ടി20 ലോകകപ്പിലെ വേദികളിൽ ഒന്നായ ദുബായിലെ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ദുബായിൽ ഒരുക്കിയത് പോലൊരു പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് എളുപ്പമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
'ദുബായിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകൾ എല്ലാം തന്നെ പ്രയാസം നേരിടുന്നുണ്ട്. ഇന്ത്യയുടെ കാര്യമെടുത്താൽ കഴിഞ്ഞ മത്സരത്തിൽ വമ്പനടികൾ കളിക്കാൻ ശ്രമിച്ചതിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. ആ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല, ഇതിനുപുറമെ സിംഗിളുകളും ഡബിളുകളും കണ്ടെത്തി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിലും ഇന്ത്യൻ താരങ്ങൾക്ക് വീഴ്ച പറ്റിയത് പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്നത് ദുഷ്കരമായിരുന്നത് കൊണ്ടാണ്. ഈ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകൾ എല്ലാം തന്നെ ഈ വെല്ലുവിളി നേരിടുന്നുണ്ട്.' - റാത്തോർ പറഞ്ഞു.
ലോകത്തിലെ മികച്ച ടീമുകളിൽ ഒന്നെന്ന നിലയില്‍ മത്സരത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ഒരു വഴി ഇന്ത്യൻ ടീം കണ്ടെത്തേണ്ടിയിരുന്നു. അതിൽ ഞങ്ങൾ പരാജയപ്പെട്ടുവെന്നും ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ പറഞ്ഞു.
അടുത്ത മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടാൻ ഒരുങ്ങുന്നത്. മികച്ച സ്പിന്നർമാരുള്ള അഫ്ഗാൻ നിരയെ ദുബായിലെ പിച്ചിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും റാത്തോർ പറഞ്ഞു. പൊതുവെ വേഗം കുറഞ്ഞ പിച്ചിൽ പന്ത് കുത്തിത്തിരിയാനും ബാറ്റിലേക്ക് എത്താതിരിക്കുകയും ചെയ്‌താൽ കാര്യങ്ങൾ കൂടുതൽ ദുഷ്കരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർതോൽവികളിൽ വലഞ്ഞ് കോഹ്‌ലിപ്പട; സെമി പ്രവേശനം സാധ്യമോ?ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോടും തോറ്റ ഇന്ത്യയുടെ സെമി സാധ്യതകൾ പരുങ്ങലിലായിരിക്കുകയാണെങ്കിലും സെമി സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ല. ഈ സാധ്യതകൾ വിദൂര സ്വപ്നമാണെങ്കിലും ഇന്ത്യൻ ടീം തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂപ്പർ 12 പോരാട്ടത്തിൽ ഗ്രൂപ്പ് രണ്ടിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പാകിസ്ഥാൻ സെമി യോഗ്യത ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടിയാണ് ഇന്ത്യ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾ പോരാടുന്നത്.
ഇന്ത്യക്ക് ഇനി ബാക്കിയുള്ള മൂന്ന് മത്സരങ്ങളിൽ എതിരാളികളായി വരുന്ന അഫ്ഗാനിസ്ഥാൻ, നമീബിയ, സ്കോട്‍ലൻഡ് എന്നീ ടീമുകൾക്കെതിരെ ജയം നേടണം. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് മോശമായതിനാൽ ഈ മൂന്ന് ടീമുകൾക്കുമെതിരെ വൻ മാർജിനിലുള്ള ജയം നേടിയാൽ മാത്രമേ ഇന്ത്യക്ക് സെമി ബെർത്ത് പ്രതീക്ഷ വെക്കേണ്ടതുള്ളൂ. സ്വന്തം ജയത്തിന് പുറമെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകളുടെ മത്സരഫലം കൂടി ഇന്ത്യക്ക് അനുകൂലമായി വരികയും കൂടി വേണം. ഇതിൽ അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന പോരാട്ടം ഇന്ത്യയുടെ സെമി പ്രവേശനത്തിൽ നിർണായകമാകും.
അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനെ തോൽപ്പിക്കുകയാണെങ്കിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ സജീവമാകും. ഇന്ത്യ, അഫ്ഗാൻ, ന്യൂസിലൻഡ് എന്നീ മൂന്ന് ടീമുകൾക്കും ആറ് പോയിന്റ് വീതമാണ് വരുന്നതെങ്കിൽ നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി പ്രവേശനം തീരുമാനിക്കുക. മികച്ച വിജയങ്ങൾ നേടി ഇന്ത്യക്ക് മറ്റ് രണ്ട് ടീമുകൾക്കും എതിരെ നെറ്റ് റൺ റേറ്റ് ഉയർത്താനായാൽ സെമിയിലേക്ക് കടക്കാം. എന്നാൽ ഇവയെല്ലാം വിദൂര സാധ്യതകൾ മാത്രമാണ്. എന്നിരുന്നാലും ലോകകപ്പിൽ ഇന്ത്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.