വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന മലയാളം പഴഞ്ചൊല്ല് വിരാട് കോഹ്ലിയും സംഘവും ഇന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 66 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ വെടിക്കെട്ട് പ്രകടനം നടത്തിയ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ട ബൗളര്‍മാര്‍ അഫ്ഗാന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു.
ഇന്ത്യ കുറിച്ച 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ലോകകപ്പില്‍ തന്റെ ആദ്യത്തെ മത്സരത്തിനിറങ്ങി നാലോവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ രവിചന്ദ്രന്‍ അശ്വിനാണ് അഫ്ഗാന്‍ ബാറ്റിംഗ് നിരയെ ഒതുക്കിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി. 22 പന്തിൽ 42 റൺസ് നേടിയ കരിം ജനത് ആണ് അഫ്ഗാൻ നിരയിലെ ടോപ് സ്‌കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കുറിച്ചു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ (47 പന്തില്‍ 74), കെ എല്‍ രാഹുല്‍ (48 പന്തില്‍ 69) എന്നിവര്‍ നല്‍കിയ തകര്‍പ്പന്‍ തുടക്കം മുതലെടുത്താണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടി ഇരുവരും പുറത്തായതിന് ശേഷം ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ഇന്ത്യന്‍ സ്‌കോറിനെ അതിവേഗം മുന്നോട്ട് നയിക്കുകയായിരുന്നു. 16.3 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 3.3 ഓവറില്‍ നിന്നും 63 റണ്‍സാണ് നേടിയത്. ഋഷഭ് പന്ത് 13 പന്തില്‍ 27 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ്, കരിം ജനത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയ റഷീദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
അഫ്ഗാനെതിരെ ജയം നേടിയതോടെ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും വിജയ മാർജിൻ അൽപം കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ പ്രതീക്ഷ ലഭിക്കുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.