നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ICC T20 World Cup | എഴുതിത്തള്ളാനാകാത്ത ടീം; ബാബർ അസം നയിക്കുന്ന പാക് നിര കപ്പടിക്കുമോ?

  ICC T20 World Cup | എഴുതിത്തള്ളാനാകാത്ത ടീം; ബാബർ അസം നയിക്കുന്ന പാക് നിര കപ്പടിക്കുമോ?

  പാകിസ്താന്‍ നായകനും ഓപ്പണറുമായ ബാബര്‍ ആസം തന്നെയാണ് ഇത്തവണ അവരുടെ തുറുപ്പ് ചീട്ട്. നിലവിലെ ടി20 ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഏഷ്യന്‍ താരമാണ് ബാബർ അസം

  ബാബർ അസം

  ബാബർ അസം

  • Share this:
   ദുബായ്: ഐസിസി ടി20 ലോകകപ്പ് പോരാട്ടങ്ങൾക്ക് അരങ്ങുണരുകയാണ്. ഇത്തവണ ആര് കപ്പടിക്കുമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ചോദ്യം. ഇതിന് പല ഉത്തരങ്ങളുണ്ടാകും. എന്നാൽ തങ്ങളുടേതായ ദിവസം ഏത് വമ്പനെയും അട്ടിമറിക്കാൻ കഴിവുള്ള നിരവധി ടീമുകൾ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. അതിൽ ശ്രദ്ധേയമായ ടീമാണ് പാകിസ്ഥാൻ. ഇൻ ഫോമിലുള്ള ബാബർ അസം എന്ന ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുന്നു എന്നതാണ് പാകിസ്ഥാന്‍റെ കരുത്ത്.

   ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും ആകർഷകം ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെയാണ്. ഒക്ടോബർ 24നാണ് ഈ മത്സരം. വിജയ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെങ്കിലും പാകിസ്താനെ എഴുതിത്തള്ളാനാവില്ല. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല എന്ന ചരിത്രമാണ് നിലവിലുള്ളത്. ചരിത്രം നിലനിർത്താൻ ഇന്ത്യയും അത് തിരുത്താൻ പാകിസ്ഥാനും ഇറങ്ങുമ്പോൾ ഇത്തവണ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. ബാബര്‍ അസാം നയിക്കുന്ന പാക് നിരയില്‍ പ്രതിഭാശാലികളായ താരങ്ങളുണ്ട്. കൂടാതെ യുഎഇയില്‍ അന്താരാഷ്ട്ര മത്സരം കളിച്ചുള്ള അനുഭവസമ്പത്തും പാകിസ്ഥാന് കരുത്തേകും.

   പാകിസ്താന്‍ നായകനും ഓപ്പണറുമായ ബാബര്‍ ആസം തന്നെയാണ് ഇത്തവണ അവരുടെ തുറുപ്പ് ചീട്ട്. നിലവിലെ ടി20 ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഏഷ്യന്‍ താരമാണ് ബാബർ അസം. മികച്ച ബാറ്റിങ് റെക്കോഡുള്ള അദ്ദേഹം നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സ് പുറത്തെടുക്കാൻ കഴിയും. ഒന്നാന്തരം മാച്ച് വിന്നർ കൂടിയായ അദ്ദേഹത്തിന് മത്സരഗതി മാറ്റിമറിക്കാൻ കഴിയും. ഫോമിലെത്തിയാൽ ഏത് ബോളിങ് നിരയെയും അനായാസം നേരിടാൻ ബാബറിന് കഴിയും. ഈ വര്‍ഷം 14 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 523 റണ്‍സാണ് ബാബര്‍ നേടിയത്. 37.36 ശരാശരിയില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 132.74 ആണ്.

   പാകിസ്ഥാൻ ടീം

   ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റൗഫ്, ഹസൻ അലി, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം ജൂനിയർ, സർഫറാസ് അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, സൊഹൈബ് മഖ്സൂദ്.

   കരുത്ത്

   ബാബർ അസം എന്ന നായകനും യുഎഇയിലെ സാഹചര്യങ്ങളിൽ കളിച്ചുള്ള പരിചയസമ്പത്തുമാണ് ഇത്തവണ പാകിസ്ഥാന് കരുത്തേകുന്നത്. ഗൾഫിൽ കാണികളുടെ അകമഴിഞ്ഞുള്ള പിന്തുണയും പാകിസ്ഥാന് ലഭിക്കും. ബാബർ അസമിനൊപ്പം ഓപ്പണറായി എത്തുന്ന മുഹമ്മദ് റിസ്വാനും അതിവേഗം റൺസ് ഉയർത്താൻ സാധിക്കുന്ന താരമാണ്.

   ന്യൂനത

   പാകിസ്ഥാൻ ഏകദിന ലോകകപ്പ് നേടിയപ്പോഴും മികച്ച ഫോമിൽ കളിച്ചപ്പോഴുമൊക്കെ അവർക്ക് കരുത്തേകിയത് മികച്ച ബോളിങ് നിരയായിരുന്നു. ഒരുകാലത്ത് ഇമ്രാൻഖാൻ, വാസിം അക്രം, വഖാർ യൂനിസ്, ഷൊയ്ബ് അക്തർ തുടങ്ങിയ വമ്പൻമാർ പടനയിച്ച ബോളിങ് നിരയ്ക്ക് ഇന്ന് പഴയ പെരുമ അവകാശപ്പെടാനില്ല. എന്നിരുന്നാലും ഷഹീൻ ഷാ അഫ്രിദി എന്ന ബോളർ പാകിസ്ഥാന് പ്രതീക്ഷ നൽകുന്ന യുവതാരമാണെന്നത് വിസ്മരിക്കുന്നില്ല. വലിയ മത്സരങ്ങളിൽ കാലിടറുന്നവരെന്ന ചീത്തപ്പേരും അടുത്തകാലത്തായി പാകിസ്ഥാനെ വിടാതെ പിന്തുടരുന്നുണ്ട്. സമ്മർദ്ദം താങ്ങാൻ സാധിക്കാത്തവർ എന്ന വിശേഷണം പൊതുവെ ഏഷ്യൻ ടീമുകൾക്കുണ്ട്. ഈ പ്രശ്നം ഏറ്റവും കൂടുതലുള്ളത് പാകിസ്ഥാനാണ്.
   Published by:Anuraj GR
   First published:
   )}