• HOME
  • »
  • NEWS
  • »
  • sports
  • »
  • IND SL BHUVANESHWAR SHINES WITH FOUR WICKETS INDIA BEGIN T20 SERIES WITH A WIN

IND vs SL|നാല് വിക്കറ്റുമായി ലങ്കൻ നിരയെ തകർത്ത് ഭുവി; ടി20യിലും ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഇന്ത്യ മുന്നോട്ട് വെച്ച 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ 18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാറാണ് ശ്രീലങ്കയെ തകർത്ത് വിട്ടത്

Credits: Twitter| BCCI

Credits: Twitter| BCCI

  • Share this:
    ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് 38റൺസിന്റെ ജയം. ശ്രീലങ്കൻ ബാറ്റ്‌സ്മാൻമാരെ എളുപ്പത്തിൽ റൺ നേടാൻ അനുവദിക്കാതെ മികച്ച പ്രകടനം നടത്തിയ ബൗളർമാരുടെ ബലത്തിലാണ് ഇന്ത്യ ലങ്കയ്ക്ക് മേൽ ജയം നേടിയത്. ഇന്ത്യ മുന്നോട്ട് വെച്ച 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവർ 18.3 ഓവറിൽ 126 റൺസിന് എല്ലാവരും പുറത്തായി.

    ശ്രീലങ്കൻ നിരയിൽ 23 പന്തിൽ 44 റൺസെടുത്ത അസലങ്കയാണ് ടോപ് സ്‌കോറർ. മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാറാണ് ശ്രീലങ്കയെ തകർത്ത് വിട്ടത്. മത്സരത്തിൽ അർധസെഞ്ചുറി നേടി മികച്ച പ്രകടനം തുടർന്ന ഇന്ത്യയുടെ സൂര്യകുമാർ യാദവാണ് മാൻ ഓഫ് ദി മാച്ച്.

    മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണർമാർ മികച്ച രീതിയിലാണ് തുടങ്ങിയത്. ഒരു റണ്ണെടുത്ത് നിൽക്കെ ശ്രീലങ്കൻ താരമായ മിനോദ് ഭനുക നൽകിയ ക്യാച്ച് ഹാർദിക്‌ പാണ്ഡ്യ വിട്ടുകളയുകയും ചെയ്തു.

    എന്നാൽ ഇത് പൂർണമായും മുതലെടുക്കാൻ ശ്രീലങ്കൻ താരത്തിന് കഴിഞ്ഞില്ല. ഹാർദിക്‌ കൈവിട്ട് കളഞ്ഞ ക്യാച്ചിന് പരിഹാരം മൂന്നാം ഓവറിൽ ഹാർദിക്കിന്റെ സഹോദരനായ ക്രുനാൽ കണ്ടു. താരം എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച ഭനുകയെ മിഡ്ഓഫിൽ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ചു.

    എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ധനഞ്ജയ ഡി സിൽവയും അവിഷ്‌ക ഫെർണാണ്ടോയും ചേർന്ന് പിന്നീടുള്ള പവർപ്ലെ ഓവറുകളിൽ നിന്ന് 23 റൺസ് കൂടി നേടി മുന്നോട്ട് കുത്തിക്കുമ്പോഴാണ് ഏഴാം ഓവറിൽ യുസ്വേന്ദ്ര ചാഹലിന്റെ മനോഹരമായ പന്തിൽ സിൽവ പുറത്തായത്. ചാഹലിന്റെ പന്തിനെ ക്രീസിലേക്ക് ഇറങ്ങി കളിക്കാൻ ശ്രമിച്ച താരത്തിന് പാളി. പന്തിലേക്ക് ബാറ്റ് വീശിയ താരത്തെ മറികടന്ന് പന്ത് കുട്ടിയിളക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ ഫെർണാണ്ടോയെ സഞ്ജു സാംസണിന്റെ കൈകളിൽ എത്തിച്ച് ഇന്ത്യക്ക് മുൻ‌തൂക്കം നൽകി.

    എന്നാൽ ഏകദിന പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച അസലങ്ക ലങ്കൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. മികച്ച രീതിയിൽ മുന്നേറിയ അസലങ്കയ്ക്ക് പിന്തുണ നൽകി അഷെൻ ഭണ്ടാര നിന്നെങ്കിലും സ്കോറിങ് റേറ്റ് കമ്മി ആയിരുന്നു. നാലാം വിക്കറ്റിൽ 40 റൺസ് ചേർത്ത സഖ്യത്തെ വേർപിരിച്ചത് ഹാർദിക് പാണ്ഡ്യ ആയിരുന്നു. 13ആം ഓവറിൽ ഹാർദിക് എറിഞ്ഞ പന്ത് ഭണ്ടാരയുടെ കുറ്റിയിളക്കി.

    ഇതിന് ശേഷം തകർത്തടിക്കാൻ തുടങ്ങിയ അസലങ്കയെ പുറത്താക്കി ഇന്ത്യക്ക് മത്സരത്തിൽ വീണ്ടും നിർണായക ബ്രേക്ക്ത്രൂ നൽകിയത് ചാഹർ ആയിരുന്നു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ അർധസെഞ്ചുറിക്ക് ആറ് റൺസകലെ പൃഥ്വി ഷായ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു താരം. 26 പന്തിൽ മൂന്ന് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

    അസലങ്ക പുറത്തായതോടെ തോൽവി ഉറപ്പിച്ച ലങ്കൻ നിരയുടെ ബാക്കി അഞ്ച് വിക്കറ്റുകൾ 15 റൺസിനിടെ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരം വേഗം തീർത്തു. ഇന്ത്യക്കായി ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ നാലും ദീപക് ചാഹർ രണ്ട് വിക്കറ്റും വീഴ്ത്തി.

    നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാർ യാദവ് (50) ശിഖർ ധവാൻ (46) സഞ്ജു സാംസൺ (27) ഇഷാൻ കിഷൻ എന്നിവരുടെ പ്രകടനമാണ് 164 റൺസ് എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. വാനിന്ദു ഹസരങ്ക, ദുഷ്മന്ത ചമീര എന്നിവർ ശ്രീലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി ടി20യിൽ പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി എന്നിവർ അരങ്ങേറി.  പൃഥ്വി ഷാ പക്ഷെ ഗോൾഡൻ ഡക്കായാണ് പുറത്തായത്.
    Published by:Naveen
    First published:
    )}