ദുബായ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയതിന് പിന്നാലെ കീവിസ് നായകൻ കെയ്ൻ വില്യംസണെ തേടി മറ്റൊരു ചരിത്ര നേട്ടം കൂടി. ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് കെയ്ൻ വില്യസൺ. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് വില്യംസണെ ഒന്നാം സ്ഥാനത്ത് തിരികെയെത്തിച്ചത്. മത്സരത്തില്‍ 101 റണ്‍സാണ് വില്യംസണ് നേടിയത്. ആദ്യ ഇന്നിംഗ്സില്‍ 49 ഉം രണ്ടാമത്തേതില്‍ പുറത്താവാതെ 52 ഉം. 901 റേറ്റിങ് പോയിന്റോടെയാണ് വില്യംസൺ ഒന്നാം സ്ഥാനത്തെത്തിയത്. 891 പോയിന്റോടെ ഓസീസ് താരം സ്റ്റീവൻ സ്മിത്താണ് രണ്ടാമത്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന് മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമിനെ തുടർന്നാണ് കെയ്ൻ വില്യംസണിന് ഐസിസി ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടമായത്.
ഓസ്ത്രേലിയയുടെ മര്‍നസ് ലബുഷാനെയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ നായകന് വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലെത്തി. രോഹിത് ശര്‍മ, റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ക്വിന്റണ്‍ ഡി കോക്ക്, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ആദ്യ പത്തില്‍ ഇടം നേടി. ഇന്ത്യന്‍ താരങ്ങളില്‍ വലിയ നേട്ടമുണ്ടാക്കിയത് അജിന്‍ക്യ രഹാനെയാണ്. രഹാനെ ഇപ്പോൾ പതിമൂന്നാം സ്ഥാനത്താണ്.
Also read- 'തികച്ചും സവിശേഷമായ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്' : കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് കെയ്ൻ വില്യംസൺ
ബൗളര്‍മാരുടെ റാങ്കിലും ടെസ്റ്റിലെ ലോകജേതാക്കളായ ന്യൂസിലാൻഡ് താരങ്ങള്‍ നേട്ടമുണ്ടാക്കി. കെയ്ല്‍ ജെയ്മിസണാണ് ഇതില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത്. ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 61 റണ്‍സിന് ഏഴ് വിക്കറ്റാണ് ജെയ്മിസണ്‍ വീഴ്ത്തിയത്. ഈ പ്രകടനം കരിയറിലെ മികച്ച റാങ്കിലെത്താന് ജെയ്മിസണിനെ സഹായിച്ചു. 13-ാം റാങ്കിലാണ് ഇപ്പോൾ അദ്ദേഹം. അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ട്രെന്റ് ബോള്‍ട്ട് പതിനൊന്നാം സ്ഥാനത്തുണ്ട്. അതേസമയം രവീന്ദ്ര ജഡേജയ്ക്ക് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടമായി.
അതിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കെതിരായ ഫൈനൽ മത്സരത്തിൽ ധരിച്ച ജേഴ്സി ലേലത്തിന് വെച്ച് ന്യൂസിലൻഡ് പേസ് ബൗളർ ടിം സൗത്തി. ഗുരുതരമായ അർബുദ രോഗം ബാധിച്ച എട്ടു വയസുകാരി ഹോളി ബീറ്റിയുടെ ചികിത്സക്കായുള്ള പണം കണ്ടെത്തുന്നതിനായാണ് താരം ജേഴ്സി ലേലത്തിൽ വെച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന രോഗമാണ് ബീറ്റിയെ ബാധിച്ചിരിക്കുന്നത്.
ലേലത്തിന് വെച്ച ജേഴ്സിയിൽ ഫൈനൽ മത്സരം കളിച്ച ന്യൂസിലൻഡ് ടീമിലെ 15 താരങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. ബീറ്റിയുടെ രോഗ വിവരം ക്രിക്കറ്റുമായി ബന്ധമുള്ള ഒരു കൂട്ടായ്മയിൽ നിന്നും അറിഞ്ഞ താരം ബീറ്റിയെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. 2018 മുതൽ രോഗബാധിതയായ ബീറ്റി നിലവിൽ വിദഗ്ദ്ധ ചികിത്സ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പിതാവായ ജോണിനൊപ്പം സ്പെയിനിലാണ്.
ലേലത്തിലൂടെ ലഭിക്കുന്ന തുകയിലൂടെ തനിക്ക് ബീറ്റിയുടെ കുടുംബത്തെ ചെറിയ രീതിയിൽ സഹായിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ന്യൂസിലൻഡ് പേസ് ബൗളർ പങ്കുവെച്ചു. ഒരു രക്ഷിതാവെന്ന നിലയിൽ ബീറ്റിയും കുടുംബവും നടത്തുന്ന പോരാട്ടത്തിനൊപ്പം പങ്കുചേരുന്നു എന്ന് കുറിച്ച സൗത്തി, ക്രിക്കറ്റ് കളികളിലൂടെയുള്ള പോരാട്ടത്തിലൂടെ നേടുന്ന ജയങ്ങൾ ബീറ്റിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഒന്നുമല്ല എന്നും വ്യക്തമാക്കി. അതോടൊപ്പം കൂടുതൽ ആളുകളോട് ഈ ജീവകാരുണ്യ പ്രവൃത്തിയിൽ പങ്കെടുക്കുവാനും താരം ആഹ്വാനം ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.