നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • കോഹ്‌ലിയുടെ പ്രതികരണത്തിൽ പ്രതിഫലിച്ചത് ഇന്ത്യയുടെ മനോഭാവം; കേട്ടപ്പോൾ നിരാശ തോന്നി - ജഡേജ

    കോഹ്‌ലിയുടെ പ്രതികരണത്തിൽ പ്രതിഫലിച്ചത് ഇന്ത്യയുടെ മനോഭാവം; കേട്ടപ്പോൾ നിരാശ തോന്നി - ജഡേജ

    'കോഹ്ലിയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ തന്നെ കളിയിൽ പിന്നിലായതെന്ന് പറയാൻ കഴിയുക'

    • Share this:
      ടി20 ലോകകപ്പിൽ (ICC T20 World Cup) പാകിസ്താനെതിരെ 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ (Indian cricket team) വഴങ്ങിയത്. ലോകകപ്പുകളിൽ പാകിസ്ഥാനെതിരെ കണക്കിലെ ആധിപത്യം വെച്ചിറങ്ങിയ ഇന്ത്യ മത്സരത്തിൽ പാകിസ്ഥാനെതിരെ മത്സരം അടിയറവ് വെക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ലോകകപ്പിൽ ഫേവറൈറ്റുകൾ എന്ന് വിലയിരുത്തിയ ഇന്ത്യയുടെ തോൽവി ഇന്ത്യൻ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ആരാധകരിൽ മുൻ ഇന്ത്യൻ താരങ്ങളും ഉൾപ്പെട്ടിരുന്നു. മത്സരശേഷം കോഹ്ലി (Virat Kohli) പാകിസ്ഥാൻ താരങ്ങളെ ചേർത്തുപിടിക്കുകയും പത്രസമ്മേളനത്തിൽ അവരുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോഹ്‌ലിയുടെ ഈ പ്രതികരണത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ (Ajay Jadeja).

      പാകിസ്ഥാനെതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീണത് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി എന്ന കോഹ്‌ലിയുടെ പരാമർശത്തെയാണ് ജഡേജ വിമർശിച്ചത്. കോഹ്ലിയുടെ ഈ പ്രതികരണം ഇന്ത്യൻ ടീമിന്റെ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത് എന്നും ജഡേജ വ്യക്തമാക്കി.

      'പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം വിരാട് കോഹ്ലി നടത്തിയ പ്രതികരണങ്ങള്‍ കേട്ടിരുന്നു.നമുക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പാകിസ്ഥാനെതിരെ ഇന്ത്യ പിന്നിലായി എന്നാണ് കോഹ്ലി പറഞ്ഞത്. ഇത് എന്നെ വല്ലാതെ നിരാശനാക്കി. കോഹ്ലിയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ തന്നെ കളിയിൽ പിന്നിലായതെന്ന് പറയാൻ കഴിയുക. ഇത്തരത്തിൽ ചിന്തിച്ചാൽ എങ്ങനെയാണ് ശെരിയാവുക. ഇന്ത്യ മത്സരത്തെ സമീപിച്ച രീതിയാണ് ഇവിടെ വ്യക്തമാകുന്നത്.' - അജയ് ജഡേജ പറഞ്ഞു.

      Also read- പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് കാരണം നരേന്ദ്ര മോദി; ഇന്ത്യയുടെ തോൽവി ബിജെപി വോട്ടാക്കുന്നു; ആരോപണവുമായി രാകേഷ് ടികായത്ത്

      പാകിസ്ഥാനെതിരെ ഇന്ത്യയുടെ മുൻനിര തകർന്നപ്പോൾ ക്യാപ്റ്റനെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചത് കോഹ്ലി ആയിരുന്നു. മത്സരത്തിൽ കോഹ്‌ലിയുടെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ തോൽവി ഇതിലും ദയനീയമായിരുന്നേനെ. വിരാട് കോഹ്‌ലി നേടിയ അർധസെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. 49 പന്തിൽ 57 റൺസാണ് കോഹ്ലി നേടിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (39 റൺസ്) താരത്തിന് പിന്തുണ നൽകിയിരുന്നു. ഈ പ്രകടനങ്ങളുടെ ബലത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റണ്സെടുത്തു.

      Also read- India vs Pakistan, T20 World Cup| ബാബർ, റിസ്വാൻ ഷോ; ചരിത്രം കുറിച്ച് പാക് ടീം; ലോകകപ്പിൽ ഇന്ത്യക്കെതിരെ ആദ്യ ജയം

      എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ, 17.5 ഓവറിൽ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ലോകകപ്പിൽ ഇന്ത്യക്കെതിരെ ആദ്യ ജയം കൂടിയാണ് പാകിസ്ഥാൻ ഈ മത്സരത്തിൽ നിന്നും നേടിയത്.

      ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിര്‍ണ്ണായകമായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകൾ തുലാസിലാവും. പ്രതീക്ഷകളുടെ അമിത സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഇന്ത്യക്ക് പ്രതിസന്ധികളെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.
      Published by:Naveen
      First published:
      )}