വിരാട് കോഹ്ലിയുടെ (Virat Kohli) ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (Rohit Sharma). ഇന്ത്യയും വെസ്റ്റിൻഡീസും (IND vs WI) തമ്മിലുള്ള ടി20 പരമ്പരയ്ക്ക്(T20 Series) മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ചുകൊണ്ട് രോഹിത് ശർമ കോഹ്ലിയെ പിന്തുണച്ചത്. സമീപകാലത്ത് സ്ഥിരതയുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ ബുദ്ധിമുട്ടുന്ന കോഹ്ലി ശരിയായ 'മാനസികാവസ്ഥയിൽ' ആണോ ഉള്ളത് എന്ന ചോദ്യത്തിനാണ് രോഹിത് ശർമ മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ചത്.
"നിങ്ങൾക്ക് (മാധ്യമങ്ങൾ) അൽപ്പമെങ്കിലും മിണ്ടാതിരിക്കാൻ കഴിയുമെങ്കിൽ അതാകും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം ചോദ്യങ്ങൾ ഇല്ലെങ്കിൽ എല്ലാ കാര്യങ്ങളും അവയർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞേക്കും. കോഹ്ലി മികച്ച മാനസികാവസ്ഥയിൽ തന്നെയാണുള്ളത്. ഇന്ത്യൻ ടീമിനൊപ്പം ഒരു ദശകത്തിലധികം കാലമായുള്ള താരമാണ് കോഹ്ലി, ക്രിക്കറ്റിൽ അത്ര കാലം തുടർന്നിട്ടുണ്ടെങ്കിൽ സമ്മർദ്ദ സാഹചര്യങ്ങളും അതുമായി ബന്ധപ്പെട്ടുള്ളതും ഏതുവിധേന കൈകാര്യം ചെയ്യണമെന്നതും ആ താരത്തിന് അറിയും. ഇതെല്ലാം നിങ്ങളിൽ നിന്നാണ് തുടങ്ങുന്നത്. അതിനാൽ നിങ്ങൾ അൽപ്പം മിണ്ടാതിരുന്നാൽ എല്ലാ കാര്യങ്ങളും അതിന്റെതായ വഴിക്ക് നടക്കും." - രോഹിത് പറഞ്ഞു.
നേരത്തെ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ്. വിൻഡീസിനെതിരെ മൂന്ന് മത്സര ടി20 പാരമ്പരയ്ക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. കോവിഡ് വ്യാപനം മൂലം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരങ്ങൾ നടക്കുക. പരമ്പരയിലെ ആദ്യത്തെ മത്സരം നാളെ നടക്കും. രണ്ടും മൂന്നും ടി20 മത്സരങ്ങൾ 18നും 20നും നടക്കും.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.