ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ പ്രഖ്യാപിച്ച സംഘത്തിൽ നിന്നും നിർണായക മാറ്റം വരുത്തിയാണ് ബിസിസിഐ ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പർ കിങ്സ് പേസർ ശാർദുൽ ഠാക്കൂറിനെയാണ് ബിസിസിഐ പുതുതായി ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ടീമിലുണ്ടായിരുന്ന സ്പിന്നർ അക്സർ പട്ടേലിന് പകരമാണ് ശാർദുൽ ടീമിലിടം നേടിയിരിക്കുന്നത്. അക്സർ ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായി ദുബായില്‍ തുടരുമെന്നും ബോർഡ് അറിയിച്ചു.
ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ സംഘത്തെ 15 നായിരിക്കും പ്രഖ്യാപിക്കുക എന്ന് എല്ലാവരും കരുതിയിരിക്കെയാണ് ബിസിസിഐയുടെ ഈ സർപ്രൈസ് തീരുമാനം. ടീമിൽ വലിയ മാറ്റത്തിന് ബിസിസിഐ മുതിരാതിരുന്നതോടെ രാജസ്ഥാന് റോയല്‍സിന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസണ്, ആർസിബിയുടെ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് ടീമിലിടം നേടാൻ കഴിഞ്ഞില്ല. സഞ്ജുവിനോട് ഐപിഎല്ലിന് ശേഷം ദുബായിൽ തന്നെ തുടരാൻ ബിസിസിഐ പറഞ്ഞിരുന്നു. ഇതോടെ താരത്തെ ടീമിലെടുത്തേക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. സഞ്ജുവിന് ടീമിലിടം ലഭിക്കാതെ പോയത് അവർക്കും നിരാശ നൽകുന്നതായി. പരിക്ക് അലട്ടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിൽ നിലനിർത്താനുള്ള ബോർഡിന്റെ തീരുമാനവും ശ്രദ്ധേയമായി. ഇതോടൊപ്പം ഫോം ഔട്ടായി നിൽക്കുന്ന ഹാർദിക് പാണ്ഡ്യയേയും ബിസിസിഐ നിലനിർത്തിയിട്ടുണ്ട്.
Also read- MS Dhoni |എം എസ് ധോണി ടീം ഇന്ത്യയുടെ മെന്ററാകുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ: സൗരവ് ഗാംഗുലി
അന്തിമ സംഘത്തെ പ്രഖ്യാപിച്ചതിനൊപ്പം യുഎഇയിൽ ഇന്ത്യന്‍ ടീമിനെ നെറ്റ്സില്‍ സഹായിക്കാനുള്ള താരങ്ങളെയും ബിസിസിഐ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആവേശ് ഖാന്, ഉമ്രാന് മാലിക്, ഹര്‍ഷല്‍ പട്ടേല്‍, ലുക്മാന് മെരിവാല, വെങ്കടേഷ് അയ്യര്‍, കരണ്‍ ശര്‍മ്മ, ഷഹബാസ് അഹമ്മദ്, കൃഷ്ണപ്പ ഗൗതം എന്നിവരാണ് പട്ടികയിലെ താരങ്ങള്‍. ഈ താരങ്ങള്‍ ദുബായില്‍ ടീം ഇന്ത്യയുടെ ബയോ-ബബിളില്‍ ചേരും.
Also read- ആരാധകർക്കുള്ള സമ്മാനം; ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജേഴ്സി പുറത്തിറക്കി
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘം:
വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്, ശാർദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.