• HOME
 • »
 • NEWS
 • »
 • sports
 • »
 • Hardik Pandya| ഹാർദിക് കിവീസിനെതിരെ ഇറങ്ങുമോ ഇല്ലയോ? തീരുമാനം ഇന്നറിയാം

Hardik Pandya| ഹാർദിക് കിവീസിനെതിരെ ഇറങ്ങുമോ ഇല്ലയോ? തീരുമാനം ഇന്നറിയാം

ഇന്നത്തെ പരിശീലന സെഷനിലെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാകും അടുത്ത മത്സരത്തിൽ ഹാർദിക്കിനെ ഇറക്കണോ വേണ്ടയോ എന്നതിൽ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുക.

(BCCI Photo)

(BCCI Photo)

 • Last Updated :
 • Share this:
  ടി20 ലോകകപ്പില്‍ (ICC T20 World Cup) ന്യൂസിലൻഡിനെതിരായ (New Zealand) നിർണായക പോരാട്ടത്തിന് തയാറെടുക്കുകയാണ് ഇന്ത്യന്‍ ടീം (Team India). ന്യൂസിലൻഡിനെതിരെ കളിക്കാൻ ഇറങ്ങുന്ന ഇന്ത്യൻ നിരയിൽ ഓള്‍റൗണ്ടര്‍ ഹർദിക് പാണ്ഡ്യയ്ക്ക് (Hardik Pandya) സ്ഥാനമുണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഹാർദിക് ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കളിക്കാൻ ഇറങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് വ്യക്തത വന്നേക്കും.

  ഇന്ന് നടക്കുന്ന പരിശീലന സെഷനിലും താരം പന്തെറിഞ്ഞേക്കും. ഇന്നത്തെ സെഷനിലെ താരത്തിന്റെ പ്രകടനം വിലയിരുത്തിയാകും അടുത്ത മത്സരത്തിൽ ഹാർദിക്കിനെ ഇറക്കണോ വേണ്ടയോ എന്നതിൽ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുക. ഓൾ റൗണ്ടർ ആയി തന്നെയാകും ഹാർദിക്കിനെ അടുത്ത മത്സരത്തിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്, അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിലും താരത്തിന് പന്തെറിയാൻ കഴിയില്ല എന്നതാണ് സ്ഥിതിയെങ്കിൽ ഹാർദികിനെ പുറത്തിരുത്തിയേക്കും എന്ന സൂചനകുളും ഉയരുന്നുണ്ട്.

  പാകിസ്ഥാനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് ഫിറ്റ്‌നസ് ടെസ്റ്റ് പാസായതോടെയാണ് വീണ്ടും പരിശീലനം ആരംഭിച്ചത്. ടീം ഫിസിയോ നിതിന്‍ പട്ടേല്‍, അസിസ്റ്റന്‍റ് ട്രെയ്‌നര്‍ സോഹം ദേശായ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 20 മിനിറ്റോളമാണ് ശാരീരികക്ഷമതാ പരിശോധന നടത്തിയത്. ഇതിന് പിന്നാലെ ബുധനാഴ്‌ചത്തെ പരിശീലന സെഷനിൽ ഹർദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നു. ടീമിലെ മറ്റൊരു പേസറായ ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ഹാർദിക് ബൗളിംഗ് പരിശീലനം നടത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി, പരിശീലകൻ രവി ശാസ്ത്രി, മെന്റർ മഹേന്ദ്ര സിങ് ധോണി എന്നിവർ താരത്തിന്റെ പരിശീലനം സൂക്ഷ്മമായി വിലയിരുത്തിയിരുന്നു.

  ജൂലൈയില്‍ നടന്ന ശ്രീലങ്കന്‍ പര്യടനത്തിലാണ് ഹാർദിക് അവസാനമായി പന്തെറിഞ്ഞത്. ഇതിന് ശേഷം പുറം വേദന അലട്ടിയതിനെ തുടർന്ന് ശസ്ത്രക്രിയയും വിശ്രമവുമൊക്കെയായി താരം കുറച്ചുകാലം ടീമിന് പുറത്തായിരുന്നു. പരിക്ക് ഭേദമായി എത്തിയെങ്കിലും ഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ഒരു ഓവർ പോലും ഹാർദിക് എറിഞ്ഞിരുന്നില്ല. ബാറ്റിങ്ങിലും താരത്തിന് തന്റെ ഫോം വീണ്ടുടുക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ളപ്പോൾ ഹാർദിക് ലോകകപ്പ് ടീമിൽ സ്ഥാനമർഹിക്കുന്നില്ല മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.

  എന്നാൽ ഹാർദിക്കിന് പിന്തുണയുമായി ക്യാപ്റ്റൻ കോഹ്ലി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താൻ ഹാർദിക്കിന് കഴിയുമെന്നും, ആറാം നമ്പറിൽ കളിക്കുന്ന താരം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും നിർണായകമായ ഇന്നിങ്‌സുകൾ കളിക്കാൻ താരത്തിന് കഴിയുമെന്നും ഒപ്പം ഹാർദിക്കിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ താരം ഇന്ത്യക്ക് വേണ്ടി വീണ്ടും പന്തെറിയാൻ തുടങ്ങുമെന്നുമാണ് കോഹ്ലി പറഞ്ഞത്.

  ദുബായില്‍ ഞായറാഴ്‌ചയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇന്ത്യക്കും ന്യൂസിലൻഡിനും മത്സരം അതിനിര്‍ണായകമാണ്. മത്സരത്തിലെ തോൽവി ഇരു ടീമുകളുടെയും സെമി ഫൈനൽ സാധ്യതകൾ ഇരുട്ടിലാക്കിയേക്കും. ടി20യിൽ ന്യൂസിലൻഡിനെതിരെ അത്ര മികച്ചതല്ല ഇന്ത്യയുടെ റെക്കോർഡ് എന്നതും ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്. കണക്കിലെ കളികളിൽ നോക്കാതെ കളത്തിൽ മികച്ച പ്രകടനം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞാൽ സെമി സാധ്യത സജീവമാക്കി നിലനിർത്താം.

  കിവീസിനെതിരായ മത്സരത്തിന് ശേഷം നവംബർ മൂന്നിന് അഫ്ഗാനിസ്ഥാനെതിരെയും അഞ്ചിന് സ്കോട്‍ലൻഡിനെതിരെയും എട്ടിന് നമീബിയക്കെതിരെയുമാണ് ഇന്ത്യയുടെ മത്സരങ്ങൾ. കിവീസിനെതിരെ ജയിക്കാൻ കഴിഞ്ഞാൽ താരതമ്യേന ദുർബലരായ ഈ മൂന്ന് ടീമുകൾക്കെതിരെ ജയം നേടിയാൽ ഇന്ത്യക്ക് സെമിയിലേക്ക് കടക്കാം. ഗ്രൂപ്പ് രണ്ടിൽ തുടരെ രണ്ട് ജയങ്ങൾ നേടിയ പാകിസ്ഥാൻ ഏതാണ്ട് സെമി ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഗ്രൂപ്പിൽ നിന്നും ഒരു ടീമിന് കൂടി മാത്രമാണ് സെമിയിലേക്ക് മുന്നേറാൻ കഴിയുക. ഈ സ്ഥാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
  Published by:Naveen
  First published: