അഫ്ഗാനിസ്ഥാന്റെ ഇക്രം അലി വ്യാഴാഴ്ച വെസ്റ്റിൻഡീസിനെതിരെ നേടിയത് 86 റൺസ്. ലോകകപ്പ് ചരിത്രത്തിലെ ഒരു 18കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇക്രം അലി സ്വന്തമാക്കിയത്. ഇക്രം അലി മറികടന്നതാകട്ടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡും.
അഫ്ഗാന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇക്രം അലി, ശ്രീലങ്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സമാനായ കുമാര സങ്കക്കാരയുടെ കടുത്ത ആരാധകനാണ്. ബാറ്റുമായി മൈതാനത്തെത്തുമ്പോഴൊക്കെ സങ്കക്കാരയെ അനുകരിക്കാനാണ് ഇമ്രാം ശ്രമിക്കുന്നത്. ഇമ്രാമിന്റെ പോരാട്ടം ടീമിനെ വിജയിപ്പിച്ചില്ലെങ്കിലും ക്രിക്കറ്റ് വിമർശകരും ആരാധകരും ഈ പയ്യന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്.
'ബാറ്റിങ്ങിനായി ഇറങ്ങുമ്പോൾ എന്റെ മനസ്സിലും ചിന്തകളിലും നിറയെ സങ്കക്കാരയാണ്'- ലങ്കൻ താരത്തെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലാത്ത ഇക്രം അലി പറയുന്നു. സ്ട്രൈക്ക് കൈമാറാനും ആവശ്യമുള്ളപ്പോൾ ബൗണ്ടറി പായിക്കാനുമുള്ള മിടുക്കാണ് അദ്ദേഹത്തെ ലോകോത്തര ബാറ്റ്സമാനാക്കുന്നത്. അത് എന്നെ കൊണ്ട് സാധിക്കുംപോലെ അനുകരിക്കാനാണ് ഞാനും ശ്രമിക്കുന്നത്- ഇമ്രം അലി കൂട്ടിച്ചേർത്തു.
'സച്ചിനെ പോലുള്ള ഒരു ഇതിഹാസതാരത്തിന്റെ റെക്കോർഡ് മറികടക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ നേട്ടം എന്നെ ഏറെ സന്തോഷവാനാക്കുന്നു'-ഇക്രം അലി പറയുന്നു. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ സെമി ഫൈനലിലെത്തിയ അഫ്ഗാൻ ടീമിൽ അംഗമായിരുന്ന ഇക്രം അലി ഇന്നലെ നേടിയ 86 റൺസ് ലോകകപ്പിൽ ഒരു അഫ്ഗാൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ്. സെഞ്ചുറി നേടാനാകാത്തതിന്റെ നിരാശയും ഇക്രം അലി മറച്ചുവെക്കുന്നില്ല.
'ക്രിക്കറ്റിൽ ഞാൻ കഠിനമായി പരിശീലനം ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച ക്രിക്കറ്ററായി മാറണമെന്നാണ് ആഗ്രഹം. ലോകകപ്പിൽ നിന്ന് ലഭിച്ച അനുഭവങ്ങളിൽ ഏറെ സന്തോഷമുണ്ട്. വെസ്റ്റിൻഡീസ്, ഓസ്ടേലിയ, ഇന്ത്യ, പാകിസ്ഥാൻ താരങ്ങള്‍ ഉൾപ്പെടെയുള്ളവർ എനിക്ക് നിർദേശങ്ങൾ നൽകി സഹായിച്ചു. ഇത് എനിക്ക് ഏറെ ആത്മവിശ്വാസം നൽകി. നാട്ടിലേക്ക് മടങ്ങിയശേഷം കൂടുതൽ കഠിന പരിശീലനം നടത്തും' -ഇക്രം അലി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.