• HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup | പ്രതികാരം വീട്ടി പാകിസ്ഥാന്‍; ആവേശപ്പോരാട്ടത്തില്‍ കിവീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

T20 World Cup | പ്രതികാരം വീട്ടി പാകിസ്ഥാന്‍; ആവേശപ്പോരാട്ടത്തില്‍ കിവീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

കഴിഞ്ഞ മാസം പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പരമ്പര ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

Credit: Twitter

Credit: Twitter

  • Share this:
    T20 ലോകകപ്പ്(T20 World Cup)സൂപ്പര്‍ 12ലെ ആവേശകരമായ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ(New Zealand) അഞ്ചുവിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍(Pakistan). ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴിന് 134, പാകിസ്ഥാന്‍ 18.4 ഓവറില്‍ 135.

    ന്യൂസിലന്‍ഡിനെതിരെയുള്ള ജയം പാകിസ്ഥാന് അഭിമാനപ്രശ്‌നം കൂടിയായിരുന്നു. കഴിഞ്ഞ മാസം പാകിസ്ഥാനില്‍ നടക്കേണ്ട ന്യൂസലിന്‍ഡിനെതിരായ പരമ്പര സുരക്ഷാകാരണങ്ങളാല്‍ ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാനില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം ആദ്യ മത്സരം തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പരമ്പര ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിന് ലോകകപ്പ് മത്സരത്തില്‍ ജയത്തിലൂടെ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായ റമീസ് രാജ നേരത്തെ വ്യകതമാക്കിയിരുന്നു.

    തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പാകിസ്ഥാന്‍ സെമി ബെര്‍ത്ത് ഏതാണ്ടുറപ്പിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാക്കിസ്ഥാന് ഇനി സ്‌കോട്ലന്‍ഡും അഫ്ഗാനിസ്ഥാനും നമീബിയയുമാണ് എതിരാളികള്‍.

    ഒരു ഘട്ടത്തില്‍ ന്യൂസിലന്‍ഡ് വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ആസിഫ് അലിയും ഷൊഹൈബ് മാലിക്കുമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. ഇരുടീമിലെയും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന്‍ ഒന്നാമതെത്തി.

    ഇന്ത്യക്കെതിരെയെന്ന പോലെ കരുതലോടെയാണ് ബാബറും റിസ്വാനും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയത്. ആദ്യ അഞ്ചോവറില്‍ ഇരുവരും 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ അപകടകാരിയായ പാക് നായകന്‍ ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കി ടിം സൗത്തി ന്യൂസീലന്‍ഡിന് ആശ്വാസം പകര്‍ന്നു. 11 പന്തുകളില്‍ നിന്ന് ഒന്‍പത് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.

    ബാബറിന് പകരം ഫഖര്‍ സമാന്‍ ക്രീസിലെത്തി. ഫഖര്‍ സമാന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പിന്നീടെത്തിയ മുഹമ്മദ് ഹഫീസിനെ(11) സാന്റനറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെ പറക്കും ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ ഒന്ന് പതറി. ഹഫീസ് മടങ്ങിയതിന് പിന്നാലെ റിസ്വാനും(33), ഇമാദ് വാസിമും(11) വീണതോടെ പതിനഞ്ചാം ഓവറില്‍ 87-5ലേക്ക് വീണ പാകിസ്ഥാന്‍ തോല്‍വി മുന്നില്‍ക്കണ്ടു.

    അവസാന മൂന്നോവറില്‍ പാകിസ്ഥാന് ജയിക്കാന്‍ 24 റണ്‍സാണ് വേണ്ടിയിരുന്നത്. സാന്റ്‌നര്‍ എറിഞ്ഞ 18ആം ഓവറില്‍ ഒരു ഫോറും ഒരു സിക്‌സുമടിച്ച് മാലിക്ക് മത്സരം പാകിസ്ഥാന് അനുകൂലമാക്കി. ട്രെന്റ് ബോള്‍ട്ട് ചെയ്ത 19ആം ഓവറിലെ നാലാം പന്തില്‍ ആസിഫ് അലി പാകിസ്ഥാന് വേണ്ടി വിജയറണ്‍ നേടി. ന്യൂസിലന്‍ഡിനുവേണ്ടി ഇഷ് സോധി രണ്ട് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

    ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. തകര്‍പ്പന്‍ ബൗളിങ് പ്രകടനം പുറത്തെടുത്ത പാക് ബൗളര്‍മാരാണ് ന്യൂസിലന്‍ഡിനെ വരിഞ്ഞുമുറുക്കിയത്. ഡാരില്‍ മിച്ചല്‍ (27), ഡെവോണ്‍ കോണ്‍വേ (27), കെയ്ന്‍ വില്യംസണ്‍ (25) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റഹൂഫ് നാല് വിക്കറ്റ് വീഴ്ത്തി. റൗഫ് നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിമും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റെടുത്തു.
    Published by:Sarath Mohanan
    First published: