ഇന്റർഫേസ് /വാർത്ത /Sports / Euro Cup|ഇംഗ്ലണ്ടിന് വേണ്ട എന്നുണ്ടെങ്കിൽ, ജെയ്ഡൻ സാഞ്ചോക്ക് ഞങ്ങൾ ജർമൻ പാസ്പോർട്ട് നൽകാൻ ഒരുക്കമാണ് - ലോതർ മത്തെയൂസ്

Euro Cup|ഇംഗ്ലണ്ടിന് വേണ്ട എന്നുണ്ടെങ്കിൽ, ജെയ്ഡൻ സാഞ്ചോക്ക് ഞങ്ങൾ ജർമൻ പാസ്പോർട്ട് നൽകാൻ ഒരുക്കമാണ് - ലോതർ മത്തെയൂസ്

Gareth Southgate and Jadon Sancho

Gareth Southgate and Jadon Sancho

യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിൻ്റെ മൂന്ന് മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ മാത്രമാണ് സാഞ്ചോ കളത്തിൽ ഇറങ്ങിയത്.

  • Share this:

യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിട്ടും ജെയ്ഡൻ സാഞ്ചോക്ക് വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല എന്നതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ജർമനിയുടെ ഇതിഹാസതാരമായ ലോതർ മത്തേയൂസ്. ഇംഗ്ലണ്ടിന് സാഞ്ചോയെ വേണ്ട എന്ന് തോന്നുന്നുണ്ടെങ്കിൽ താരത്തിന് ജർമനിയുടെ പാസ്പോർട്ട് നൽകാൻ ഒരുക്കമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

മികവുറ്റ താരങ്ങൾ തിങ്ങി നിറഞ്ഞ ഒരു ഇംഗ്ലണ്ട് നിരയെയാണ് പരിശീലകനായ ഗാരെത് സൗത്ഗേറ്റ് യൂറോ കപ്പിനായി തിരഞ്ഞെടുത്തത്. മികച്ച പ്രകടനങ്ങൾ നടത്തി പേരെടുത്ത താരം എന്ന നിലയിൽ സാഞ്ചോ ആദ്യ ഇലവനിൽ ഇടം പിടിക്കേണ്ടിയിരുന്ന താരം കൂടിയാണ്. എന്നാൽ യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിൻ്റെ മൂന്ന് മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ മാത്രമാണ് സാഞ്ചോ കളത്തിൽ ഇറങ്ങിയത്. ക്രൊയേഷ്യക്കെതിരായ ആദ്യ മത്സരത്തിൽ ടീമിൽ പോലും ഇടം ലഭിക്കാതിരുന്ന താരം സ്കോട്ട്ലാൻഡിനെതിരെ മുഴുവൻ സമയവും ബെഞ്ചിൽ ഇരുന്നു കൊണ്ടാണ് കളി കണ്ടത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ താരത്തിന് അവസരം ലഭിച്ചെങ്കിലും അത് കേവലം മിനിറ്റുകൾ മാത്രമായിരുന്നു.

പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയെങ്കിലും മുന്നേറ്റനിരയുടെ പ്രഹര ശേഷിയെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയ ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ നിന്നും വെറും രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. കണക്കുകൾ ഇങ്ങനെയിരിക്കെ സാഞ്ചോയെ പോലൊരു താരത്തെ ഇംഗ്ലണ്ട്  ഉപയോഗിക്കുന്നില്ല എന്നതാണ് മത്തേയൂസിനെ ആശ്ചര്യപ്പെടുത്തുന്നത്.

പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ഇംഗ്ലണ്ടിന് എതിരാളികളായി കിട്ടിയിരിക്കുന്നത് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെയാണ്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാഞ്ചോക്ക് അവസരം നൽകാതെ തഴയുന്നതിൽ ലോതർ മത്തേയൂസ് തൻ്റെ പ്രതികരണമറിയിച്ചത്. "ബുണ്ടസ്‌ലിഗയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങളിൽ ഒരാളാണ് സാഞ്ചോ. ഇംഗ്ലണ്ട് ടീമിന് താരത്തെ ആവശ്യമില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ താരത്തിന് ജർമൻ പാസ്പോർട്ട് നൽകാൻ ഞങ്ങൾ ഒരുക്കമാണ്," മത്തേയൂസ് പറഞ്ഞു.

2017ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിലേക്ക് ചേക്കേറിയതിനു ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി സാഞ്ചോ മാറുകയായിരുന്നു. ഇക്കാലയളവിൽ 137 മത്സരങ്ങൾ ഡോർമുണ്ടിനായി കളിച്ച താരം 50 ഗോളുകളും 64 അസിസ്റ്റുകളും നേടി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ഇതോടൊപ്പം ജർമനിക്കെതിരെ കളിക്കാൻ ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഒരു മുന്നറിയിപ്പ് നൽകാനും താരം മറന്നില്ല. ജർമനിക്കെതിരെ ഇംഗ്ലണ്ടിന് വിജയ സാധ്യതയുണ്ടെങ്കിലും കളി പെനൽറ്റിയിലേക്ക് നീണ്ടാൽ അവിടെ ജർമൻ ടീം വിജയിക്കും. അതിനാൽ ഇംഗ്ലണ്ടിന് ജയം നേടണമെങ്കിൽ പെനൽറ്റി ഷൂട്ടൗട്ടിന് മുന്നോടിയായുള്ള 120 മിനിറ്റിനുള്ളിൽ കളി തീർക്കാൻ ശ്രമിക്കണമെന്നാണ് മത്തേയൂസ് പറഞ്ഞത്.

1990ലെ ലോകകപ്പ് സെമി ഫൈനലിൽ നടന്ന ഇംഗ്ലണ്ട് ജർമനി മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജർമനി ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. അന്നത്തെ ജർമൻ ടീമിൻ്റെ ഭാഗമായിരുന്ന മത്തേയൂസ് ചൊവ്വാഴ്ച വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചരിത്രം ആവർത്തിക്കുമെന്നാണ് അദ്ദേഹം കരുതുന്നത്. കാരണം പെനൽറ്റി എടുക്കുന്നതിൽ ജർമൻ ടീമാണ് മിടുക്കർ എന്നാണ് അദ്ദേഹത്തിൻ്റെ പക്ഷം. 

Summary

German legend Lothar Matthaus surprised as to why England not using Jadon Sancho's abilities, says that if England feels Sancho isn't good enough Germany. is ready to give him German passport

First published:

Tags: England, Euro 2020, Euro cup, Germany, Jaiden sancho