• HOME
  • »
  • NEWS
  • »
  • sports
  • »
  • IND ENG JOE ROOT VOWS TO STAY AWAY FROM SLEDGING INDIAN PLAYERS AIMS TO DISPLAY THEIR BEST PERFORMANCE

IND vs ENG| ആവശ്യമില്ലാതെ ഇന്ത്യൻ താരങ്ങളുമായി വാക്കേറ്റത്തിന് പോവില്ല; മൂന്നാം ടെസ്റ്റിൽ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യം - ജോ റൂട്ട്

മത്സരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒരു കാര്യങ്ങൾക്കും മുതിരില്ല എന്ന് വ്യക്തമാക്കിയ റൂട്ട് മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമിടുന്നത് എന്നും കൂട്ടിച്ചേർത്തു.

News18

News18

  • Share this:
    ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ ലീഡ്‌സിൽ ആരംഭിക്കുകയാണ്. മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് ഇരു ടീമുകളും. ഇപ്പോഴിതാ മത്സരത്തിൽ ഇംഗ്ലണ്ട് താരങ്ങളുടെ ലക്ഷ്യം എന്തൊക്കെയാകും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്.

    ലോഡ്‌സിലെ ടെസ്റ്റിൽ ഇന്ത്യയോട് തോറ്റ ഇംഗ്ലണ്ട് പരമ്പരയിൽ തിരിച്ചുവരും എന്ന് റൂട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം നാളത്തെ മത്സരത്തെ കുറിച്ച് മനസ്സ് തുറന്നത്. മത്സരത്തിൽ ഇന്ത്യൻ താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും അനാവശ്യ വാക്കേറ്റങ്ങൾക്കും പോവില്ല എന്നാണ് റൂട്ട് വെളിപ്പെടുത്തിയത്. മത്സരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒരു കാര്യങ്ങൾക്കും മുതിരില്ല എന്ന് വ്യക്തമാക്കിയ റൂട്ട് മത്സരത്തിൽ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ലക്ഷ്യമിടുന്നത് എന്നും കൂട്ടിച്ചേർത്തു.

    'ഞങ്ങളാല്‍ ആവുന്ന വിധം നല്ല രീതിയില്‍ കളിക്കാന്‍ മാത്രം ശ്രമിക്കും. ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് പോകില്ല. ഞങ്ങളിലെ ഏറ്റവും നല്ല കളി പുറത്തെടുക്കുക മാത്രമാണ് ലക്ഷ്യം. അനാവശ്യമായ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടില്ല,' ജോ റൂട്ട് പറഞ്ഞു

    ലോഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിലെ 151 റൺസിന്റെ തോൽ‌വിയിൽ നിന്നും പാഠമുൾക്കൊണ്ടാകണം റൂട്ടിന്റെ ഈ വെളിപ്പെടുത്തൽ എന്ന് വേണം കരുതാൻ. ലോഡ്‌സിൽ അവസാന ദിനത്തിൽ ഇന്ത്യൻ താരങ്ങൾ എല്ലാവരും കൂട്ടത്തോടെ പോരാടിയപ്പോൾ ഇംഗ്ലണ്ട് നായകനായ റൂട്ടിനും സംഘത്തിനും പിടിച്ച് നിൽക്കാൻ കഴിയാതെ 60 ഓവറിനുള്ളിൽ 120 റൺസിനാണ് ഇംഗ്ലണ്ട് പുറത്തായത്.

    ആവേശ മുഹൂർത്തങ്ങൾ നിറഞ്ഞു നിന്ന മത്സരത്തിൽ വാക്കുകൾ കൊണ്ടും താരങ്ങൾ പരസ്പരം പോരാടി. ഇംഗ്ലണ്ട് താരങ്ങൾ ഇന്ത്യയുടെ ഒരു താരത്തെ വാക്ക് കൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ മറുപടിയായി ഇംഗ്ലണ്ടിന്റെ ഓരോ താരത്തിനെതിരെയും ഇന്ത്യൻ സംഘം ഒന്നടങ്കം തിരിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിലൂടെ മാനസിക മുൻ‌തൂക്കം നേടിയ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു.

    ഇംഗ്ലണ്ട് ടീം അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കാൻ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കിയ റൂട്ട് ഇന്ത്യ അവർക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കട്ടെ എന്നും പറഞ്ഞു. ഇതിനുപുറമെ ലോഡ്‌സിൽ ഇംഗ്ലണ്ട് തോറ്റത് അവർ തന്ത്രങ്ങളിൽ വരുത്തിയ പിഴവ് മൂലമാണ് എന്നും ക്യാപ്റ്റൻ എന്ന നിലയിൽ തനിക്ക് കുറച്ച് കൂടി മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുമായിരുന്നു എന്നും എന്നാൽ അത് നടപ്പായില്ല എന്നും കൂട്ടിച്ചേർത്തു.

    പരമ്പരയിൽ 1-0ന് പുറകിലാണെങ്കിലും മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ജയ സാധ്യത ഇപ്പോഴും സജീവമാണെന്ന് റൂട്ട് വ്യക്തമാക്കി. മൂന്നാം ടെസ്റ്റിന് ചെറിയ മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോഡ്‌സ് ടെസ്റ്റിൽ ഫീൽഡിങ്ങിനിടെ പരിക്കേറ്റ മാർക്ക് വുഡ് നാളത്തെ മത്സരത്തിൽ കളിക്കില്ല. വുഡിന് പുറമെ ഇംഗ്ലീഷ് ബാറ്റ്‌സ്മാനായ ഡൊമിനിക് സിബ്ലിയും ഇംഗ്ലണ്ട് നിരയിൽ ഉണ്ടാകില്ല. സിബ്ലിക്ക് പകരം ഓപ്പണിങ്ങിൽ റോറി ബേൺസിനൊപ്പം ഹസീബ് ഹമീദാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വുഡിന് പകരം സാഖിബ് അഹമ്മദ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചേക്കും.
    Published by:Naveen
    First published:
    )}