• HOME
 • »
 • NEWS
 • »
 • sports
 • »
 • തുടർ തോൽവികളിൽ പതറി കോഹ്ലിപ്പട; എന്തുകൊണ്ട് ഇന്ത്യ തോറ്റു? കാരണങ്ങൾ തുറന്നുപറഞ്ഞ് ബുംറ

തുടർ തോൽവികളിൽ പതറി കോഹ്ലിപ്പട; എന്തുകൊണ്ട് ഇന്ത്യ തോറ്റു? കാരണങ്ങൾ തുറന്നുപറഞ്ഞ് ബുംറ

ഇന്ത്യയുടെ ദയനീയ പ്രകടനങ്ങളുടെ പിന്നിലെ കാരണമെന്തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ

 • Last Updated :
 • Share this:
  ടി20 ലോകകപ്പിൽ (ICC T20 World Cup) നിന്നും പുറത്താകലിന്റെ വക്കിൽ നിൽക്കുകയാണ് ടീം ഇന്ത്യ (Team India). ലോകകപ്പിൽ ഇന്നലെ നടന്ന നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ (New Zealand) ദയനീയ തോൽവി ഏറ്റുവാങ്ങിയതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകൾക്ക് മങ്ങൽ വീണത്. നിർണായക പോരാട്ടമായതിനാൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് കരുതിയിരുന്ന ആരാധകർക്ക് ഞെട്ടൽ നൽകുന്നതായിരുന്നു ഈ തോൽവി.

  ജീവന്മരണ പോരാട്ടമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യയുടെ വഴിക്കായിരുന്നില്ല കാര്യങ്ങൾ നീങ്ങിയത്. ടോസ് നേടിയാൽ മുൻ‌തൂക്കം ലഭിക്കുന്ന യുഎഇയിലെ പിച്ചുകളിൽ ടോസ് നഷ്ടപ്പെട്ടതോടെ ഇന്ത്യ മത്സരം പകുതി തോറ്റ പോലെയായിരുന്നു. ടോസിന് ശേഷം ബാറ്റിങ്ങിലും ബൗളിങ്ങിലും നിറം മങ്ങിയതോടെ ഇന്ത്യ ന്യൂസിലൻഡിന് മുന്നിൽ മത്സരം അടിയറവ് വെക്കുകയായിരുന്നു. മികച്ച താരങ്ങൾ അടങ്ങിയ നിരയായിട്ടും എന്ത് കൊണ്ടാണ് ഇന്ത്യൻ ടീം തോറ്റത്, എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തോൽവികളുടെ പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്പ്രീത് ബുംറ (Jasprit Bumrah).

  ബയോ-ബബിളിൽ കഴിയുന്നതും ദീർഘനാളായി കുടുംബത്തെ വിട്ട് മാറിനിൽക്കുന്നതും മാനസികമായി തളർത്തുന്നുണ്ടെന്നും അത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ബുംറ പറഞ്ഞു. "അതാണ് യാഥാർത്ഥ്യം. മഹമാരിയുടെ കാലമായതിനാൽ സാഹചര്യങ്ങൾ വളരെ കഠിനമാണ്. ഞങ്ങൾ ബയോ-ബബിളിലാണ് കഴിയുന്നത്. അതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട് പക്ഷെ ചിലപ്പോഴൊക്കെ മാനസ്സിക സമ്മർദ്ദം തലപൊക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇതേ കാര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്." ബുംറ പറഞ്ഞു.

  Also read- T20 World Cup | 'ബാറ്റും ബോളും കൊണ്ട് ഞങ്ങള്‍ ധൈര്യശാലികളാണെന്ന് തോന്നുന്നില്ല'; വിരാട് കോഹ്ലി

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിൽ എത്തിയത് മുതൽ ബയോ-ബബിളിലാണ് ഇന്ത്യൻ താരങ്ങൾ. "ആറ് മാസം നീണ്ട യാത്രയിൽ ചിലപ്പോൾ നിങ്ങൾക്ക് കുടുംബത്തെ മിസ് ചെയ്യും. ഇത് ചിലപ്പോൾ നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. പക്ഷെ മത്സരത്തിന് ഇറങ്ങുമ്പോൾ ഇക്കര്യങ്ങളിൽ നിന്നും മാറി മത്സരത്തിലായിരിക്കും പൂർണ ശ്രദ്ധ. എന്നാൽ ഇത്രയും കാലം ബയോ-ബബിളിൽ കഴിയുന്നതും കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുമെല്ലാം കളിക്കാരെ മാനസികമായി തളർത്തിയേക്കാം. എന്നാൽ ബയോ-ബബിളിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾ കഴിവതും ഉല്ലാസവാന്മാരായിരിക്കാൻ ബിസിസിഐ പരമാവധി ശ്രമിച്ചിരുന്നു." ബുംറ വ്യക്തമാക്കി.

  ന്യൂസിലൻഡിനെതിരെ ഇന്ത്യ ബാറ്റിങ്ങിൽ ആസൂത്രണം ചെയ്ത പദ്ധതി കളത്തിൽ പാളിപ്പോയെന്നും ബുംറ പറഞ്ഞു. "മത്സരത്തിൽ ടോസ് നിർണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനാണ് ഇറങ്ങുന്നതെങ്കിൽ വലിയ സ്കോർ നേടുക എന്നതായിരുന്നു ലക്ഷ്യം. ബാറ്റർമാർ അൽപം നേരത്തേ ആക്രമിച്ച് തുടങ്ങിയത് തിരിച്ചടിയായി. തോൽവിയും ജയവും ഈ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഈ തോൽ‌വിയിൽ തളരില്ല. പൂർവാധികം ശക്തിയോടെ തിരിച്ചുവരും." ബുംറ കൂട്ടിച്ചേർത്തു.

  Also read- ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഒരു വഴിയുണ്ട്; ബിസിസിഐക്ക് ഉപദേശവുമായി മൈക്കല്‍ വോണ്‍

  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. ഡാരില്‍ മിച്ചല്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.

  ഗ്രൂപ്പിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
  Published by:Naveen
  First published: