ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഇന്ത്യയുടെ ഓപ്പണർ കെഎല്‍ രാഹുലിന് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ വൻ മുന്നേറ്റം. മത്സരത്തിലെ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിൽ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാഹുൽ 37-ാം സ്ഥാനത്തെത്തി. ബുധനാഴ്ചയാണ് ഐസിസി പുതിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. രാഹുലിന് പുറമെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളെല്ലാം റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഐസിസി പുറത്തുവിട്ട പട്ടികയിൽ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ അഞ്ചാം സ്ഥാനം നിലനിർത്തി. ടെസ്റ്റിൽ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം കോഹ്ലിയാണ്. അതേസമയം ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിലൂടെ 56-ാം സ്ഥാനത്തോടെ ടെസ്റ്റ് റാങ്കിങ് പട്ടികയിലേക്ക് തിരികെ പ്രവേശിച്ച രാഹുൽ, ലോഡ്സിലെ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ 129 റൺസ് നേടി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം ഇന്നിങ്സിൽ രാഹുൽ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ ഓപ്പണിങ് വിക്കറ്റിൽ കെ എൽ രാഹുലും രോഹിത് ശർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ ഇന്ത്യക്കായി 126 റൺസ് നേടിയിരുന്നു.
അതേസമയം ടെസ്റ്റ് റാങ്കിങ്ങിൽ കഴിഞ്ഞയാഴ്ച നാലാം സ്ഥാനത്ത് നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങിയ കോഹ്ലി പുതിയ പട്ടികയിൽ ഈ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കോഹ്ലിക്ക് പിന്നിലായി രോഹിത് ശർമ ആറാം സ്ഥാനത്തും ഋഷഭ് പന്ത് ഏഴാം സ്ഥാനത്തും നിൽക്കുന്നു. ഇവർ മൂന്ന് പേരാണ് ആദ്യ പത്തിൽ നിൽക്കുന്ന ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിൽ കളിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റിൽ സെഞ്ചുറി നേടിയ റൂട്ട് കോഹ്ലിയെ മറികടന്ന് നാലാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടാം മത്സരത്തിലും തന്റെ ഫോം തുടർന്ന് തകർപ്പൻ സെഞ്ചുറി നേടിയ റൂട്ട് രണ്ട് സ്ഥാനങ്ങൾ കൂടി ഉയർന്ന് രണ്ടാം സ്ഥാനത്തെത്തി. 893 റേറ്റിംഗ് പോയിന്റാണ് ജോ റൂട്ടിന് സ്വന്തമായുള്ളത്. ഒന്നാം സ്ഥാനത്തുള്ളത് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ്. വില്യംസണ് 901 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. അതേസമയം കോഹ്ലിക്ക് 776 റേറ്റിംഗ് പോയിന്റാണ് സ്വന്തമായുള്ളത്.
പുതിയ റാങ്കിങ് പട്ടികയിൽ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴ്ന്ന് മൂന്നാമതെത്തി, പട്ടികയിലുള്ള മറ്റൊരു ഇൻഡ്യൻ താരമായ രവിചന്ദ്രൻ അശ്വിൻ നാലാം സ്ഥാനത്തുണ്ട്.
ബൗളിങ് റാങ്കിങിൽ ഇരുടീമുകളുടെയും താരങ്ങൾ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സിറാജ്, ഇംഗ്ലണ്ടിന്റെ ആൻഡേഴ്സൺ, വുഡ് എന്നിവരാണ് പുതിയ പട്ടികയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. അതേസമയം ബുംറയ്ക്ക് റാങ്കിങ് താഴേക്ക് പോവുകയാണ് ചെയ്തത്. ലോഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ജയത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പേസർമാരിൽ ഒരാളായ മുഹമ്മദ് സിറാജ് റാങ്കിങ്ങിൽ 18 സ്ഥാനങ്ങള്‍ മുന്നേറിയാണ് 38ാം സ്ഥാനത്തെത്തിയത്. ലോഡ്സ് ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ജസ്പ്രീത് ബുംറയ്ക്ക് ഒരു സ്ഥാനം നഷ്ടമായി പത്താം സ്ഥാനത്തേക്ക് ഇറങ്ങി. ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന താരം ജെയിംസ് ആന്ഡേഴ്സണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേക്ക് കയറി. ലോഡ്സ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ നേടിയ അഞ്ച് വിക്കറ്റുകളാണ് ആൻഡേഴ്സന്റെ റാങ്കിങ് മെച്ചപ്പെടുത്തിയത്. ആൻഡേഴ്സന്റെ സഹ ബൗളറായ മാര്‍ക്ക് വുഡ് 37-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ മൂന്നാം ടെസ്റ്റ് 25ന് ലീഡ്സിൽ വെച്ച് നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.