നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup| വെസ്റ്റ് ഇൻഡീസിനെതിരെ എട്ട് വിക്കറ്റ് ജയം; സെമി പ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക

  T20 World Cup| വെസ്റ്റ് ഇൻഡീസിനെതിരെ എട്ട് വിക്കറ്റ് ജയം; സെമി പ്രതീക്ഷ നിലനിർത്തി ദക്ഷിണാഫ്രിക്ക

  തകർപ്പൻ അർധസെഞ്ചുറി പ്രകടനം നടത്തിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്. 26 പന്തില്‍ 51 റൺസ് നേടിയ മാർക്രം തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ

  • Share this:
   ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത ദക്ഷിണാഫ്രിക്ക സെമി സാധ്യതകൾ സജീവമായി നിലനിർത്തുകയും ചെയ്തു. വിൻഡീസ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 10 പന്തുകൾ ബാക്കി നിർത്തിയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോടേറ്റ തോൽവിയുടെ നിരാശ മറയ്ക്കുന്നത് കൂടിയായി അവരുടെ ഈ ജയം.

   തകർപ്പൻ അർധസെഞ്ചുറി പ്രകടനം നടത്തിയ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ജയം എളുപ്പമാക്കിയത്. 26 പന്തില്‍ 51 റൺസ് നേടിയ മാർക്രം തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 51 പന്തിൽ 43 റൺസ് നേടിയ റാസി വാന്‍ഡര്‍ ദസ്സനും 30 പന്തിൽ 39 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സും മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ ഒരു ഘട്ടത്തിൽ പോലും പ്രതിരോധത്തിലാക്കാൻ വിൻഡീസ് ബൗളർമാർക്ക് കഴിഞ്ഞില്ല.

   ആദ്യത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ വിൻഡീസിന് തുടരെ രണ്ടാം മത്സരത്തിലും ജയം നേടാൻ കഴിഞ്ഞില്ല. തുടരെ രണ്ട് മത്സരങ്ങളിൽ തോറ്റതോടെ നിലവിലെ ചാമ്പ്യന്മാരുടെ സെമി പ്രതീക്ഷകൾ തുലാസിലായിരിക്കുകയാണ്.

   വിൻഡീസ് ഉയർത്തിയ 144 റൺസ് പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മികച്ചതായിരുന്നില്ല. ബാറ്റിങ്ങിന് ഇറങ്ങി ആദ്യ ഓവറിൽ തന്നെ അവർക്ക് അവരുടെ ക്യാപ്റ്റൻ തെംബ ബാവുമയെ നഷ്ടമായി. അനാവശ്യ റണ്ണിന് ശ്രമിച്ച താരം ആന്ദ്രേ റസലിന്റെ ഡയറക്ട് ത്രോയിൽ റൺ ഔട്ട് ആവുകയായിരുന്നു. വെറും രണ്ട് റൺസ് മാത്രം നേടിയാണ് താരം പുറത്തായത്.

   ബാവുമ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ റാസി വാന്‍ഡര്‍ ദസ്സൻ റീസ ഹെൻഡ്രിക്‌സുമൊത്ത് ദക്ഷിണാഫ്രിക്കയെ കരകയറ്റുകയായിരുന്നു. മികച്ച രീതിയിൽ മുന്നേറുകയായിരുന്ന കൂട്ടുകെട്ട് പൊളിച്ച് ഹൊസെയ്‌നാണ് വിൻഡീസിന് ആശ്വാസം നൽകിയത്. രണ്ടാം വിക്കറ്റിൽ വാന്‍ഡര്‍ ദസ്സനും ഹെൻഡ്രിക്‌സും ചേർന്ന് 57 റൺസാണ് കൂട്ടിച്ചേർത്തത്.

   ഹെൻഡ്രിക്‌സിന് പകരം ക്രീസിൽ എത്തിയ മാർക്രം തുടക്കം മുതൽ തന്നെ അടിച്ചുതകർത്തതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർബോർഡിലേക്ക് വേഗത്തിൽ റൺസ് എത്തി തുടങ്ങി. 14 ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ സ്കോർ 100 കടന്നു. അതിവേഗത്തിൽ മുന്നേറിയപ്പോൾ ദസ്സൻ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു.

   എന്നാൽ പിന്നീട് ദസ്സനും താളം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് കുതിച്ചു. ഇതിനിടയിൽ മാർക്രം തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. തൊട്ടടുത്ത പന്തില്‍ സിംഗിളും നേടി താരം ടീമിന് വിജയം നേടികൊടുക്കുകയായിരുന്നു.

   നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ, ആൻറിച്ച് നോർക്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
   Published by:Naveen
   First published:
   )}