ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരമായ മൂന്നാം ടി20യില്‍ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് അരങ്ങേറ്റത്തിന് വഴി തെളിയുന്നു. ഇന്നലെ നടന്ന രണ്ടാം ടി20യില്‍ ഫീൽഡിങ്ങിനിടെ വീണ് തോളിന് പരുക്കേറ്റ നവ്ദീപ് സെയ്നിക്ക് ഇന്ന് കളിക്കാൻ കഴിയില്ല എങ്കിൽ പകരം സന്ദീപ് കളിച്ചേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളർ എന്ന നിലയിലാണ് ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടതെങ്കിലും പിന്നീട് ടീമിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ താരമാണ് സന്ദീപ് വാര്യര്‍. എന്നാല്‍ നാല് മത്സരങ്ങളിൽ മാത്രമാണ് സന്ദീപ് ഇതുവരെ കൊൽക്കത്തയ്ക്ക് വേണ്ടി ഇറങ്ങിയിട്ടുള്ളത്. കേരളത്തിന്റെ രഞ്ജി ട്രോഫി താരമായിരുന്ന സന്ദീപ് ഈ വര്‍ഷം മുതല്‍ തമിഴ്നാടിന് വേണ്ടി കളിക്കുകയായിരുന്നു.
സെയ്നിക്ക് പകരം സന്ദീപിന് നറുക്ക് വീഴുകയാണെങ്കിൽ ഇന്ത്യൻ നിരയിൽ ഇന്നത്തെ മത്സരത്തിൽ മൂന്ന് മലയാളികൾ ഒരുമിച്ച് കളിച്ചേക്കും. സന്ദീപിന് പുറമെ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് മറ്റു രണ്ടു പേർ. ഇതിൽ ദേവ്ദത്ത് പടിക്കൽ ഇന്നലെ നടന്ന മത്സരത്തിലാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20 തലത്തിൽ അരങ്ങേറിയത്.
Also read- Tokyo Olympics| ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ; ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ 3-1ന് തകർത്തു
അതേസമയം, സെയ്നിക്ക് കളിക്കാൻ കഴിയാതെ വന്നാൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്നവരില്‍ സന്ദീപ് വാര്യര്‍ക്കൊപ്പം മറ്റൊരു പേസറായ അര്‍ഷ്ദീപ് സിങ്ങുമുണ്ട്. ഒരു ഇടം കയ്യൻ ബൗളറെ പരീക്ഷിക്കാനാണ് തീരുമാനമെങ്കിൽ സന്ദീപിന് പകരം അര്‍ഷ്ദീപ് സിങ്ങിന് നറുക്ക് വീഴും. ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാൽ അര്ഷ്ദീപിനായിരിക്കും സാധ്യത. എന്നാൽ ഇന്ത്യൻ എ ടീമിലെ സ്ഥിരസാന്നിധ്യമായ സന്ദീപ് വാര്യർ തന്നെ അരങ്ങേറിയേക്കും എന്നാണ് ലഭിക്കുന്ന സൂചനകൾ.
ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന രണ്ടാം ടി20യില്‍ എക്സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് സെയ്നിയുടെ തോളിന് പരുക്കേറ്റത്. ഇന്നലത്തെ കളിയില്‍ താരം ഓരോവർ പോലും അറിഞ്ഞിരുന്നില്ല. താരത്തിന്റെ പരുക്ക് എത്രത്തോളമുണ്ടെന്ന് ബിസിസിഐയുടെ മെഡിക്കൽ സംഘം വിലയിരുത്തുന്നുണ്ട്.
Also read- Tokyo Olympics| സിന്ധുവിന് തകർപ്പൻ ജയം; പ്രതീക്ഷകൾ ഉയർത്തി ക്വാർട്ടറിലേക്ക്
അതേസമയം ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം വിജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ഇന്ന് നടക്കാൻ പോകുന്ന മത്സരം ഇതോടെ നിർണായകമായിരിക്കുകയാണ്. ഏകദിന പരമ്പരയ്ക്ക് പുറമെ ടി20 പാരമ്പര്യത്തെ ഇന്ത്യ ലക്ഷ്യം വെക്കുമ്പോൾ മറുവശത്ത് ഏകദിന പരമ്പര അടിയറവ് വെച്ചതിന്റെ ക്ഷീണം ടി20 പരമ്പര നേടി മറികടക്കാനാണ് ലങ്കൻ ടീം ശ്രമിക്കുന്നത്. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുന്നത്. സോണി ചാനലുകളിൽ മത്സരം തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.