• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒരുദിവസം മൂന്നു മണിക്കൂർ ബിയർ കുടിക്കാതിരുന്നാൽ ഒന്നും സംഭവിക്കില്ല'; ഫിഫ പ്രസിഡന്‍റ്

'ഒരുദിവസം മൂന്നു മണിക്കൂർ ബിയർ കുടിക്കാതിരുന്നാൽ ഒന്നും സംഭവിക്കില്ല'; ഫിഫ പ്രസിഡന്‍റ്

മത്സരങ്ങൾക്കിടെ സ്റ്റേഡിയത്തിനുള്ളിൽ ബിയർ വിൽപന നടത്താൻ ഖത്തർ നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും ഈ ആഴ്ച ആദ്യം തീരുമാനത്തിൽനിന്ന് ഖത്തർ മലക്കംമറിയുകയായിരുന്നു

  • Share this:
ഫിഫ ലോകകപ്പ് 2022 മത്സരങ്ങൾക്കിടെ സ്റ്റേഡിയത്തിനുള്ളിൽ മദ്യം അനുവദിക്കില്ലെന്ന് ആതിഥേയരായ ഖത്തർ പ്രഖ്യാപിച്ചതോടെ, വലിയ വിവാദമാണ് ഉടലെടുത്തത്. ബിയർ വിൽപന അനുവദിക്കില്ലെന്ന ഖത്തറിന്‍റെ പ്രഖ്യാപനം വഞ്ചനയാണെന്നാണ് ലോകകപ്പ് സ്പോൺസർമാർ പ്രതികരിച്ചത്. ഇതോടെ ഖത്തറിന് ലോകകപ്പ് അനുവദിച്ചതിന് ഫിഫയ്ക്കെതിരെ വിമർശനം ശക്തമാകുകയും ചെയ്തു. ബിയർ നിരോധനത്തെ ഒരുപോലെ എതിർത്താണ് ആരാധകരും സ്പോൺസർമാരും രംഗത്തെത്തിയത്. എന്നാൽ ബിയർ നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.

ലോകകപ്പ് സമയത്ത് സ്റ്റേഡിയത്തിനുള്ളിൽ ബിയർ വിൽക്കാൻ അനുവദിക്കണമെന്ന് ഖത്തറിലെ സംഘാടകരോട് അവസാനിനിമിഷം വരെ ഫി അഭ്യർഥിച്ചിരുന്നതായി പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വെളിപ്പെടുത്തി. എന്നാൽ, യാഥാസ്ഥിതിക മുസ്ലീം രാഷ്ട്രത്തിന് അവരുടേതായ രീതികളുണ്ട്. അത് അംഗീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

മത്സരങ്ങൾക്കിടെ സ്റ്റേഡിയത്തിനുള്ളിൽ ബിയർ വിൽപന നടത്താൻ ഖത്തർ നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും ഈ ആഴ്ച ആദ്യം തീരുമാനത്തിൽനിന്ന് ഖത്തർ മലക്കംമറിയുകയായിരുന്നു. സ്റ്റേഡിയങ്ങളിൽ നിന്നു പെട്ടെന്നുള്ള മദ്യ നിരോധനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ ഇൻഫാന്റിനോ, മൂന്ന് മണിക്കൂർ ബിയർ ഇല്ലാതെ ആരാധകർക്ക് ജീവിക്കാമെന്ന് പറഞ്ഞു. “സ്റ്റേഡിയത്തിലെ ബിയർ വിൽപന സാധ്യമാണോ എന്നറിയാൻ ഞങ്ങൾ അവസാനം വരെ ശ്രമിച്ചു,”

"ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിക്കാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങൾ അതിജീവിക്കും. ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുന്നതിന് ഒരു കാരണമുണ്ട്. ഒരു പക്ഷെ അവർ നമ്മളേക്കാൾ ബുദ്ധിയുള്ളവരായതുകൊണ്ടാകാം" അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേഡിയം പരിസരത്ത് മദ്യം അനുവദിക്കില്ലെങ്കിലും വൈകുന്നേരങ്ങളിൽ 'ഫിഫ ഫാൻ ഫെസ്റ്റിവലിൽ' ആരാധകർക്ക് ബിയർ കഴിക്കാം. ഫാൻ ഫെസ്റ്റിവൽ ആരാധകർക്ക് കൂടിചേരാനായി രൂപീകരിച്ച ഒരു നിയുക്ത മേഖലയാണ്, കൂടാതെ തത്സമയ സംഗീതവും മറ്റ് ആസ്വാദ്യകരമായ കലാപരിപാടികളും ഉണ്ടാകും.

"ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും ലഹരിപാനീയങ്ങളുടെ വിൽപ്പന അനുവദിക്കാനും, സ്റ്റേഡിയം പരിധികളിൽ നിന്ന് ബിയറിന്റെ വിൽപ്പന പോയിന്റുകൾ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്," ഫിഫ പറഞ്ഞു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ വരും ദിവസങ്ങളിൽ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റിടങ്ങളിൽനിന്ന് എത്തുന്ന ആരാധകർക്കായി ഖത്തർ ചില ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്, എന്നാൽ രാജ്യത്ത് മദ്യപാനത്തിന്റെ കാര്യത്തിൽ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: