ന്യൂസിലൻഡിൽ നടക്കുന്ന ഐസിസി വനിതാ ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 2022 മാർച്ച് 4 നും ഏപ്രിൽ 3 നും ഇടയിൽ നടക്കുന്ന ടൂർണമെന്റിൽ മിതാലി രാജാണ് ഇന്ത്യയെ നയിക്കുക. ഹർമൻപ്രീത് കൗറിനെ വൈസ് ക്യാപ്റ്റനായും ബിസിസിഐ പ്രഖ്യാപിച്ചു.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യൻ വനിതകളുടെ ന്യൂസിലൻഡ് പര്യടനത്തിനും തുടർന്ന് മാർച്ചിൽ നടക്കുന്ന ലോകകപ്പിനുമുള്ള ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിസിസിഐ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു.
ബിസിസിഐ പ്രഖ്യാപിച്ച 15 അംഗ സംഘത്തിൽ ടീമിലെ സീനിയർ താരമായ പേസർ ശിഖാ പാണ്ഡെ,മികച്ച ഫോമിലുള്ള യുവ ബാറ്റർ ജെമീമ റോഡ്രിഗസ് എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല എന്നത് ഏവരെയും ആശ്ചര്യപ്പെടുത്തി.
ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കമെന്ന നിലയിലാണ് ഇന്ത്യ ന്യൂസിലൻഡുമായി പര്യടനം നടത്തുന്നത്. ഈ പര്യടനത്തിൽ ഇന്ത്യ കിവീസുമായി അഞ്ച് മത്സര ഏകദിന പരമ്പരയും കളിക്കും. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ന്യൂസിലൻഡിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ താരങ്ങളെ സഹായിക്കും.
പുരുഷ ക്രിക്കറ്റിലേതിന് വിഭിന്നമായി റൗണ്ട് റോബിൻ ഘട്ടത്തിൽ നിന്നും മുന്നേറുന്നവർക്കാണ് നോക്ക്ഔട്ട് യോഗ്യത ലഭ്യമാവുക. ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിനും ഏഴ് വീതം മത്സരങ്ങൾ ഉണ്ടാകും. മാർച്ച് ആറിന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.
2017ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനോട് ഫൈനലിൽ തോറ്റ് നഷ്ടമായ കിരീടം ഇക്കുറി നേടാനുറച്ചാകും ഇന്ത്യ ഇറങ്ങുന്നത്. വനിതാ ക്രിക്കറ്റിലെ കരുത്തുറ്റ ടീമുകളിൽ ഒന്നായ ഇന്ത്യ ഐസിസി ടൂർണമെന്റ്കളിലും ആ മികവ് ആവർത്തിക്കുന്നുണ്ടെങ്കിലും അടുത്തിടെ നടന്ന ടൂർണമെന്റുകളിൽ നിർണായക പോരാട്ടങ്ങളിൽ കാലിടറുന്നതാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ഈ മോശം പ്രവണതയും തിരുത്തുകയാകും ഇന്ത്യയുടെ ലക്ഷ്യം.
ഇന്ത്യയുടെ 15 അംഗ സംഘം :മിതാലി രാജ് (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ (വൈസ് ക്യാപ്റ്റൻ), സ്മൃതി മന്ഥാന, ഷഫാലി വർമ, യാസ്തിക ഭാട്യ , ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സ്നേഹ റാണ, ജൂലൻ ഗോസ്വാമി, പൂജ വസ്ത്രാകർ, മേഘ്‌ന സിംഗ്, രേണുക സിംഗ് ഠാക്കൂർ, തന്യ ഭാട്യ (വിക്കറ്റ് കീപ്പർ), രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.