• HOME
 • »
 • NEWS
 • »
 • sports
 • »
 • T20 World Cup Final | കിവീസ് - ഓസീസ് ഫൈനൽ; വിധി നിർണയിക്കുക ഈ നാല് പ്രധാന പോരാട്ടങ്ങൾ

T20 World Cup Final | കിവീസ് - ഓസീസ് ഫൈനൽ; വിധി നിർണയിക്കുക ഈ നാല് പ്രധാന പോരാട്ടങ്ങൾ

ഐസിസി ടി20 ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ നേരിടുമ്പോൾ അരങ്ങേറാൻ പോകുന്ന നാല് പ്രധാന പോരാട്ടങ്ങൾ ഇതാ -

 • Share this:
  ടി20 ലോകകപ്പിന്റെ (T20 World Cup final) കലാശപ്പോരിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും (Australia vs New Zealand) ഏറ്റുമുട്ടാൻ ഇറങ്ങുമ്പോൾ അത് ഏഴ് പതിറ്റാണ്ട് കാലമായി നീണ്ടുനിൽക്കുന്ന ട്രാൻസ് - ടാസ്മാനിയൻ പോരിന്റെ പുതുക്കൽ കൂടിയാകും. ഇരു ടീമുകളിൽ ആര് ജയിച്ചാലും ഇന്ന് ചരിത്രമാണ്. കുട്ടിക്രിക്കറ്റിലെ പുതു ലോക ചാമ്പ്യൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ദുബായിൽ ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരത്തിന്റെ വിധി നിർണയിക്കുക ഇരു ടീമുകളിലെ താരങ്ങൾ തമ്മിലുള്ള ഈ പോരാട്ടങ്ങളാകും. അത്തരത്തിൽ നാല് പ്രധാന പോരാട്ടങ്ങളാണ് ഇന്നത്തെ ഫൈനലിൽ ഇവർ ഏറ്റുമുട്ടുമ്പോൾ അരങ്ങേറുക.

  ഡേവിഡ് വാർണർ vs ട്രെന്റ് ബോൾട്ട്: ഐപിഎല്ലിൽ ഫോം കണ്ടെത്താനാകാതെ ക്യാപ്റ്റൻ സ്ഥാനവും ടീമിലെ സ്ഥാനവും നഷ്ടമായ വാർണറെ അല്ല ടി20 ലോകകപ്പിൽ കണ്ടത്. തകർപ്പൻ തുടക്കം നൽകുന്ന ആ പഴയ വാർണറെയാണ് ഈ ടൂർണമെന്റിൽ കാണാൻ കഴിഞ്ഞത്. കൃത്യസമയത്താണ് അദ്ദേഹം തന്റെ ഫോമിലേക്ക് തിരിച്ചെത്തിയത്. ടൂർണമെന്റിൽ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ കൂടിയാണ് താരം. ഇതുവരെ 236 റൺസ് നേടിയ താരം, തകർപ്പൻ തുടക്കം നൽകാൻ തനിക്ക് കഴിയും എന്നതിന് പുറമെ ഉത്തരവാദിത്തതോടെയുള്ള ഇന്നിങ്‌സ് കളിച്ച് ടീമിന് വേണ്ടുന്ന അടിത്തറ പടുത്തുയർത്താൻ കഴിയുമെന്നും തെളിയിച്ചു. പാകിസ്ഥാനെതിരെ സെമി ഫൈനലിൽ താരം നടത്തിയ പ്രകടനം തന്നെ ഉദാഹരണം.

  ഫൈനലിലേക്ക് എത്തുമ്പോൾ വാർണർക്ക് മറുപടിയായി ന്യൂസിലൻഡ് കാത്തുവെച്ചിരിക്കുന്നത് അവരുടെ ഇടം കൈയൻ പേസറായ ട്രെന്റ് ബോൾട്ടിനെയാണ്. വമ്പനടികൾക്ക് കെൽപ്പുള്ള വാർണറെയും സഹതാരങ്ങളെയും ഒതുക്കാൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ പ്രയോഗിക്കുന്ന തുറുപ്പ് ചീട്ടാകും ബോൾട്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വാർണർക്കെതിരെ മികച്ച റെക്കോർഡ് അവകാശപ്പെടാനില്ലെങ്കിലും ഐപിഎല്ലിൽ വാർണർക്ക് ബോൾട്ടിനെ കടന്നാക്രമിക്കാൻ കഴിഞ്ഞിട്ടില്ല.

  മാർട്ടിൻ ഗപ്റ്റിൽ vs പാറ്റ് കമ്മിൻസ്: സെമിയിൽ വെറും രണ്ട് റൺസ് മാത്രമാണ് ഗപ്റ്റിൽ നേടിയതെങ്കിലും, ഫൈനലിൽ ഓസ്‌ട്രേലിയയാണ് എതിരായി വരുന്നത് എന്നത് താരത്തിന് സന്തോഷം നൽകുന്നുണ്ടാകും. പ്രത്യേകിച്ചും ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് റെക്കോർഡ് താരത്തിന് സ്വന്തമാണെന്നിരിക്കെ. ഫിഞ്ചും കൂട്ടരും ഫെബ്രുവരിയിൽ ന്യൂസിലൻഡിൽ പരമ്പര കളിക്കാൻ ചെന്നപ്പോൾ, പരമ്പരയിലെ ടോപ് സ്‌കോറർ ഗുപ്റ്റിൽ ആയിരുന്നു. ഈ ലോകകപ്പിലും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ടൂർണമെന്റിൽ ഇതുവരെ 180 റൺസ് നേടിയിട്ടുണ്ട്. വേഗത്തിൽ റൺസ് കണ്ടെത്തുവാനുള്ള ഗപ്റ്റിലിന്റെ മിടുക്ക് ന്യൂസിലൻഡിന് വമ്പൻ ടോട്ടലുകൾ കെട്ടിപ്പടുക്കാനും സഹായകമാവുന്നു.

  അതേസമയം, ഇന്നത്തെ ഫൈനലിൽ ഗപ്റ്റിലിന് ഓസീസ് നിരയിൽ നിന്നും കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക. ടി20 ക്രിക്കറ്റിലെ മികച്ച ബൗളറായ പാട്ട് കമ്മിൻസ് ആകും ഗപ്റ്റിലിനെ കാര്യമായി പരീക്ഷിക്കുക. വിക്കറ്റ് വീഴ്ത്താനുള്ള കഴിവിന് പുറമെ തന്റെ ലൈനിലും ലെങ്ങ്തിലും മാറ്റം വരുത്തി റണ്ണൊഴുക്ക് നിയന്ത്രിച്ച് നിർത്താനും കമ്മിൻസ് മിടുക്കനാണ്. സെമിയിൽ പാകിസ്ഥാനെതിരെ ഹെയ്സൽവുഡും സ്റ്റാർകും കണക്കിന് തല്ല് വാങ്ങിയപ്പോൾ തന്റെ അവസാന ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി പാക് ടീമിന്റെ വെടിക്കെട്ട് ബാറ്ററായ ആസിഫ് അലിയുടെ വിക്കറ്റ് കമ്മിൻസ് വീഴ്ത്തിയിരുന്നു.

  ജിമ്മി നീഷം vs മിച്ചൽ മാർഷ്: ഓൾറൗണ്ടർമാരുടെ പോരാട്ടത്തിൽ ആര് ജയിക്കും? ലോകകപ്പിൽ പാകിസ്ഥാനെതിരായ സെമി പോരാട്ടത്തിലെ പ്രകടനമൊഴികെ മറ്റ് മത്സരങ്ങളിൽ മാർഷിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. ടൂർണമെന്റിൽ 108 റൺസ് നേടിയെങ്കിലും ഓൾറൗണ്ടറായ താരത്തിന് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. ഏറെക്കുറെ സമാനമാണ് നീഷത്തിന്റെ പ്രകടനവും. സെമിയിൽ വെടിക്കെട്ട് പ്രകടനം നടത്തി ടീമിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പ്രകടനം നടത്തി എന്നതൊഴിച്ചാൽ ടൂർണമെന്റിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ഇന്നത്തെ ഫൈനലിൽ തകർപ്പൻ പ്രകടനം നടത്താനാകും ഇരുവരും തയാറെടുക്കുന്നത്. ഇതിൽ വിജയിക്കുന്നവർക്ക് കുട്ടിക്രിക്കറ്റിലെ ലോകകിരീടം കൈക്കലാക്കാൻ കഴിഞ്ഞേക്കും.

  ആദം സാമ്പ vs ഇഷ് സോധി: ലോകകപ്പിൽ മികച്ച പ്രകടനം നടത്തുന്ന രണ്ട് ബൗളർമാർ, രണ്ട് പേരും ലെഗ് സ്പിന്നർമാർ. ടൂർണമെന്റിൽ 12 വിക്കറ്റ് വീഴ്ത്തി പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത് സാമ്പയാണ്. ഒമ്പത് വിക്കറ്റുകളുമായി സോധി പുറകിൽ തന്നെയുണ്ട്. മധ്യ ഓവറുകളിൽ റൺ ഒഴുക്ക് നിയന്ത്രിച്ച് നിർത്തി ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി വിക്കറ്റ് വീഴ്ത്താൻ ഇരുവരും മിടുക്കരാണ്. പന്തിനെ കൂടുതൽ ഫ്‌ളൈറ്റ് ചെയ്യിച്ചാണ് സാമ്പ പന്തെറിയുന്നതെങ്കിൽ വേഗമാണ് സോധിയുടെ ആയുധം. ഫൈനലിൽ ഗംഭീര പ്രകടനത്തിനായി തയാറെടുക്കുകയാണ് ഇരുവരും.
  Published by:Naveen
  First published: