ഒടുവില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഫോമിലായി. വിശ്വരൂപം പൂണ്ട ഇന്ത്യന്‍ ബാറ്റര്‍മാരുടെ മികവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന് മുന്നില്‍ 211 റണ്‍സിന്റെ വിജയലക്ഷ്യമാണ് പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് കുറിച്ചു.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ (47 പന്തില്‍ 74), കെ എല്‍ രാഹുല്‍ (48 പന്തില്‍ 69) എന്നിവര്‍ നല്കിയ തകര്‍പ്പന്‍ തുടക്കം മുതലെടുത്താണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. അര്‍ധസെഞ്ചുറികള്‍ നേടി ഇരുവരും പുറത്തായതിന് ശേഷം ക്രീസില്‍ ഒന്നിച്ച ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും നടത്തിയ വെടിക്കെട്ട് ഇന്ത്യന്‍ സ്കോറിനെ അതിവേഗം മുന്നോട്ട് നയിക്കുകയായിരുന്നു. 16.3 ഓവറില്‍ 147 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 3.3 ഓവറില്‍ നിന്നും 63 റണ്‍സാണ് നേടിയത്. ഋഷഭ് പന്ത് 13 പന്തില്‍ 27 റണ്‍സോടെയും ഹാര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സോടെയും പുറത്താകാതെ നിന്നു.
അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബ്, കരിം ജനത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 36 റണ്‍സ് വഴങ്ങിയ റഷീദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.