ലണ്ടൻ: ഈ ലോകകപ്പില്‍ ആദ്യമായി ഡർഹം റിവർസൈഡ് ഗ്രൗണ്ടിൽ ശ്രീലങ്ക ആളിക്കത്തി. അവിഷ്ക ഫെർണാണ്ടോയുടെ കന്നി സെഞ്ചുറിയുടെ ചിറകിലേറിയ ലങ്ക വെസ്റ്റിൻഡീസിന് മുന്നിൽ വെച്ചത് 339 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.
ഏകദിനത്തിലെ ആദ്യ സെഞ്ചുറി കുറിച്ച അവിഷ്ക ഫെര്‍ണാണ്ടോയുടെ ഇന്നിങ്സാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 100 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ഫെര്‍ണാണ്ടോ 103 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് പുറത്തായി. ലങ്കയ്ക്ക് ക്യാപ്റ്റന്‍ കരുണരത്നെയും കുശാല്‍ പെരേരയും ചേര്‍ന്ന ഓപ്പണിങ് സഖ്യം മികച്ച തുടക്കം നൽകി. 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. 32 റണ്‍സെടുത്ത കരുണരത്നെയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കുകയായിരുന്നു. അധികം വൈകാതെ മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന കുശാല്‍ പെരേര (64) റണ്ണൗട്ടായി.
പിന്നീട് മൂന്നാം വിക്കറ്റില്‍ അവിഷ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 85 റണ്‍സ് ചേര്‍ത്തു. 39 റണ്‍സെടുത്ത മെന്‍ഡിസിനെ ഫാബിയാന്‍ അലന് ഉഗ്രനൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. സ്കോര്‍ 247-ല്‍ എത്തിയപ്പോള്‍ 26 റണ്‍സോടെ ഏയ്ഞ്ചലോ മാത്യൂസും മടങ്ങി. അഞ്ചാം വിക്കറ്റില്‍ ഫെര്‍ണാണ്ടോ - ലഹിരു തിരിമാനെ സഖ്യം 67 റണ്‍സ് ചേര്‍ത്തു. 32 പന്തുകള്‍ നേരിട്ട തിരിമാനെ 43 റണ്‍സുമായി പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ കോട്രെല്ലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സെമിയിലേക്ക് വിദൂര സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് വമ്പന്‍ ജയം കൂടിയേതീരൂ. മറുവശത്ത് വിന്‍ഡീസിന്റെ സെമി സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.