നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യ - പാകിസ്താൻ ലോകകപ്പ് പോരാട്ടം; ആവേശപ്പോരിലെ വിജയി ആരാകും; വിലയിരുത്തലുമായി അഫ്രീദി

    ഇന്ത്യ - പാകിസ്താൻ ലോകകപ്പ് പോരാട്ടം; ആവേശപ്പോരിലെ വിജയി ആരാകും; വിലയിരുത്തലുമായി അഫ്രീദി

    ഈ മാസം 24ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുന്നത്

    ഷാഹിദ് അഫ്രീദി

    ഷാഹിദ് അഫ്രീദി

    • Share this:
      ഈ മാസം 17 മുതൽ ടി20 ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുകയാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനം കാരണം യുഎഇയിലേക്ക് കളംമാറ്റി ചവിട്ടിയ ടൂർണമെന്റ് അതിന്റെ പെരുമ നഷ്ടപ്പെടാതെ തന്നെയാണ് അരങ്ങേറുക. വീണ്ടുമൊരു ഐസിസി ടൂർണമെന്റിന് അരങ്ങുണരുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് ഇന്ത്യ - പാക് ആവേശപ്പോരാട്ടത്തിനാണ്. പതിവ് പോലെ തന്നെ ഈ ലോകകപ്പിലേയും ഗ്ലാമർ പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഈ ചിരവൈരികളുടെ പോരാട്ടം തന്നെയാണ്. ആരാധകർ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും ഉറ്റുനോക്കുന്ന ഈ പോരാട്ടത്തിൽ ആരാകും വിജയിക്കുക എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ പാകിസ്താൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി.

      ആവേശപ്പോരാട്ടത്തിൽ സമ്മർദ്ദ നിമിഷങ്ങളിൽ അധികം പിഴവുകൾ വരുത്താത്ത ടീം ജയം നേടുമെന്നാണ് പാക് ടീമിന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്തിട്ടുള്ള അഫ്രീദി പറഞ്ഞത്. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം എല്ലായ്‌പ്പോഴും സമ്മര്‍ദമേറിയതാണ്. സമ്മർദ്ദ ഘട്ടങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നത് ആര് എന്നതിനൊപ്പം ഏറ്റവും കുറവ് പിഴവുകള്‍ വരുത്തുന്നത് ആരാണോ അവർ മത്സരത്തിൽ ജയം നേടും.' - അഫ്രീദി പറഞ്ഞു.

      ഈ മാസം 24ന് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്താൻ പോരാട്ടം നടക്കുന്നത്. ആരാധകരുടെ ആവേശം മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിലും പ്രകടമായിരുന്നു. മത്സരത്തിന്റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിലാണ് വിറ്റുപോയത്.

      ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് മുതൽ ഇരുടീമുകളുടെയും ആരാധകർ ആവേശത്തിലായിരുന്നു. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ഇരുവരും ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് നേർക്കുനേർ വരാറുള്ളത്. ചിരവൈരികളുടെ പോരാട്ടങ്ങൾ ഇതുവരെയും ആരാധകർക്ക് ആവേശ മുഹൂർത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത് എന്നതിനാൽ ഇരുവരും തമ്മിൽ നേർക്കുനേർ വരുന്ന മത്സരങ്ങൾക്കായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. ഇത്തവണത്തെ മത്സരത്തിനും ഈ ആവേശത്തിന് തെല്ലും കുറവില്ല.

      Also read- ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനും ആവേശം പകരാൻ കാണികൾ; സ്റ്റേഡിയത്തിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കും

      എട്ട് ടീമുകൾ മത്സരിക്കുന്ന യോഗ്യത റൗണ്ടും അതിന് ശേഷം നടക്കുന്ന സൂപ്പർ 12 റൗണ്ടിലുമായി മൊത്തം 16 ടീമുകളാണ് ലോകകപ്പിൽ മത്സരിക്കാൻ എത്തുന്നത്. യോഗ്യത റൗണ്ടിൽ നിന്നും ജയിച്ചെത്തുന്ന നാല് ടീമുകളെ ഉൾപ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് സൂപ്പർ 12 ഘട്ടം അരങ്ങേറുക.

      ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളിൽ, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലൻഡ്, അഫ്ഗാനിസ്താൻ, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകൾ. ഗ്രൂപ്പ് ഒന്നിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവർക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉൾപ്പെടുന്നത്. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിയിലേക്ക് മുന്നേറും.

      Also read- T20 World Cup |'ഓപ്പണറായാണ് നിന്നെ ടീമിലെടുത്തിരിക്കുന്നത്'; കോഹ്ലിയുടെ വാക്കുകള്‍ വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

      നവംബര്‍ 10ന് അബുദാബിയിലാണ് ആദ്യ സെമി ഫൈനല്‍. നവംബര്‍ 11ന് ദുബായില്‍ രണ്ടാമത്തെ സെമി ഫൈനൽ അരങ്ങേറും. നവംബര്‍ 14ന് ദുബായിലാണ് ഫൈനൽ . സെമി-ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനം ഉണ്ടാകുമെന്ന് ഐസിസി അറിയിച്ചിരുന്നു
      Published by:Naveen
      First published:
      )}