നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SL| 43.1 ഓവറിൽ കൂടാരം കയറി ഇന്ത്യൻ സംഘം; ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം

  IND vs SL| 43.1 ഓവറിൽ കൂടാരം കയറി ഇന്ത്യൻ സംഘം; ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം

  ശ്രീലങ്കൻ സ്പിന്നർമാരായ ജയവിക്രമയും അകില ധനഞ്ജയയുമാണ് ഇന്ത്യൻ നിരയുടെ നടുവൊടിച്ചത്.

  Sri Lankan players

  Sri Lankan players

  • Share this:
   മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ 43.1 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മഴ കളി തടസ്സപ്പെടുത്തുന്നതിന് മുൻപ് വരെ മികച്ച രീതിയിൽ മുന്നേറിയ ഇന്ത്യ പക്ഷെ മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ ശ്രീലങ്കൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

   49 റൺസ് നേടിയ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. പൃഥ്വി ഷായ്‌ക്കൊപ്പം അരങ്ങേറ്റ മത്സരം കളിച്ച സഞ്ജുവും (46) മധ്യനിരയിൽ സൂര്യകുമാർ യാദവിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞത്. ശ്രീലങ്കൻ സ്പിന്നർമാരായ ജയവിക്രമയും അകില ധനഞ്ജയയുമാണ് ഇന്ത്യൻ നിരയുടെ നടുവൊടിച്ചത്.

   ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. തുടരെ ബൗണ്ടറികൾ നേടി മിന്നുന്ന തുടക്കം സമ്മാനിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാനെ മൂന്നാം ഓവറിൽ ദുഷ്മന്ത ചമീരയുടെ പന്തിൽ കീപ്പറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പക്ഷെ പിന്നീട് പൃഥ്വി ഷായ്‌ക്കൊപ്പം ക്രീസിൽ ഒത്തുചേർന്ന അരങ്ങേറ്റ താരം സഞ്ജു സാംസൺ ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു. കരുതലോടെ തുടങ്ങിയ സഞ്ജു താളം കണ്ടെത്തിയതിന് ശേഷമാണ് കളിയുടെ ഗിയർ മാറ്റിയത്. മറുവശത്ത് ആക്രമിച്ച് കളിച്ച പൃഥ്വി ഷാ തനിക്ക് അർഹമായ അർധസെഞ്ചുറിക്ക് ഒരു റൺ അകലെ ശ്രീലങ്കൻ ക്യാപ്റ്റനായ ഷനകയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് താരം പുറത്തായത്. 49 പന്തിൽ നിന്നും 49 റൺസാണ് പൃഥ്വി ഷാ നേടിയത്.

   അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും അർധസെഞ്ചുറിക്ക് തൊട്ടടുത്ത് വീഴാനായിരുന്നു സഞ്ജുവിന്റെയും വിധി. 46 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സുമടക്കം 46 റൺസ് നേടിയ സഞ്ജുവിനെ ജയവിക്രമയാണ് പുറത്താക്കിയത്. ബൗണ്ടറിയിലൂടെ അർധസെഞ്ചുറി നേട്ടം പൂർത്തിയാക്കാൻ ശ്രമിച്ച സഞ്ജുവിന്റെ ഷോട്ട് അവിഷ്ക ഫെർണാണ്ടോ കയ്യിൽ ഒതുക്കുകയായിരുന്നു. സഞ്ജു പുറത്തായതിന് ശേഷം ക്രീസിൽ ഒന്നിച്ച സൂര്യകുമാർ യാദവും മനീഷ് പാണ്ഡെയും വളരെ ശ്രദ്ധയോടെയാണ് കളിച്ചത്.

   പിന്നീടാണ് കളിയിൽ രസംകൊല്ലിയായി മഴ എത്തിയത്. 23ആം ഓവറിൽ മഴ കളി മുടക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 147 റൺസ് എന്ന നിലയിലായിരുന്നു. ഇതിനിടയിൽ ശക്തമായ ഒരു എൽബി അപ്പീൽ സൂര്യകുമാർ അതിജീവിക്കുകയും ചെയ്തിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ചത് മുതൽ ഇന്ത്യയുടെ വഴിക്കായിരുന്നില്ല കാര്യങ്ങൾ നീങ്ങിയത്. ആദ്യം മനീഷ് പാണ്ഡെയാണ് മടങ്ങിയത്. 19 പന്തില്‍ 11 റണ്‍സായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയും കാര്യമായി സംഭാവന നൽകാതെ മടങ്ങി. 17 പന്തില്‍ 19 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ശ്രീലങ്കൻ സ്പിന്നറായ പ്രവീൺ ജയവിക്രമയാണ് ഇരുവരെയും പുറത്താക്കിയത്.

   മറുവശത്ത് മികച്ച രീതിയിൽ മുന്നേറുകയായിരുന്ന സൂര്യകുമാർ യാദവും വൈകാതെ മടങ്ങി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തില്‍ ഏഴ് ഫോറുകൾ സഹിതം 40 റണ്‍സാണ് താരം നേടിയത്. പിന്നാലെ വന്ന അരങ്ങേറ്റക്കാരായ നിതീഷ് റാണയ്ക്കും കൃഷ്ണപ്പ ഗൗതമിനും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വാലറ്റത്ത് സെയ്നിയും രാഹുൽ ചാഹറും കൂടി ചെറിയ ചെറുത്ത്നിൽപ്പ് നടത്തിയെങ്കിലും വൈകാതെ അവരും പുറത്തായി.

   ശ്രീലങ്കയ്ക്ക് വേണ്ടി ബൗളിങ്ങിൽ അകില ധനഞ്ജയയും പ്രവീൺ ജയവിക്രമയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ദുഷ്മന്ത ചമീര രണ്ട് വിക്കറ്റും കരുണരത്‌നെയും ക്യാപ്റ്റൻ ഷനകയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
   Published by:Naveen
   First published: