നാഗ്പുർ: രവീന്ദ്ര ജഡേജയുടെയും ആർ അശ്വിന്‍റെയും സ്പിൻ മാജിക്കിന് മുന്നിൽ തകർന്നടിഞ്ഞ് ഓസ്ട്രേലിയ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 177 റൺസിന് പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. 49 റൺസെടുത്ത മാർനസ് ലാബുഷാഗ്നെയാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് 37 റൺസും അലക്സ് കാറി 36 റൺസും നേടി.
നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും ഓരോ റൺസ് വീതമെടുത്ത് പുറത്തായി. വാർണറെ ഷമിയും ഖവാജയെും സിറാജുമാണ് പുറത്താക്കിയത്.
തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ലാബുഷാഗ്നെയും സ്മിത്തും ചേർന്ന് ഓസ്ട്രേലിയയെ കരകയറ്റുകയാണെന്ന് തോന്നിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ലാബുഷാഗ്നെയെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് സമ്മാനിച്ചു. അധികം വൈകാതെ മാറ്റ് റെൻഷായെയും(0) സ്മിത്തിനെയും ജഡേജ പുറത്താക്കി. ഇതോടെ ഓസ്ട്രേലിയ അഞ്ചിന് 109 റൺസ് എന്ന നിലയിലേക്ക് എത്തി.
എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന കാറിയും പീറ്റർ ഹാൻഡ്സ്കോംബും ചേർന്ന് ഓസ്ട്രേലിയയെ വലിയ തകർച്ചയിൽനിന്ന് കരകയറ്റാൻ ശ്രമിച്ചു. സ്കോർ 162ൽനിൽക്കെ കാറി മടങ്ങിയതോടെ ഓസ്ട്രേലിയയുടെ പ്രതിരോധം ദുർബലായി. അധികം വൈകാതെ അവരുടെ ഇന്നിംഗ്സ് 177 റൺസിൽ അവസാനിച്ചു.
ഇന്ത്യയ്ക്കുവേണ്ടി സൂര്യകുമാർ യാദവ്, ശ്രീകർ ഭരത് എന്നിവർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ഏറെക്കാലം പരിക്ക് മൂലം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന രവീന്ദ്ര ജഡേജയുടെ ഉജ്ജ്വല തിരിച്ചുവരവാണ് ആദ്യ ദിവസത്തിലെ പ്രധാന സവിശേഷത. 22 ഓവർ എറിഞ്ഞ ജഡേജ എട്ട് മെയ്ഡൻ ഉൾപ്പടെ 47 റൺസ് മാത്രം വിട്ടുനൽകിയാണ് 5 വിക്കറ്റുകൾ നേടിയത്. ഓസ്ട്രേലിയയുടെ മുൻനിര ബാറ്റർമാരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.