പ്രകടനം പുറത്തെടുത്തായിരുന്നു. ഇരു ടീമുകളും നേടിയതാകട്ടെ അഞ്ച് വിക്കറ്റിന്റെ ജയവും. ഫൈനലിലും ആവേശത്തിന് കുറവ് വരുത്താതെയുള്ള ഇരുവരുടെയും പോരാട്ടത്തിനായാണ് ആരാധകരും കാത്തിരിക്കുന്നത്.

      ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്

      ന്യൂസിലാൻഡ്: മാർട്ടിൻ ഗപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, ജിമ്മി നീഷാം, മിച്ചൽ സാന്റ്നർ, ആദം മിൽനെ, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബോൾട്ട്
      Published by:Naveen
      First published:
      )}